ടൗട്ടേ തീവ്ര ചുഴലിക്കാറ്റായി; ഗോവയുടെ തീരത്ത്, ഗുജറാത്തിൽ തീരം തൊടും 
ടൗ​ട്ടേ ചുഴലിക്കാറ്റ്​ ശക്തിപ്രാപിച്ചതോടെ സംസ്​ഥാനത്ത്​ ഞായറാഴ്ചയും ശക്തമായ മഴയും കടലാക്രമണവും. അടുത്ത മൂന്നു മണിക്കൂറിൽ എല്ലാ ജില്ലകളിലും 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കേരള തീരത്ത് ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഇന്നും തുടരുമെന്നതിനാൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്​, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം മൂലം അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ നാലു​പേരാണ്​ മരിച്ചത്​. നിരവധി വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്​തു.


ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാകിസ്​താനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിലാണ്​ നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്​ഥാനം.


ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും അവർ അറിയിച്ചു.


മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm), കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 16 മെയ് 2021 ന് രാവിലെ 05.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 15.0° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 130 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 450 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 700 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 840 കിമീ തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.


അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment