വ്യാജ രേഖ ചമച്ച് ശോഭ സിറ്റിയുടെ തൃശൂർ പുഴക്കൽ പാടം നികത്തൽ




 വ്യാജ രേഖയുണ്ടാക്കി നിലം നികത്തി നിർമ്മിച്ച തൃശ്ശൂരിലെ ശോഭാ സിറ്റി പൊളിച്ചു നീക്കണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിദ്യാ സംഗീത് ആവർത്തിച്ചു. നെൽവയൽ തണ്ണീർത്തട നിയമ ലംഘനത്തിനെതിരെ സർക്കാർ കേസെടുക്കണമെന്നും 2016 ലെ സംസ്ഥാന ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കണ മെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ശോഭ ഗ്രൂപ്പ് നികത്തിയ19 ഏക്കർ നിലം പൂർവ്വ സ്ഥിതിയിലാക്കാൻ 2016 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനെ ചോദ്യം ചെയ്ത് ശോഭ ഗ്രൂപ്പ് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെ ഹാജരാക്കിയ ഉത്തരവുകളാണ് വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്.


മധ്യ മേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ കുറ്റൂർ വില്ലേജ് ഓഫീസ് മുതൽ തൃശ്ശൂർ ആർ ഡി ഒ ഓഫീസിലെ വരെ രേഖകളും രജിസ്റ്ററുകളും നികത്തിയ ഭൂമിയു മെല്ലാം പരിശോധിച്ചു.രേഖകൾ എല്ലാം കളവായി ചമച്ചത് ആണെന്ന് തെളിവു സഹിതം കണ്ടെത്തി, റിപ്പോർട്ട് സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പി ക്കുകയും ചെയ്തു. റിപ്പോർട്ട് ബോധ്യപ്പെട്ട കമ്മീഷണർ വ്യാജ ഉത്തരവ് നിർമ്മിച്ചവർ ക്കെതിരെ ക്രിമിനൽ കേസ്സെടുക്കാൻ ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കളക്ടർ നിര്‍ദ്ദേശം ആർഡിഒവിനു കൈമാറിയിരിക്കുകയാണ്.


പൊരുതി നേടിയ വിജയമെന്ന് അഡ്വ. വിദ്യാ സംഗീത് പറയുന്നു


''അവമതിപ്പോടെ എനിക്കെതിരെ കമന്റ് ചെയ്യുന്ന സിപിഎം നേതാവ് ബിനോയ് സി ഡി യെ പോലുള്ള കുറച്ചുപേരെങ്കിലും അറിയണം ഈ കേസ് മുന്നോട്ട് കൊണ്ടു പോയതിന് ഞാൻ കൊടുക്കേണ്ടി വന്ന വില, അതിനു പിന്നിൽ ആരും കാണാത്ത ഒരു പാട് കണ്ണീരുണ്ട്, സംഘർഷങ്ങൾ ഉണ്ട്, എനിക്ക് നേരെ ആക്രമണം വന്നിട്ടുണ്ട്, ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ട് കോടതികളുടെ വരാന്തകളിൽ പച്ച വെള്ളം കുടിക്കാതെ തളർന്നിരുന്നിട്ടുണ്ട്. എനിക്ക് നോട്ടീസ് പോലും തരാതെ പത്ര ദൃശ്യ ഇലക്ട്രോണിക് മാധ്യമങ്ങളിൽ വാർത്ത നൽകുന്നത് തടയാൻ അശോക് ഭൂഷൻ സർ നാട്ടിൽ പോയ തക്കത്തിന് കേസ് തോട്ടത്തിൽ രാധാകൃഷ്ണൻ ജഡ്ജിന്റെ ബെഞ്ചിൽ വരുത്തി കേസ് കേട്ടിട്ടുണ്ട്, ഹർജിക്കാരിയായ എന്നെ കേൾക്കുക പോലും ചെയ്യാതെ ശോഭ മേനോന്റെ ഇന്ററിം ഹർജിയിലെ വരികൾ വായിച്ചു എനിക്കെതിരെ ഡിക്ടഷൻ കൊടുക്കുന്ന ഒരു ജഡ്ജിന്റെ സാഡിസ്റ്റ്‌ മനോഭാവം കണ്ട് കോടതിയിൽ ഉരുകി നിന്നിട്ടുണ്ട് അതൊക്കെയായിരുന്നു ശോഭ മേനോന്റെ പവർ.


എന്നെ കേൾക്കാതെ എനിക്കെതിരെ കോടതി മീഡിയ ബാൻ പുറപ്പെടുവിച്ചാൽ ഞാൻ കോടതിയിൽ സത്യാഗ്രഹം ഇരിക്കും. പൊതുജനം കാണട്ടെ. വീട്ടിലേക്കല്ല, ജയിലിലേക്കാണ് ഞാൻ പോകുന്നത് എന്നു കോടതിയുടെ തൊട്ടുമുന്നിൽ ചെന്നു പറഞ്ഞു അത് കോടതി ആണെന്നോ അങ്ങനെ പറയാൻ പടില്ലെന്നോ അപ്പോൾ ചിന്തിക്കാൻ വയ്യ. അങ്ങനെ അവസാനിച്ചു കൊണ്ട് ജീവിക്കാനും വയ്യ. കൊടുത്തു കൊണ്ടിരുന്ന ഡിക്ടഷൻ അതോടെ നിന്നു കേസ് ഫയൽ ജഡ്ജി താഴോട്ട് ഇട്ടു ഹൈക്കോടതിയിലെ എന്റെ സീനിയർ ഇപ്പോഴത്തെ സ്റ്റേറ്റ് അറ്റോര്ണിയുടെ ഭാര്യ എന്നെ പിടിച്ചു വലിച്ചു കോടതിക്ക് പുറത്തെത്തിച്ചു. നിനക്ക് ഭ്രാന്തായോ കോടതി എന്താണെന്ന് വെച്ച ചെയ്യട്ടെ നമുക്ക് അപ്പീലിൽ ചലഞ് ചെയ്യലോ എന്നു പറഞ്ഞിട്ട് കോടതി വരാന്തയിൽ വെച്ചു ഞാൻ നിസ്സഹായയായി പൊട്ടിക്കരഞ്ഞു. ആരൊക്കെയാണ് എനിക്കെതിരെ വരുന്നത് എങ്ങനെയാണ് ഞാൻ ഇത് പോലെ ഒറ്റപ്പെട്ട് പോകുന്നത് ഞാൻ പ്രതിയായ ഒരു കേസിലല്ല ഞാൻ കോടതി കയറിയത്. ജനപ്രതിനിധി എന്ന നിലയിൽ എന്നെ ജയിപ്പിച്ച ജനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതാണ്. അവരുടെ മണ്ണും വെള്ളവും വീടും സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച എന്നെ ആരും സഹായിക്കില്ലെന്നു അന്ന് ബോധ്യമായി. അതോടെ തീരുമാനിച്ചു എന്തു വന്നാലും ഇനി കരയില്ലെന്ന്.


മാധ്യമ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന ഒന്നാം നമ്പർ ചനലുകളോ പത്രങ്ങളോ ശോഭ സിറ്റി അനധികൃതമായി വയൽ നികത്തിയ വാർത്ത കൊടുത്തില്ല. പകരം കേസ് ഡിസ്‌പോസ് ചെയ്തപ്പോൾ ജില്ലാ കളക്ടർ ആയ ജയക്കെതിരെ ഞാൻ ആരോപണം ഉന്നയിച്ചതിന് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തപ്പോൾ കൂടെ ഒരു സ്റ്റോപ് മെമോ വെച്ചില്ല എന്ന കാരണം പറഞ്ഞു പൊതു പ്രവർത്തകർ പൊതു താൽപര്യ ഹർജികൾ കൊടുക്കുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും കൂടുതൽ ജാഗ്രത പുലർത്തണം എന്ന വിമര്ശന ത്തോടെ കേസ് ഡിസ്‌പോസ് ചെയ്ത ജസ്റ്റിസ് ഷഫീക്, അങ്ങറിഞ്ഞോ ശോഭ മേനോന് വയൽ നികത്തിയത് അങ്ങേര് തന്നെ സ്വന്തമായി ഉണ്ടാക്കിയ വ്യാജ രേഖ വെച്ചാണെന്ന് ? 


അന്ന് വൈകീട്ട് അഡ്വ. വിദ്യാ സംഗീത്നു ഹൈക്കോടതിയുടെ വിമർശനം എന്നു പറഞ്ഞു വാർത്ത കൊടുക്കാൻ വ്യഗ്രതപ്പെട്ട മനോരമയും മാതൃഭൂമിയും എന്തേ ഇപ്പൊ ശോഭ മേനോൻ വ്യാജ രേഖ ചമച്ചിട്ടാണ് പുഴക്കൽ പാടം നികത്തിയത് എന്ന വാർത്ത കൊടുക്കാതിരുന്നത് ? അപ്പോൾ മാധ്യമ സതന്ത്ര്യം ഒന്നുമല്ല നിങ്ങളുടെ വിഷയം, കോർപറേറ്റ് പ്രീണനം ആണ്. ഇന്നലെ പത്ര സമ്മേളനം നടത്തിയതും നിങ്ങൾ ഒന്നാം നിര മാധ്യമങ്ങൾ ആ വാർത്ത കൊടുക്കും എന്നു കരുതിയിട്ടൊന്നുമല്ല അതൊരു കടമ നാളെ നിങ്ങൾ പറയില്ലല്ലോ ഞങ്ങൾ ആ വാർത്ത അറിഞ്ഞില്ലല്ലോ എന്ന്‌. പോരാട്ടം ഒറ്റക്കായിരുന്നെങ്കിലും മുന്നോട്ടുള്ള ഊർജ്ജം നല്ല വാക്കു കൾ പറയുന്ന ഞാൻ അറിയുന്നവരും അറിയാത്തവരുമായ സമൂഹ മാധ്യമങ്ങളിലെ കുറെ നല്ല കൂട്ടുകാർ മാത്രമായിരുന്നു ഇപ്പോൾ ശോഭ സിറ്റി സമുച്ചയം അടക്കമുള്ള മൊത്തം നിലം നികത്തു ഭൂമി സർക്കാരിന്റെ അന്തിമ ഡാറ്റ ബാങ്കിൽ വന്നതോടെ എട്ടു വർഷത്തെ പോരാട്ടം തീരുന്നു. സർക്കാർ 2008 ഇൽ കൊണ്ടു വന്ന നിയമം, ഇനി അതേ നിയമം നടപ്പിലാക്കേണ്ടതും ഇതേ സർക്കാർ തന്നെ. നിയമം നടപ്പാക്കാതെ ഇനി ശോഭ മേനോനെ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവശേഷിക്കുന്ന മാർഗ്ഗം തണ്ണീർത്തട നിയമം റദ്ദ് ചെയ്യുക എന്നതാണ്. അങ്ങനെയും മേനോനെ സംരക്ഷിക്കാം. ആപ്പോ ബിനോയ് പറഞ്ഞു വന്നത് നീയല്ല നിന്നെക്കാൾ വലിയ ശോഭ മേനോൻ വന്നിട്ട് കൂസാക്കിയിട്ടില്ല അയാൾക്കു മുന്നിൽ മുട്ട് കുത്തിയിട്ടുമില്ല. പാർട്ടിയുടെ പേര് പറഞ്ഞു എന്നെ അടിച്ചൊതുക്കാൻ നോക്കണ്ട എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും ഇഷ്ടമുള്ളത് സമൂഹ മാധ്യമങ്ങളിൽ എഴുതും. നിങ്ങളെ പോലെ അസഭ്യമായി അല്ല, സഭ്യമായി. ഞാൻ നിങ്ങളുടെ ആരുടെയും അടിമയല്ല, കേട്ടല്ലോ. ആരുടെ പോസ്റ്റിനു ലൈക്ക് ചെയ്യണമെന്നും ആർക്ക് എന്ത് കമന്റ് ചെയ്യണമെന്നും ഞാൻ തീരുമാനിക്കും, അതെന്റെ സ്വാതന്ത്ര്യം. നിലപാടാണ് വലുത് വ്യക്തിത്വമാണ് വലുത് അടിമത്തം ശീലമില്ല.''


മരടിലെ പൊളിക്കൽ പോലെ നിയമങ്ങളെ കണ്ടില്ല എന്നു നടിച്ചും വെല്ലുവിളിച്ചും സംസ്ഥാനത്ത് ഉയർന്നു നിൽക്കുന്ന 12000 സമുച്ചയങ്ങൾ പൊളിനീക്കുവാൻ സർക്കാരിനു ബാധ്യതയുണ്ട്. അതിലെ ഒരാളായ ശോഭാ ഡവലപ്പേഴ്സിനെതിരായ പോരാട്ടം ലക്ഷ്യത്തിലെക്ക് അടുപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച അഡ്വ. വിദ്യാ സംഗീതിന് ഗ്രീൻ റിപ്പോർട്ടറിന്റെ അനുമോദനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment