ഞാറ്റുവേല കൃഷിയെ ഹൃദയത്തിൽ ആവാഹിച്ച ചന്ദ്രൻ മാഷ് 




ഇതാണ് ചന്ദ്രൻ മാഷ്. ഞാറ്റുവേല കൃഷിയെ ഹൃദയത്തിൽ ആവാഹിച്ചവൻ. ഞാറ്റുവേല കൃഷിയെക്കുറിച്ചുള്ള പുസ്തകം ഡിസി ബുക്ക് സിൽ നിന്ന് അധികം വൈകാതെ പുറത്തിറങ്ങും. കലപ്പ, മണ്ണറിവ്, വയലറിവ് പ്രസി ദ്ധീകരിച്ചത് എച്ച് ആന്റ് സിയാണ്. 20 ഏക്കറിൽ ജൈവകൃഷി ചെയ്യുന്നു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ അരി പതിവായി വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ട്. പലരേയും ഇന്നേവരെ നേരിൽ കണ്ടിട്ടു പോലുമില്ല. എന്നും അദ്ദേഹത്തിന്റെ വീട്ടിൽ അരിയുണ്ടാകും. അരിയില്ലെങ്കിൽ ഞാൻ മരിച്ചു എന്ന് കരുതിയാൽ മതിയെന്നാണ് മാഷ് പറയുന്നത്. 

 


പൈസ ബാങ്കിൽ ഇട്ടാൽ ആർക്കും ഇദ്ദേഹം ഉല്പന്നങ്ങൾ പാഴ്സലായി അയച്ചു കൊടുക്കും. പുഴുക്കലരി (50% തവിടുള്ളത് ) , തവിടുള്ള ഉണക്കലരി, തവിടുള്ള പുട്ടുപൊടി , അവിൽ, സ്വയം തയ്യാറാക്കുന്ന പച്ചക്കറി വിത്തുകൾ , നാടൻ ശർക്കര പൊടി എന്നിവയൊക്കെ ലഭ്യമാണ്.

 


നാട്ടറിവ് പഠന കളരിയിലെ ക്ലാസ്സാണ് ( ഞാറ്റുവേല കൃഷി ) ഈ പച്ച മനുഷ്യന്റെ പുരയിടത്തിൽ എത്തിച്ചത്.. വീടും തൊഴുത്തും , കോഴി താറാവ് കൂടും പാടവും അമ്മയുടെ പേരിൽ പണി കഴിപ്പിച്ച കുളവും ഒക്കെ തൊട്ടു തൊട്ടു കിടക്കുന്ന ജൈവ പരിസരമാണ് ഇദ്ദേഹത്തിന്റെ ലോകം. പാടം നോക്കിയിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഊണുമേശയുടെ സ്ഥാനം. പാടത്ത് നിന്നാണ് ഭക്ഷണം വരുന്നത് എന്നാണ് അതിനുള്ള മറുപടി.. 

 


വീട്ടിൽ ചെല്ലുമ്പോൾ മാഷ് പാടത്തായിരുന്നു. കൊയ്തു കഴിഞ്ഞ പാടത്ത് പച്ചക്കറി കൃഷി ചെയ്യാനു ള്ള ശ്രമത്തിലാണ്. വെള്ളരി , മത്തൻ കുമ്പളം, പീച്ചിങ്ങ ,പടവലം, കയ്പ (പാവലം) എന്നിവ കൃഷിയിറക്കാനുള്ള മണ്ണാരുക്കത്തിന്റെ തിരക്കിലാണ്. ഒരു കൈ വിരൽ ചതഞ്ഞിരിക്കുന്നത് പൊക്കി പിടിച്ചാണ് പണി. ഈ മണ്ണാണ് എന്റെ ഊർജ്ജം ഇതിൽ ചവിട്ടി നില്ക്കാൻ കഴിയുന്നതാണ് എന്റെ ഭാഗ്യം മാഷ് എപ്പോഴും പറയും.. വർഷങ്ങളായി ആശുപത്രിയിൽ പോയിട്ട്. പൂർണ്ണമായും ജൈവജീവിതം നയിച്ചു വരുന്നു. ഓരോ കാലത്തിനനുസിരിച്ചുള്ള ഭക്ഷണം കഴിച്ചു വരുന്നു. അടുക്കളപ്പാട്ടിലാണ് ( ചക്കം മാങ്ങേം മുമ്മാസം .......) ജീവിതം തഴച്ചുവളരുന്നത്. 

 


തൊട്ടടുത്തുള്ള ഒരു തറവാടിന്റെ കസ്റ്റോഡിയനാണ്. ഇദ്ദേഹത്തിന്റെ ക്ലാസ്സുകളും ക്യാമ്പുകളും ആ തറവാടിന്റെ പൂമുഖത്താണ് നടക്കുന്നത്. അനവധി നാട്ടുമാവുകളുണ്ട്. നാട്ടുമാമ്പഴം കഴിക്കാനായി മാത്രം ഒരു പാട് പേർ ഇവിടെ വരാറുണ്ട്. കല്പറ്റ നാരായണൻ മാഷും. ചന്ദ്രൻ മാഷ് നൃത്താദ്ധ്യാപകനായിരുന്നു. റിട്ടയർ ചെയ്തതിനു ശേഷം കോവിഡിനു മുമ്പ്  വരെ കാട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു. സതി ടീച്ചർ ഭാര്യയാണ്. പ്രധാന അദ്ധ്യപികയാണ്. മകൻ നെതർലണ്ടിലെ ശാസ്ത്രജ്ഞനാണ്. മകൾ ദുബായിലും. ഇപ്പോൾ വീട്ടിൽ മറ്റു ജീവജാലങ്ങൾക്കൊപ്പം ടീച്ചറും മാഷും തിരിക്കിലും സന്തോഷം അനുഭവിച്ചു ജീവിച്ചു വരുന്നു. 

 


മലപ്പുറം ജില്ലയിൽ വട്ടംകുളം പോട്ടൂർ കാവിനടുത്ത് നിളയിൽ താമസം. ഇതൊന്നുമല്ല ഇവർ. അതിനുമപ്പുറമാണ് ഇവരുടെ ജീവിതം. ഇവർ പറയുന്നത് കേട്ടിരുന്നാൽ, വിനയം തിരിച്ചറിയുമ്പോൾ നമ്മുടെ കണ്ണും ഇവരുടെ കണ്ണും താനെ നിറഞ്ഞു പോകും. വല്ലാത്തൊരു വിങ്ങലാണ് നാമനുഭവിക്കുക. അടിമുടി ഒരു കർഷ ജീവിതത്തിന്റെ ലഹരിയിലാണ് "നിള" ഒഴുകുന്നത്. പോരുമ്പോൾ മൂഴിക്കുളം ശാലയിൽ വരുമെന്ന് പറഞ്ഞാണ് പിരിഞ്ഞത് / അടുത്തത്. ചതുരപ്പുളി ജ്യൂസ്, വയനയിലയിലെ റാഗിയട, കണ്ണൻ പഴം എന്നിവ സ്നേഹത്തോടെ തന്നിരുന്നു. പൊതിഞ്ഞും തന്നിരുന്നു. ഫോൺ - 8129001449

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment