മൂന്നാർ ട്രിബ്യൂണൽ പിരിച്ചുവിടുമ്പോൾ




ആലപ്പുഴ മുങ്ങി താഴുന്നത് മൂന്നാർ വിണ്ടു കീറുന്നതിനാൽ കൂടിയാണ് നേതാക്കളെ !
    

മുതുവര്‍ സമുദായം താമസിച്ചു വന്ന മുന്നാര്‍ മല നിരകൾ 1877 മുതലേ അസ്വാഭാവികമായ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു.

 വലിയ മരങ്ങള്‍ ഉള്ള കാടുകള്‍ (മതികെട്ടാന്‍ പോലെയുള്ളവ),യുക്കാലി മരങ്ങള്‍ നിറഞ്ഞ കൃത്രിമ കാടുകള്‍ (അതിന്‍റെ സാനിധ്യം അപകടം വരുത്തി കൊണ്ടിരിക്കുന്നു), പുല്‍ മേടുകള്‍, തേയില തോട്ടങ്ങള്‍ മുതലായവയാണ് വ്യത്യസ്തമായ ഇവിടുത്തെ ഭൂപ്രദേശങ്ങൾ .

 

താമസിക്കുവാനും കൃഷി ചെയ്യുവാനും വീടുവേക്കുവാനും അനുവാദം ഉള്ള ഭൂമിയെ LA പട്ടയതറ(Land Assignment) എന്ന് വിളിക്കുന്നു.  മറ്റൊരു തരം ഭൂമി Cardamom Hill Reserve പട്ടയം ഉള്ളവയാണ്. അവയില്‍ ഏല കൃഷി ചെയ്യുവാന്‍ മാത്രമേ അവകാശമുള്ളു. മരങ്ങള്‍ മുറിക്കുവാന്‍  അനുവാദമില്ല, കൃഷിയുമായി ബന്ധപെട്ട ചെറിയ വീടുകള്‍ വെക്കാം. കുത്തക പാട്ട(Lease land )ഭൂമിയുടെ  കാലവധി 20 വര്‍ഷമാണ്‌. ഏലകൃഷിക്കായി നല്‍കുന്ന കുത്തക പാട്ടത്തിന് 20 വര്‍ഷത്തിലേക്ക് സര്‍ക്കാര്‍ ഈടാക്കുന്ന പാട്ട തുക ഹെക്റ്ററിന് 10000 രൂപ.(Chandrashekaran  committee report... which was tabled in the Assembly, said the `kuthaka pattom' premium paid by the plantation owners, now fixed at Rs.5,000 per hectare for 20 years, was too low compared to the average income from a hectare. At 2002 prices, on the average, there was an income of Rs.2.5 lakhs per hectare of cardamom land.). മുന്നാറില്‍ പിടി മുറുക്കിയിരിക്കുന്ന തോട്ടം-ടൂറിസം വന്‍കിട കച്ചവടക്കാര്‍ നടത്തുന്ന  നിയമ ലംഘനങ്ങൾ കുത്തക പാട്ട ഭൂമിയിലാണ് നടന്നു വരുന്നത്.

 
തൊഴിലാളികളുടെ  അവകാശങ്ങള്‍ അംഗീകരിക്കുവാനായി ഏറെ നാളത്തെ സമരം നടത്തിയ കമ്യുണിസ്റ്റ് പാര്‍ട്ടി ക്രൂര മര്‍ദ്ധകരായ കങ്ങാണിമാരെ ചോദ്യം ചെയ്യുവാന്‍ തയ്യാറായിരുന്നു .50 കളുടെ അവസാനം തന്നെ ബോണസ് ഉള്‍പെടുന്ന അവകാശ ങ്ങള്‍ക്കായി സമരങ്ങള്‍ സംഘടിപ്പിച്ചു .58ലെ ബോണസ്സ് സമരത്തിനെതിരായ  വെടിവെപ്പില്‍ രണ്ട് തൊഴിലാളികള്‍ രക്ത സാക്ഷികള്‍ ആയി.  പില്‍ക്കാലത്ത്  തൊഴിലാളികളുടെ വിലപേശല്‍ ശേഷി കുറയുവാന്‍ രാഷ്ട്രീയ സംഘടനയുടെ വന്‍കിട കോര്‍പ്പറേറ്റ്കളുമായുള്ള അനാരോഗ്യ ബന്ധങ്ങള്‍ ഇടയുണ്ടാക്കി.

കണ്ണൻ ദേവൻ 59000 ഹെക്ടർ ഭൂമിയിലെ ചുങ്കം നൽകി മറ്റൊരു 1.1 ലക്ഷം ഹെക്ടർ ഭൂമി നിലനിർത്തുന്നു. പാട്ട ഭൂമി കരാർ വിരുദ്ധമായി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ടാറ്റാ കമ്പനി എന്നും മുന്നിലായിരുന്നു.


ഹാരിസ്സന്‍ മലയാളം പ്ലാന്‍റെഷന്‍ എന്ന സ്ഥാപനം 60000 എക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു. 1963 ല്‍ ഉണ്ടാക്കിയ KLR Act  ഭൂമിയില്‍ വൈദേശികരുടെ ഉടമസ്ഥാവകാശം അനുവദിക്കുന്നില്ല.കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഒരിക്കല്‍ പോലും നമ്മുടെ അധികാരികള്‍ വൈദേശിക ഉടമസ്ഥാവകാശം ചൂണ്ടികാട്ടി ഹാരിസ്സന്‍ ഭൂമി തിരിച്ചു പിടിക്കുവാന്‍ ശ്രമിച്ചിട്ടില്ല.കേസുകൾ  തോറ്റ് കൊടുക്കുന്നതില്‍ സര്‍ക്കാര്‍ മിടുക്ക് കാട്ടുന്നു.

 

മൂന്നാറില്‍ നടന്നു വരുന്ന വന്‍ കൈയേറ്റം ഒഴിപ്പിക്കുവാന്‍ ശ്രീ VS മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ മൂന്നാര്‍ ഓപ്പറേഷനിലൂടെ 16000 ഹെക്റ്റര്‍ തിരിച്ചു പിടിച്ചു. 92 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി.എന്നാല്‍ ആ ഓപ്പറേഷന്‍ അട്ടിമറിച്ചവര്‍ ആരൊക്കെയാണ് എന്ന് കേരളം ഓര്‍ക്കണം. അന്നത്തെ പ്രധാന വില്ലന്‍ ഇന്നു മന്ത്രി സഭയില്‍ ഉണ്ട്. ഉപ വില്ലന്മാര്‍ CPIM ലും CPI ലും ശക്തരാണ്. 

 

മുന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും ഭൂമിക്ക് മുകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുവാനും വേണ്ടി 2010 ല്‍ The Munnar Special Tribunal നിലവില്‍ വന്നു. ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ്,ശാന്തന്‍ പാറ,വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍ വില്ലേജുകളിലെ ഭൂമിയുമായി ബന്ധപെട്ടു  നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ഉണ്ടാക്കിയ സംവിധാനത്തെ അട്ടിമറിക്കുവാന്‍ മിക്ക പാര്‍ട്ടികളും ഒറ്റകെട്ടായിരുന്നു. എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച CPI നിശബ്ദമയതോടെ ഭൂ മാഫിയകളെ നിയന്ത്രിക്കുവാന്‍ തെല്ലെങ്കിലും കഴിയേണ്ട ഒരു സംവിധാനവും ചരിത്രമായി മാറിയിരിക്കുന്നു.

 

വട്ടവട, കൊട്ടകാംബേല്‍ ഗ്രാമങ്ങളില്‍ കിടക്കുന്ന കുറുഞ്ഞി താഴ്വരയിലെ 151 പട്ടയങ്ങളില്‍ 141 ഉംചെന്നൈ ക്കാരുടെ സ്വന്തമായതെങ്ങനെ എന്ന് സര്‍ക്കാര്‍ തിരക്കുന്നില്ല. നിലവിലെ ഇടുക്കി MP ക്കും PJ കുര്യന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മക്കള്‍ക്കും അവിടെ ഭൂമി ഉണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ഇവര്‍ വിജയിച്ചിട്ടില്ല. കുറഞ്ഞി താഴ്വര എന്ന ലോകാത്ഭുതത്തെ കൈയേറ്റ ഭൂമിയക്കുന്നതില്‍ സര്‍ക്കാരിന് പ്രതിക്ഷേധം ഇല്ല. 

 

14000 ഹെക്റ്റര്‍ fragile land സംരക്ഷണ നിയമം ഇല്ലാതാക്കിയ സര്‍ക്കാര്‍ Tata, Harrison മുതലായ അരഡസന്‍ വന്‍കിട കമ്പനിക്കാര്‍ക്കായി നിയമങ്ങളെ കാറ്റില്‍ പറത്തി. കോടതികളില്‍ കേസുകൾ  തോറ്റുകൊടുത്തു. ഏറ്റവും അവസാനം മൂന്നാര്‍ ഓപ്പറേഷന്‍റെ ഒരു സ്വപ്നം കൂടി അവസാനിപ്പിച്ചു.  

                                

 
1924ല്‍ ഉണ്ടായ മുന്നാറിലെ പ്രകൃതി ദുരന്തം മന്ത്രിമാരെ ഭയപെടുത്തുന്നില്ല. കേവലം 200 cm മഴ ഒരു മാസം കൊണ്ട് ലഭിച്ചപ്പോള്‍ തന്നെ  ആലപ്പുഴയിലെ 90 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി താണു.6.5 ലക്ഷം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു.. 5500 ഹെക്റ്റര്‍ കൃഷി ഇടങ്ങള്‍ തകര്‍ന്നു പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന നയങ്ങള്‍ ആണ് കോട്ടയത്തെയും ആലപ്പുഴയെയും മുക്കികൊന്നു കൊണ്ടിരിക്കുന്നത്, ചിറ്റൂരിനെ പോലെയുള്ള ഗ്രാമങ്ങളെ വരള്‍ച്ചാ ഗ്രാമങ്ങള്‍ ആക്കിമാറ്റിയത് എന്ന് അറിയുവാന്‍ കഴിയാത്തവര്‍ക്ക് കേരളം ഭരിക്കുവാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment