തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ




തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. കരിമണല്‍ നീക്കം ചെയ്യരുതെന്ന് ആവശ്യവുമായി സംയുക്ത സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പൊഴി മുറിക്കലിന്റെ മറവില്‍ കരിമണല്‍ ഖനനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനില്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


തോട്ടപ്പള്ളി സ്പില്‍വേയുടെ അപ്സ്ട്രീമിലെ (up stream )എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തി ഉടന്‍ പുനരാരംഭിക്കാനും മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പുദ്യോഗസ്ഥരുമായി കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം നല്കിയത്. നാലു ലക്ഷം ക്യുബിക് മീറ്റര്‍  മണ്ണാണ് ഡ്രെഡ്ജ് ചെയ്ത് മാറ്റേണ്ടത്. വീയ്യപൂരം വരെ 11 കിലോമീറ്റര്‍ ദൂരത്താണ് മണ്ണടിഞ്ഞിട്ടുള്ളത്. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട ഫീഡര്‍ കനാലുകള്‍ ഡ്രെഡ്ജ് ചെയ്ത് ആഴം കൂട്ടുന്ന പ്രവൃത്തിയും ഉടന്‍ പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും ഏപ്രിലിൽ തീരുമാനിച്ചിരുന്നു. 


എന്നാൽ പൊഴിമുറിക്കലിൻ്റെ പേരിൽ തീരത്തെ മരങ്ങൾ മുറിച്ചു മാറ്റിയതും മണൽ നീക്കം ചെയ്യുന്നതിനു പിന്നിലെ വ്യവസായ താൽപ്പര്യവും ആലപ്പുഴ ജില്ലയിൽ  വലിയ പ്രതിഷേധങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. മണ്ണെടുപ്പ് അശാസ്ത്രീയമെങ്കിൽ (കാല വർഷത്തിനു ശേഷം) ഉപ്പു വെള്ളം കയറും എന്ന ഉൽക്കണ്ഠ കർഷകർക്കുണ്ടായി. പോലീസിനെ കാവൽ നിർത്തിയുള്ള മണൽവാരൽ ഇടതു മുന്നണിയിൽ തന്നെ വിമർശനങ്ങൾ ശക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം നൽകും എന്നു കരുതാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment