നികത്തിയ നിലത്ത് 1300 ചതുരശ്രയടി വീട് വെക്കാം ; നെൽവയൽ സംരക്ഷണ ഭേദഗതിക്ക് ചട്ടങ്ങളായി




നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പുതിയ ചട്ടങ്ങൾ തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയുടെ അടിസ്ഥാനത്തിൽ 10 സെന്റിൽ 1300 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളും അഞ്ച് സെന്റിൽ 400  ചതുരശ്രയടി വിസ്തീർണമുള്ള കടമുറികളും നിർമ്മിക്കാം. 10 സെന്റിൽ കൂടുതൽ വിസ്തീർണ്ണമുള്ള സ്ഥലത്ത് ആർ.ഡി.ഒയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ 10 സെന്റിൽ 1300 ചതുരശ്രയടി വിസ്തീർണമുള്ള വീട് വെക്കാം, മൊത്തം സ്ഥലത്തിന്റെ പത്ത് ശതമാനം ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കണം, കൃഷിനാശമുണ്ടാകരുത്, നീരൊഴുക്ക് തടയരുത് എന്നീ നിബന്ധനകളുമുണ്ട്. 50 സെന്റിന് മുകളിൽ നിലം നികത്തിയവർക്ക് സ്ഥലത്തിന്റെ ന്യയായവിലയുടെ പത്ത് ശതമാനം പഞ്ചായത്തിലും, കോർപ്പറെഷൻ ആണെങ്കിൽ 30 ശതമാനവും, മുനിസിപ്പാലിറ്റി ആണെങ്കിൽ 20 ശതമാനവും അടച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്താം. 

 

 

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസരിച്ചുള്ള ചട്ടങ്ങളുടെ കരടാണ് ഇപ്പോൾ തയാറാക്കിയത്. നികത്തിയ നിലം നിയമവിധേയമാക്കിയതിനുള്ള ചട്ടങ്ങളും ഇതിലുണ്ട്.കരടിന് നിയമവകുപ്പിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കും. 2008 ന് മുൻപ് നിലം നികത്തിയവർക്കാണ് ആനുകൂല്യം നൽകുന്നത്. നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികൾ നിലം നികത്തലിന് അനുകൂലമായിട്ടുള്ളതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. നികത്തിയ നിലങ്ങളിൽ യഥേഷ്ടം വമ്പൻ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് പുതിയ ചട്ടങ്ങളിലൂടെ കളമൊരുങ്ങുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment