പരിസ്ഥിതി ലോല മേഖലയെന്നത് മാധവ് ഗാഡ്ഗിലിന്റെ ഭാവനയല്ല എന്നു കൂടിയാണ് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചത് : സുനിൽ ഇളയിടം




കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുമ്പോൾ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒന്ന് പാരിസ്ഥിതിക ജാഗ്രതയും വിവേകവുമാണെന്ന്  എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ.പി.ഇളയിടം. " പാറമടയുള്ളതുകൊണ്ടാണോ കാടിനുള്ളിൽ ഉരുൾ പൊട്ടിയത് ?" എന്നും
" പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ല " എന്നുമൊക്കെയുള്ള വിവരക്കേടുകൾ ഇടതുപക്ഷ നിലപാടായി അവതരിപ്പിക്കുന്ന " ഇടതുപക്ഷ " എം.എൽ. എ. മാരിൽ നിന്ന് ഇടതുപക്ഷത്തിനും മോചനം നേടാനാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരിസ്ഥിതി ലോല മേഖലയെന്നത് മാധവ് ഗാഡ്ഗിലിന്റെ ഭാവനയല്ല എന്നു കൂടിയാണ് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചത് എന്നും സുനിൽ പി ഇളയിടം പറയുന്നു. 

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

 

കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുമ്പോൾ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒന്ന് പാരിസ്ഥിതിക ജാഗ്രതയും വിവേകവുമാണ്. മൂന്നു നാല് കാര്യങ്ങൾ ഇതിൽ പരമപ്രധാനമാണ്.

 

1. പശ്ചിമഘട്ട സംരക്ഷണം. പശ്ചിമഘട്ടത്തിലുടനീളം പാറമടകൾ തീർത്തും വനഭൂമി കയ്യേറിയുമുള്ള " വികസനം" ഇനിയെങ്കിലും അവസാനിപ്പിക്കാനാകണം. പരിസ്ഥിതി ലോല മേഖലയെന്നത് മാധവ് ഗാഡ്ഗിലിന്റെ ഭാവനയല്ല എന്നു കൂടിയാണ് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചത്.

 

2. തണ്ണീർത്തടങ്ങളുടെയും വയൽ നിലങ്ങളുടെയും പരിപാലനം. കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണിവ രണ്ടും . ഇതു മുഴുവൻ ഭൂമാഫിയകൾക് മണ്ണിട്ട് തൂർക്കാൻ വിട്ടു കൊടുത്ത "വികസന "പരിപ്രേക്ഷ്യം കൂടിയാണ് ഈ പ്രളയത്തെ ഇത്രമേൽ മാരകമാക്കിയത്.

 

3. പുഴകളുടെയും നീർച്ചാലുകളുടെയും സ്വാഭാവികമായ ഒഴുക്കുവഴികളുടെ സംരക്ഷണം. മഹാപ്രളയങ്ങൾ എപ്പോഴുമുണ്ടാകില്ല എന്നതിനർത്ഥം നദീതടങ്ങൾ കയ്യേറി കെട്ടിടം പണിയാം എന്നല്ല.

 

4. കുന്നിടിച്ചും പാറപൊട്ടിച്ചും മണലൂറ്റിയും അനിയന്ത്രതമായി നടക്കുന്ന പാർപ്പിട സമുച്ചയങ്ങളുടെയും ഫ്ലാറ്റ് - വില്ല നിർമ്മാണങ്ങളുടെയും നിയന്ത്രണം .കേരളത്തിന്റെ പാർപ്പിടാവശ്യവും ഇവിടെ നടക്കുന്ന പാർപ്പിടനിർമ്മാണവും തമ്മിൽ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനാവണം.

 

ഇത്തരം കാര്യങ്ങൾ കൂടി ഉറപ്പാക്കിയാലേ കേരളത്തിന്റെ പുനർനിർമ്മാണം എന്ന ആശയത്തിന് അർത്ഥമുണ്ടാവൂ. അതേക്കുറിച്ചുള്ള ആലോചനകൾ ഗൗരവപൂർവ്വം നടക്കേണ്ട വേദികളിൽ " പാറമടയുള്ളതുകൊണ്ടാണോ കാടിനുള്ളിൽ ഉരുൾ പൊട്ടിയത് ?" എന്നും" പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ല " എന്നുമൊക്കെയുള്ള വിവരക്കേടുകൾ ഇടതുപക്ഷ നിലപാടായി അവതരിപ്പിക്കുന്ന " ഇടതുപക്ഷ " എം.എൽ. എ. മാരിൽ നിന്ന് ഇടതുപക്ഷത്തിനും മോചനം നേടാനാകണം!

 

പഴയ ഒരു കുറിപ്പിൽ നിന്ന്:

" പ്രകൃതിയുടെ മേൽ മനുഷ്യർ നേടിയ വിജയങ്ങളെ ചൊല്ലി നമ്മൾ അതിരു കവിഞ്ഞ ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പക വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമതായി ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നതു ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്."

വികസനവിരുദ്ധനായ പരിസ്ഥിതി തീവ്രവാദിയൊന്നുമല്ല. 
പഴയൊരു താടിക്കാരനാണ്. 
പേര് ഫ്രെഡറിക് എംഗൽസ്.

" മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി " എന്ന് മറ്റൊരു താടിക്കാരനും പറഞ്ഞിട്ടുണ്ട് !!

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment