കനത്ത മഴയിലും ഇടിമിന്നലിലും താജ്മഹലിന് കേടുപാട്




ആഗ്ര: ഉത്തര്‍ പ്രദേശിലെ ആഗ്രയിലുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും താജ്മഹലിന്റെ കൈവരികള്‍ക്ക് തകരാറ്. വെള്ളിയാഴ്ചയാണ് സംഭവം. കനത്ത മഴയിലും ഇടിമിന്നലിലും മരങ്ങള്‍ വീണും താജ്മഹല്‍ പരിസരത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പടിഞ്ഞാറേ ഗേറ്റിലെ ടിക്കറ്റ് ഏരിയയിലും കാര്യമായ തകരാറുണ്ടായിട്ടുണ്ട്.


മണിക്കൂറില്‍ 124 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. താജ്മഹലിന് പരിസരത്തുള്ള നിരവധി മരങ്ങളും കടപുഴകി വീണു. ഏകദേശം 20 ലക്ഷം രൂപയുടെ തകരാറാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പുരാവസ്തു വകുപ്പിന്‍റെ കണക്കുകൂട്ടല്‍.


യമുനാനദിയുടെ ഭാഗത്തുള്ള മാര്‍ബിള്‍ കൈവരികളാണ് തകര്‍ന്നത്. രണ്ട് പാനലുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചുവെന്നാണ് ലൈവ് മിന്‍റ് റിപ്പോര്‍ട്ട്. ഈ പാനലുകളിലെ ഇരുമ്പ് പൈപ്പുകളില്‍ മിന്നലേറ്റതെന്നാണ് നിരീക്ഷണം. ഗേറ്റുകളിലെ ഫാള്‍സ് സീലിങ്ങുകളും കനത്ത കാറ്റില്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ട്. പ്രധാന സ്മാരകത്തിന് തകരാറില്ലെന്ന് പുരാവസ്തു വകുപ്പ് വിശദമാക്കി.


അതേസമയം, ആഗ്രയില്‍ മൂന്ന് പേര്‍ ഇടിമിന്നലേറ്റ് മരിക്കുകയും ചെയ്തു. നിരവധിപ്പേരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും കനത്ത നാശം നേരിട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment