യു. എൻ പരിസ്ഥിതിസമിതി തലവന്റെ നിരന്തരയാത്രകൾ വിവാദത്തിൽ




യു. എൻ പരിസ്ഥിതി സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹിമിന്റെ വിദേശ യാത്രകൾ വിവാദമാകുന്നു. യു.എന്നിന്റെ ഓഫീസ് ഓഫ് ഇന്റേണൽ ഓവർസൈറ്റ് സർവീസസ് നടത്തിയ ഓഡിറ്റിങ് റിപ്പോർട്ടിലാണ് സംഘടനയുടെ നിലപാടുകൾക്ക് വിരുദ്ധമായി അദ്ദേഹം നടത്തിയ വിദേശ യാത്രകൾക്കും  ധൂർത്തിനും എതിരെ രൂക്ഷ വിമർശനമുള്ളത്. ദി ഗാർഡിയൻ ദിനപത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്. 668 ദിവസങ്ങൾ കൊണ്ട് അദ്ദേഹം നടത്തിയത് 529 യാത്രകളാണ്. 488518 ഡോളറാണ് രണ്ടുവർഷത്തിനുള്ളിൽ ചെലവാക്കിയിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഫ്രാൻസിലേക്കും തിരിച്ചുമുള്ള ഒരു വാരാന്ത്യ യാത്രയും ഇതിൽ ഉൾപ്പെടുന്നു. 

 

 

ഇന്റേണൽ ഓവർസൈറ്റ് സർവീസസ് (OIOS )ന്റെ നിരീക്ഷണത്തിൽ 79 ശതമാനം സമയവും അദ്ദേഹം ചെലവഴിക്കുന്നത് നെയ്‌റോബിയിൽ ഹെഡ് ക്വാർട്ടേഴ്സിന് പുറത്താണ്. രണ്ട് ഉദ്യോഗസ്ഥരെ അനുദ്യോഗികമായി ജോലി ചെയ്യാനായി അദ്ദേഹം പാരീസിൽ നിയോഗിച്ചിട്ടുണ്ടെന്നും, ഇത് 23750 ഡോളറിന്റെ അധിക യാത്രാച്ചെലവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. അദ്ദേഹം നടത്തുന്ന നിരന്തര യാത്രകൾ  യു.എൻ പരിസ്ഥിതി സംഘടനയുടെ മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ  യാത്രാ രീതികൾ മറ്റുള്ളവർക്ക് മാതൃകയാക്കാൻ കഴിയുന്നതല്ല, 2011 ൽ യു.എൻ സെക്രട്ടറി ജനറൽ തന്നെ പറഞ്ഞിട്ടുള്ളത്, മറ്റുള്ളവർ ചെയ്യാൻ ആവശ്യപ്പെടുന്നത് നമ്മൾ തന്നെ ചെയ്തു കാണിക്കണം എന്നാണ്.

 

 

സോൾഹീം നടത്തുന്ന യാത്രകൾ സംഘടനയുടെ മൂല്യങ്ങൾക്ക് തന്നെ കളങ്കമാകുന്നു. സുസ്ഥിര വികസന മാതൃകകൾ മുന്നോട്ട് വെക്കേണ്ട നേതൃസ്ഥാപനമാണ് യു.എൻ പരിസ്ഥിതി സംഘടന. റിപ്പോർട്ടിൽ പറയുന്നു. 

 

ജീവനക്കാരുടെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനുള്ള പദ്ധതികൾ യു. എൻ. ഇ.പി പിന്തുടരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. യു.എൻ പരിസ്ഥിതി  സംഘടനയുടെ സാന്നിധ്യം എല്ലായിടത്തും അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, നിരന്തരമായ യാത്രകളും ചർച്ചകളും വഴിയാണ് ഇത് സാധ്യമായത്.  പക്ഷേ ഈ റിപ്പോർട്ട് അദ്ദേഹത്തിനേയും, മുഴുവൻ സംഘടനയേയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. ഗ്രീൻപീസ് തലവൻ ട്രൂൾസ് ഗുലോസെൻ പറയുന്നു. സോൾഹീമിന്റെ മാനേജ്‌മെന്റ് രീതി സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പലപ്പോഴും പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു നോർവീജിയൻ വിമാനയാത്രാ മാഗസിന് നൽകിയ അഭിമുഖത്തിൽ വിമാനയാത്രകൾ നടത്തുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് സോൾഹീം പറഞ്ഞത് വിവാദമായിരുന്നു. 

 


കാലാവസ്ഥാ മാറ്റ ഭീഷണിയെ നേരിടാൻ പഴയ രീതികൾ പോരാതെ വരുമെന്നും വ്യക്തികളും സംഘടനകളും അതിനനുസരിച്ച് മാറണമെന്നുമാണ് സോൾഹീം പറയുന്നത്. അന്തിമ റിപ്പോർട്ട് വന്നു കഴിഞ്ഞാൽ അനാവശ്യമായി ചെലവഴിച്ചു എന്ന് കണ്ടെത്തുന്ന പണം തിരിച്ചടയ്ക്കുമെന്നും സോൾഹീം പറഞ്ഞു. തങ്ങളുടെ ആഗോള അജണ്ട ലോകമെമ്പാടും ജനങ്ങളുമായി ഇടപെടൽ ആവശ്യപ്പെടുന്നുണ്ടെന്നും, അതനുസരിച്ച് ഗ്രൗണ്ടിൽ പ്രവർത്തിച്ച് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ  നോർവീജിയൻ പരിസ്ഥിതി മന്ത്രി കൂടിയാണ് എറിക് സോൾഹീം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment