കയ്യടിക്കാം; സൗദി നിർമ്മിക്കുന്ന കാര്‍ബണ്‍ രഹിത നഗരത്തിന്




സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയായ നിയോമില്‍ നിര്‍മിക്കാനൊരുങ്ങുന്നത് കാര്‍ബണ്‍ രഹിത നഗരം. പത്ത് ലക്ഷം പേര്‍ക്ക് താമസിക്കാവുന്ന നിയോമില്‍ കാര്‍ബണ്‍ രഹിത വാഹന സൗകര്യങ്ങള്‍ മാത്രമാകും ഉണ്ടാവുക. പടിഞ്ഞാറന്‍ സൗദിയില്‍ തബൂക്കിനടുത്താണ് നിയോം എന്ന പേരിലുള്ള സ്വപ്ന പദ്ധതി. ഇതിനകത്താണ് ദി ലൈന്‍ എന്ന പേരിലുള്ള കാര്‍ബണ്‍ രഹിത പട്ടണമൊരുക്കുന്നത്. പത്ത് ലക്ഷം പേര്‍ക്ക് താമസ സൗകര്യം. കാറുകളോ സാധാരണ തെരുവുകളോ ഉണ്ടാകില്ല. പകരം കൂടുതല്‍ മരങ്ങള്‍ നട്ടും ആധുനിക സാങ്കേതിക വിദ്യയില്‍ പരിസ്ഥിതിക്ക് കോട്ടമില്ലാതെയും നഗരമൊരുക്കും..


കാറും ബഹളവും ഒഴിഞ്ഞ കാര്‍ബണ്‍ രഹിത നഗരം. പദ്ധതി നടപ്പായാല്‍ സൗദിയുടെ പേരില്‍ മറ്റൊരു ചരിത്രം കൂടി രേഖപ്പെടുത്തപ്പെടും. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അവിടെ കാര്‍ബണ്‍ രഹിത നഗരം പണിയുന്നു എന്ന പ്രഖ്യാപനം ലോക രാജ്യങ്ങള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.


സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, അതിവേഗ പൊതുഗതാഗത ശൃംഖല എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധതി. ഈ നഗരത്തില്‍ ഏത് ഭാഗത്തേക്കും എത്തിപ്പെടാന്‍ 20 മിനുട്ടില്‍ കൂടുതല്‍ വേണ്ടി വരില്ല. നിര്‍മിത ബുദ്ധി ഈ നഗരത്തില്‍ പ്രധാനമായിരിക്കും. ഈ വര്‍ഷം പദ്ധതി നിര്‍മാണം ആരംഭിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് പണം നല്‍കുക. 2030 ആകുമ്പോള്‍ സൗദിയുടെ ജിഡിപിയിലേക്ക് 18000 കോടി റിയാല്‍ നിയോം പദ്ധതി വഴി ലഭിക്കുമെന്നാണ് കരുതുന്നത്. 380000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണയെ കൂടാതെ കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് സൗദി അറേബ്യ.


നിയോമിലെ 95 ശതമാനം പ്രകൃതിയെയും സംരക്ഷിക്കുന്ന ഈ നഗര പദ്ധതി പ്രകൃതിയോടൊപ്പം ജീവിക്കാന്‍ കഴിയുന്നതും സന്തുലിതാവസ്ഥ ഉറപ്പുനല്‍കുന്നതുമായിരിക്കും. ശബ്​ദമോ മലിനീകരണമോ ഇല്ലാത്ത പരിസ്ഥിതിയായിരിക്കും. വാഹനങ്ങളില്‍ നിന്നും അതുണ്ടാക്കുന്ന പരിസ്​ഥിതി മലിനീകരണത്തില്‍ നിന്നും ജനതിരക്കുകളില്‍ നിന്നും മുക്തമായിരിക്കും.


തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി മലിനീകരണം, നഗര ജനസംഖ്യ വര്‍ധനവ്​ പോലുള്ള മനുഷ്യരാശിയുടെ പു​രോഗതിയെ തടസ്സപ്പെടുത്തുന്ന നഗരവത്​കരണ വെല്ലുവിളികളെ ചെറുക്കുന്നതാവും ഈ നഗരം. രാജ്യത്തി​ന്റെ സമഗ്ര സാമൂഹിക സാമ്പത്തിക സാംസ്​കാരിക പരിവര്‍ത്തന വികസന കാഴ്​ചപ്പാടായ 'വിഷന്‍ 2030'ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്​കരിക്കുന്നതായിരിക്കും നഗര പദ്ധതി.


2050 ആകുമ്പോഴേക്കും പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും. വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ പുറംതള്ളലും സമുദ്ര ജലം ഉയരലും കാരണം ശതകോടി ജനങ്ങള്‍ പട്ടണം വിടുമെന്നും കിരീടാവകാശി മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇടുങ്ങിയ ഇടങ്ങളില്‍ ആളുകളെ സംരക്ഷിക്കുന്നതിനാണ്​ നഗരങ്ങള്‍ നിര്‍മിച്ചത്​. വ്യാവസായിക വിപ്ലവത്തിന്​ ശേഷം നഗരങ്ങളില്‍ കാറുകളും ഫാക്​ടറികളും മനുഷ്യരാശിക്ക്​ മുൻപിൽ സ്ഥാപിതമായി. വികസനത്തിനായി പ്രകൃതിയെ ത്യജിക്കുകയാണ്​. മലിനീകരണം മൂലം പ്രതിവര്‍ഷം ഏഴ്​ ദശലക്ഷം ആളുകള്‍ മരിക്കുന്നു. വാഹനാപകട മരണത്തില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ആളുകള്‍ നമുക്ക്​ നഷ്​ടപ്പെടുകയാണ്​. ഇതെല്ലാം എന്തുകൊണ്ടാണെന്നും കിരീടാവകാശി ചോദിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment