കേരളത്തെ മാലിന്യ മുക്തമാക്കാൻ പരിസ്ഥിതി സംരക്ഷണ നിയമം അറിഞ്ഞിരിക്കേണ്ടതുണ്ട് 




മാലിന്യത്തിൽ നിന്ന് പരിസ്ഥിതിയെ രക്ഷിക്കാൻ ഒരു പിടി നിയമങ്ങൾ തന്നെ നമ്മുടെ രാജ്യത്തുണ്ട്. മാലിന്യ നിർമ്മാർജ്ജനവും അതിന്റെ കെടുതികളിൽ നിന്ന് പരിസ്ഥിതിയെ രക്ഷിക്കുന്നതിനും നില നിൽക്കുന്ന നിയമ ചട്ടങ്ങൾ എല്ലാം 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് ഉണ്ടായിട്ടുള്ളതാണ്. മാലിന്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് വിവിധ ചട്ടങ്ങൾ ഇപ്പോൾ തന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഹാനികരമായ മാലിന്യങ്ങളുടെ നീക്കം, ജൈവ - മെഡിക്കൽ മാലിന്യങ്ങൾ, ഖര മാലിന്യങ്ങൾ, നിർമാണ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം മുതലായവ കൈകാര്യം ചെയ്യുന്ന ചട്ടങ്ങൾ ഉൾപ്പെടെ ധാരാളം നിയമങ്ങളും ചട്ടങ്ങളും ഇതുമായി ബന്ധപ്പെട്ട് വികസിച്ച് വന്നിട്ടുണ്ട്.


മാലിന്യ ഹേതുവായ വസ്‌തുവിന്റെ നിർമാണത്തിന്റെ ചുമതല, ഉപഭോക്താവിന്റെ ചുമതല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല, സംസ്ഥാന സർക്കാരുകളുടെ ചുമതല എന്നിവ പ്രത്യേകമായി ഈ നിയമങ്ങൾ വിവരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയും ഈ നിയമം പ്രതിപാദിക്കുന്നു.


1986 ലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന  ഭാഗത്ത് ഈ നിയമങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കളിൽ നിന്നുള്ള സംരക്ഷണത്തിനാണെന്ന് വിവരിക്കുന്നു. പരിസ്ഥിതി നിയമങ്ങൾ അനവധിയുണ്ടെങ്കിലും ഇത് പ്രത്യേകമായി പരിസ്ഥിതിക്കുണ്ടാക്കുന്ന മാലിന്യക്കെടുതിയെ നേരിടാനുള്ളതാണെന്ന് വിവരിക്കുന്നു. 


ഈ മാലിന്യ സംസ്‌കരണ നിയമങ്ങളിൽ ഖരമാലിന്യ സംസ്ക്കരണ ചട്ടങ്ങൾ എല്ലാ മാലിന്യ സംസ്കരണങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഭിന്ന മാലിന്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാലിന്യ സംസ്‌കാരണത്തിൽ പാലിക്കേണ്ട ചട്ടങ്ങളുടെ സൂക്ഷ്‌മ തലങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഏറെക്കുറെ എല്ലാ നിയമങ്ങളും സത്തയിൽ ഒരു പോലെയാണ്.


ഇതിൽ പ്രത്യേകം ശ്രദ്ധാർഹമായ കാര്യം ഈ നിയമങ്ങൾ മാലിന്യങ്ങൾ രൂപപ്പെടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായുള്ള ആളുകളുടെയും അധികാര സ്ഥാപനങ്ങളുടെയും പങ്ക് കൃത്യമായി വിവരിക്കുകയും നിജപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ഉത്‌പാദകന്റെ കർത്തവ്യങ്ങൾ ഉപയോക്താവിന്റെ കർത്തവ്യങ്ങൾ മാലിന്യം നീക്കം ചെയ്യുന്ന ആളുടെ കർത്തവ്യങ്ങൾ വിവിധ അധികാര സ്ഥാപനങ്ങൾ മാലിന്യ സംസ്‌കാരണത്തിൽ വഹിക്കേണ്ട പങ്കിനെ പറ്റിയും വിവരിക്കുന്നു. മാലിന്യങ്ങൾ സ്വഭാവത്തിനനുസരിച്ച് വേർതിരിക്കേണ്ടതിന്റെ ആവശ്യകത മാലിന്യ നീക്കവുമായി ബന്ധപ്പെട്ട പാലിക്കേണ്ട നിബന്ധനകൾ എന്നിവ വളരെ വിശദമായി ഈ നിയമത്തിൽ വിവരിക്കുന്നു.


മാലിന്യ നീക്കവും സംസ്‌കരണവും, മാലിന്യം രൂപപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുവായി ഉയർന്നിട്ടുള്ള നിബന്ധനകൾ, അവ മണ്ണ്, വെള്ളം, വായു എന്നിവയെ ഒറ്റക്ക് ഒറ്റയ്ക്കോ പരിസ്ഥിതിയെ മൊത്തത്തിലും  യാതൊരു കാരണവശാലും ദോഷകരമായി ബാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു എന്നാണ്. ഈ കാര്യം ഉറപ്പ് വരുത്തുമ്പോൾ സ്വാഭാവികമായി എല്ലാത്തരം ജീവനും  സംരക്ഷണം ലഭിക്കുകയും ചെയ്യുമല്ലോ. പൊതു മാനദണ്ഡമാണ് മാലിന്യ സംസ്‌കാരണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള നിയമങ്ങളുടെ അടിത്തറ. ഈ കാര്യത്തിൽ ഗ്രാഹ്യം ലഭിച്ചാൽ മാലിന്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി നാശമോ ദോഷകരമോ ആയ സംഗതി പരിശോധിക്കാവുന്നതും അതിനനുസരിച്ചുള്ള പ്രതികരണം ഉയർത്തികൊണ്ട് വരാവുന്നതുമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment