ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരം കേരളത്തിൽ 




ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന സൽപ്പേര് നിലനിർത്തി പത്തനംതിട്ട. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് അനുസരിച്ചാണിത്. അസമിലെ തെസ്‌പൂരിലാണ് രാജ്യത്തെ തന്നെ ഏറ്റവും നല്ല ശുദ്ധവായു കിട്ടുക. അത് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് പതനതിട്ട.


ഒരു ഘനമീറ്റർ വായുവിൽ അടങ്ങിയിരിക്കുന്ന 10 മൈക്രോൺ വലിപ്പമുള്ള പൊടിയുടെ അളവാണ് ശുദ്ധവായുവിന്റെ ഗുണനിലവാര ഏകകമായി കണക്കാക്കുന്നത്. ഒരു ഘനമീറ്ററിൽ പരമാവധി 100 മൈക്രോഗ്രാം വരെ അനുവദനീയമായ അളവാണ്. പത്തനംതിട്ടയിൽ ഇത് 35–40 മൈക്രോഗ്രാം മാത്രമാണ്.


ഡൽഹിയിലും മറ്റും ഇത് സാധാരണ ദിവസങ്ങളിൽ പോലും 150 മൈക്രോഗ്രാമിനു മുകളിലാണ്. ശൈത്യകാലത്ത് ഇത് 400 മൈക്രോഗ്രാം വരെ ഉയരും. ഹൈ വോള്യം സാമ്പിളർ എന്ന ഉപകരണം 24 മണിക്കൂറും ഉപയോഗിച്ചാണ് ഇത് അളക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലാണ് ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്.


ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒരംശത്തിനെയാണ് ഒരു മൈക്രോൺ എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. വാഹനപ്പുകയിലും ഈർപ്പത്തിലും കരിയിലയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിലും മറ്റുമാണ് ഇത്രയും ചെറിയ പൊടിയുടെ അംശം അടങ്ങിയിരിക്കുന്നത്. ഇവ നേരിട്ട് ശ്വാസനാളത്തിലൂടെ രക്തത്തിലേക്കു കയറി ഹൃദ്രോഗവും മറ്റും വരാൻ ഇടയാക്കുന്നു എന്നതാണ് വായുമലിനീകരണത്തെ ആരോഗ്യ പ്രശ്നമായി കാണാൻ ലോകാരോഗ്യ സംഘടനയെയും മറ്റും പ്രേരിപ്പിക്കുന്നത്.


വായു മലിനീകരണം പെരുകിയാൽ കുട്ടികൾക്ക് ആസ്മ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്. വായുവിൽ ഏകദേശം 20.95 ശതമാനം ഓക്സിജനും 78.09 ശതമാനം നൈട്രജനും 0.03 ശതമാനം കാർബൺ ഡൈ ഓക്സൈഡുമാണുള്ളത്. വായു മലിനീകരണത്തിന് എതിരെയാണ് ഇത്തവണത്തെ ലോക പരിസ്ഥതി ദിന ക്യാമ്പയിൻ നടക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്ന് ഒരു പ്രദേശമെങ്കിലും ശുദ്ധവായു പട്ടികയിൽ വന്നത് ആശ്വാസകരമാണ്. അതേസമയം, കൊച്ചി, തിരുവനന്തപുരം, തൃശൂർ പോലുള്ള നഗരപ്രദേശങ്ങളിൽ വായു മലിനീകരണം വർധിച്ച് വരികയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment