വികസനത്തിന്റെ പേരില്‍ തടാകങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കരുതെന്ന് സുപ്രീം കോടതി 




ന്യൂഡല്‍ഹി: വികസനത്തിന്റെ പേരില്‍ തടാകങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഡല്‍ഹിയോടു തൊട്ടുടുത്തു കിടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ വ്യവസായ വികസനത്തിനായി തടാകങ്ങള്‍ നികത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി എടുത്തത് സുപ്രീം കോടതി റദ്ദാക്കി. തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും അനിവാര്യമാണ്. അവ സംരക്ഷിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ പാലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 


തടാകങ്ങള്‍ നികത്തിയാല്‍ പരിസരത്തെ പച്ചപ്പ് ഇല്ലാതാകും. കുടിവെള്ളത്തിനായി മൂന്നു കിലോമീറ്റര്‍ ഗ്രാമവാസികള്‍ നടക്കണം. അത് ഒട്ടും പ്രായോഗികമല്ലെന്നു കോടതി പറഞ്ഞു. പകരം, ബദല്‍ തണ്ണീര്‍ത്തടങ്ങള്‍ സ്ഥാപിക്കുമെന്നു വ്യവസായ വകുപ്പ് ഉറപ്പു നല്‍കിയെങ്കിലും സുപ്രീം കോടതി അതു തള്ളിക്കളഞ്ഞു.


സ്‌കൂളുകളില്‍ പ്രകൃതി സംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അഭിപ്രായപ്പെട്ടു. സ്‌കൂളുകളില്‍ ആഴ്ച്ചയില്‍ ഒരു മണിക്കൂറെങ്കിലും പ്രകൃതിക്കു വേണ്ടി മാറ്റിവെക്കണം. അഖിലേന്ത്യാ തലത്തില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ യുവമനസ്സുകളെ ബോധവല്‍കരിക്കാനും പ്രകൃതി സംരക്ഷകരാക്കി അവരെ വളര്‍ത്താനും പ്രകൃതിസംരക്ഷണ സന്ദേശം നല്‍കുന്ന ക്ലാസുകള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാരിന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവു നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment