ആക്കുളത്ത് കായൽ കയ്യേറ്റം; പരിശോധന നടത്തി റവന്യൂ ഉദ്യോഗസ്ഥർ




തിരുവനന്തപുരം: ആക്കുളത്ത് കായൽ കയ്യേറ്റം കണ്ടെത്തി റവന്യൂ സംഘം. ആക്കുളം കായലിന് സമീപ പ്രദേശങ്ങളിലാണ് വ്യാപക കയ്യേറ്റം കണ്ടെത്തിയത്. കായലിന് ചുറ്റുമുള്ള പുറമ്പോക്ക് ഭൂമിയും കായലിന്റെ തന്നെ ചില ഭാഗങ്ങളും കയ്യേറിയിട്ട് നാളുകൾ ഏറെയായി. ഏക്കറുകണക്കിന് ഭൂമി ഇത്തരത്തിൽ കയ്യേറിയതായി നേരത്തെ 'ഗ്രീൻ റിപ്പോർട്ടർ' വാർത്ത നൽകിയിരുന്നു. കേരളാ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.


ഏകദേശം 200 ഏക്കറോളം ഭൂമി ഈ പ്രദേശങ്ങളിലായി കയ്യേറിയതായാണ് സൂചന. കായലിന് സമീപമുള്ള ഭൂമി അഞ്ചോ പത്തോ സെന്റ് വാങ്ങിയ ശേഷം സമീപത്തെ കായലോ ചതുപ്പ് നിലമോ നികത്തി അതിനോട് ചേർത്താണ് കയ്യേറ്റം നടത്തുന്നത്. ഇതിനായി ഇവിടങ്ങളിൽ പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ ഈ സ്ഥലങ്ങൾ മറ്റുള്ളവർക്ക് മറിച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്. 


നിരന്തരമായ പ്രതിഷേധങ്ങളുടെ ഫലമായി വിവാദങ്ങൾ ഉണ്ടായതോടെയാണ് റവന്യൂ സംഘം സ്ഥലം പരിശോധിക്കാൻ എത്തിയത്. പരിശോധനയിൽ ഇത്തരത്തിൽ ആക്കുളം നിഷിന് സമീപം മൂന്നേക്കറോളം ഭൂമി കയ്യേറി നികത്തി എടുത്തതായി കണ്ടത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി മണ്ണും ചെളിയും ഉപയോഗിച്ചാണ് നികത്തി എടുത്തിട്ടുള്ളത്. kalaktarude നിർദേശപ്രാകാരമെത്തിയ സംഘത്തിൽ ലാൻഡ് ആൻഡ് റവന്യൂ തഹസിൽദാർ പ്രിയ ഐ നായർ, ഡെപ്യൂട്ടി തഹസിൽദാർ നാഗേഷ് ബി ആർ ആറ്റിപ്ര കൃഷി ഓഫീസർ എന്നിവരുണ്ടായിരുന്നു. റവന്യൂ സംഘത്തിന്റെ നിർദേശ പ്രകാരം പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.


നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രാകാരം ഈ പ്രദേശങ്ങളിൽ നിലം നികത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധിപ്പേർക്കെതിരെ കേസെടുത്തിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആറ്റിപ്ര കൃഷി ഓഫീസിൽ നിന്നും കലക്ടറേറ്റിൽ നിന്നും സ്ഥലമുടമകളായ പത്തോളം പേർക്ക് നിരോധന ഉത്തരവും നൽകിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment