മൃഗശാലയിലെ കടുവകള്‍ക്ക് ബീഫ് നല്‍കരുത്; പകരം വംശനാശം ഭീഷണി നേരിടുന്ന മ്ലാവുകളെ നൽകാൻ ബിജെപി നേതാവ്




മൃഗശാലയിലെ കടുവകള്‍ക്ക് ബീഫ് നല്‍കരുതെന്ന വിചിത്ര ആവശ്യവുമായി ബി.ജെ.പി നേതാവിന്‍റെ പ്രതിഷേധം. അസം ബി.ജെ.പി നേതാവ് സത്യ രഞ്ജന്‍ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്. ആന്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സത്യ രഞ്ജന്‍ ബോറയുടെയും സംഘത്തിന്റെയും പ്രതിഷേധം. ബീഫിന് പകരം വംശനാശ ഭീഷണി നേരിടുന്ന മ്ലാവുകളെ നൽകാനാണ് നേതാവിന്റെ ഉപദേശം.


അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാര്‍ച്ച്‌ നടത്തിയ ഇവര്‍ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.


"ഹിന്ദു സമൂഹത്തില്‍ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മള്‍ മുന്‍ഗണന നല്‍കുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കള്‍ക്ക് ഭക്ഷണമെന്ന പേരില്‍ സര്‍ക്കാര്‍ തന്നെ ബീഫ് വിതരണം ചെയ്യുന്നു. മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. മ്ലാവുകളെ കടുവകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിക്കൂടേ?"- സത്യ രഞ്ജന്‍ ചോദിച്ചു.


സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് മൃഗശാലയില്‍ നല്‍കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മരിസ്വാമി പറഞ്ഞു. നിയമപ്രകാരം മൃഗശാലയിലെ മൃഗങ്ങളെ മാസംഭുക്കുകള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പാടില്ല. തന്നെയുമല്ല, മ്ലാവുകള്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ്. അവയെ സംരക്ഷിക്കണമെന്നാണ് രാജ്യാന്തര ചട്ടം. ഇതിനും വക വെക്കാതെയാണ് നേതാവിന്റെ പ്രസ്താവന.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment