നെൽവയൽ സംരക്ഷണ നിയമ ഭേദഗതി ; ഉദ്ദേശം നിലം നികത്തൽ തന്നെ : ശാസ്ത്ര സാഹിത്യ പരിഷത്ത്




സാറ്റലൈറ്റ് മാപ്പ് ഉപയോഗിച്ചുകൊണ്ട് ഡാറ്റാബാങ്ക് പൂര്‍ണമാക്കാതെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇപ്പോഴത്തെ നിയമഭേദഗതിയുടെ പ്രധാന ഉദ്ദ്യേശം നികത്തല്‍ തന്നെയാണെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത പ്രദേശം നികത്തിയെടുക്കാനുള്ളതാണ് ഇതിലെ പ്രധാന ഭേദഗതിയെന്നും പരിഷത്ത് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഫെയര്‍ വാല്യുവിന്റെ 50% തുക അടച്ചാല്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പരിവര്‍ത്തനം ചെയ്യാമെന്ന ബില്ലിലെ വകുപ്പ് ഉപയോഗപ്പെടുത്തി ഇപ്പോഴും ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്യാന്‍ ബാക്കിയുള്ള 385 ഇടങ്ങളില്‍ ഏത് നെല്‍വയലും നികത്തപ്പെടാമെന്ന് പരിഷത്ത് ഭയക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കുന്നു. 


കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തീര്‍ണത്തില്‍ 5 ലക്ഷം ഹെക്ടര്‍ കുറവ് വന്ന സാഹചര്യത്തിലാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിര്‍മിച്ചതും പ്രാബല്യത്തില്‍ വരുത്തിയതും. 2008 ആഗസ്റ്റ് 12 ന് നിയമം നിലവില്‍ വന്നെങ്കിലും നിയമാനുസൃതമായ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് പിന്നേയും കുറേക്കാലം കാത്തിരിക്കേണ്ടിവന്നു.  കഴിഞ്ഞ  യു.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന രീതിയില്‍   ഭേദഗതി കൊണ്ടുവന്നപ്പോള്‍ എല്‍.ഡി.എഫ്‌ന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്ത കരും ശക്തമായി പ്രതിരോധിച്ചതിനാല്‍ നിയമമായില്ല. അധികാരത്തിലേറി ആറുമാസത്തിനകം കേരളത്തിലെ മുഴുവന്‍ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ച് ഭൂപരിവര്‍ത്തനത്തിന് വിരാമമിടും എന്നാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുവരെയായിട്ടും കുറ്റമറ്റ രീതിയില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

 


അന്ന് ഭേദഗതിയെ എതിര്‍ത്ത  എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, 2017 ഡിസംബര്‍ 30 ന് ഓര്‍ഡിനന്‍സായി നിയമം ഭേദഗതി ചെയ്യുകയും അതിനെതിരെ പരിഷത്തും മറ്റും ഉയര്‍ത്തിയ വിമര്‍ശനം   വേണ്ടത്ര ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തിരിക്കയാണ്. 

 


പൊതുആവശ്യത്തിന് നിലം നികത്തുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഒറിജിനല്‍ നിയമത്തിന്റെ  അന്തസ്സത്തക്ക് നിരക്കാത്ത രീതിയില്‍ വരുത്തിയ മാറ്റമാണ് മറ്റൊരു പ്രധാന ഭേദഗതിയെന്നും പരിഷത്ത് പറയുന്നു. പൊതു ആവശ്യത്തിന് നിലം നികത്തുമ്പോള്‍ ആ പ്രദേശത്ത് നെല്‍വയല്‍ അല്ലാത്ത സ്ഥലം ലഭ്യമാണോയെന്ന് പരിശോധിക്കണമെന്നും നെല്‍വയല്‍ നികത്തുന്നതു മൂലമുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉള്ള വകുപ്പ് 2008 ലെ നിയമത്തിന്റെ കരുത്തായിരുന്നു. ആ നിബന്ധനകള്‍ ഭേദഗതിയില്‍ എടുത്തുമാറ്റിയതുകൊണ്ട്  ഡാറ്റാബാങ്കില്‍ നെല്‍വയലായി രേഖപ്പെടുത്തിയിട്ടുള്ള ഏത് നെല്‍വയലും പൊതു ആവശ്യത്തിനെന്ന പേരില്‍ നികത്തപ്പെടാം. ഇത് നിലങ്ങളുടെ വിസ്തീര്‍ണം ഭീതിദമായി കുറയുന്നതിലേക്ക് നയിക്കുമെന്ന് പരിഷത്ത് ആശങ്കപ്പെടുന്നു. 

 

സാമ്പത്തികാവലോകന രേഖയില്‍ പറഞ്ഞിട്ടുള്ള നെല്‍വയല്‍ വിസ്തീര്‍ണമല്ലാതെ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി എത്രയാണ്? ഡാറ്റാബാങ്കുകളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ആകെ നെല്‍വയല്‍ വിസ്തീര്‍ണം എത്രയാണ്? ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അഞ്ച് ആവശ്യങ്ങളാണ് പരിഷത്ത് സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്. 


 

1. വിജ്ഞാപനം ചെയ്യാന്‍ ബാക്കിയുള്ള 385 ഇടങ്ങളില്‍ നിയമഭേദഗതിയില്‍ പറയുന്ന വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത ഭൂമിയുടെ പരിവര്‍ത്തനം അനുവദിക്കരുത്.  

2. നിലവിലെ ഡാറ്റാബാങ്ക് കുറ്റമറ്റതാക്കുക.

3. ഡാറ്റാബാങ്ക് നിലവിലില്ലാത്ത പ്രദേശങ്ങളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക.

4. പൊതു ആവശ്യങ്ങള്‍ക്കായി ഭൂപരിവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മൂലനിയമത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിക്കണം. 

5. ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തീര്‍ണ്ണം പ്രഖ്യാപിക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment