നാടിനെ കുപ്പത്തൊട്ടിയാക്കാൻ കൂട്ട് നിക്കരുത് ; പെരിങ്ങമല പഞ്ചായത്തിലേക്ക് നാട്ടുകാരുടെ സങ്കടജാഥ




പെരിങ്ങമലയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് സങ്കടജാഥ നടത്തി. മാലിന്യപ്ലാന്റിനെ ജനങ്ങൾ ഒന്നടങ്കം എതിർക്കുമ്പോഴും പ്ലാന്റിനെ എതിർത്ത് പ്രമേയം പാസാക്കാനോ പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാനോ തയ്യാറാകാത്ത പഞ്ചായത്ത് കമ്മിറ്റിയുടെ കണ്ണ് തുറപ്പിക്കാനായിരുന്നു സമരപ്പന്തലിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് സങ്കടജാഥ സംഘടിപ്പിച്ചത്. പെരിങ്ങമല പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. സ്വന്തം നാടായ കുരീപ്പുഴയിൽ കോർപ്പറേഷൻ ചണ്ടി ഡിപ്പോ സ്ഥാപിച്ചപ്പോൾ ഉണ്ടായ ദുരിതങ്ങൾ കുരീപ്പുഴ ശ്രീകുമാർ വിവരിച്ചു.

വിളപ്പിൽശാല സമരനായികയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശോഭനകുമാരി വിളപ്പിൽസമരത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ പങ്കുവെച്ചു  പെരിങ്ങമ്മല മറ്റൊരു വിളപ്പിലാവാതിരിക്കണമെങ്കിൽ യാതൊരു കാരണവശാലും മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കരുതെന്നും ശോഭനകുമാരി പറഞ്ഞു. 

 

തുടർന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കൺവീനർ ഇ.പി അനിൽ പെരിങ്ങമല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പന്തലിൽ എത്തി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പ്രായമായവരും സമരത്തിൽ പങ്കെടുത്തു. 

 

അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ കോർ ഏരിയയിൽ, സ്റ്റേറ്റ് അഗ്രോ ഫാമിനുള്ളിലെ  ഒരുപറകരിക്കം എന്ന പ്രദേശത്താണ് 15 ഏക്കറിൽ  മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നിർദ്ദിഷ്ട പദ്ധതി പ്രദേശം. നിരവധി ആദിവാസി സെറ്റിൽമെന്റുകൾക്ക് നടുവിലാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഉള്ളതിനേക്കാൾ കൂടുതൽ വരയാടുകളെ കണ്ടെത്തിയിട്ടുള്ള വരയാട്ട് മുടിയുടെ താഴ്വാരത്ത്, വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ നദിയുടെ കരയിലാണ് മാലിന്യപ്ലാന്റിന് സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രദേശത്തെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും ആദിവാസി ജനതയുടെ സ്വൈര്യജീവിതത്തെയും തകർക്കുന്ന മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല എന്ന് സമരസമിതി ഉറപ്പിച്ച് പറയുന്നു. നേരത്തെ പെരിങ്ങമലയിൽ തന്നെ ലോകത്ത് തന്നെ വെറും നൂറു ഹെക്ടറിൽ താഴെ മാത്രം കാണപ്പെടുന്ന മിരിസ്റ്റിക സ്വാമ്പ് എന്ന ശുദ്ധജല കണ്ടൽ ചതുപ്പിൽ ഐ.എം.എ യുടെ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment