പി.വി അൻവറിന്റെ പാർക്കിന് ചുറ്റും ഉരുൾപൊട്ടൽ പരമ്പര




വനത്തിൽ ഉരുൾപൊട്ടുന്നതെങ്ങനെ എന്ന് നിയമസഭയിൽ ചോദിച്ച പി.വി  അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് ചുറ്റും ഉരുൾപൊട്ടൽ പരമ്പരയെന്ന് റിപ്പോർട്ട്. മലപ്പുറം കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച വാട്ടർ തീം പാർക്കിനുള്ളിലാണ് ഉരുൾപൊട്ടൽ. പാർക്ക് സ്ഥിതി ചെയ്യുന്ന പതിനൊന്ന് ഏക്കർ പ്രദേശത്തിനുള്ളിൽ ആഗസ്റ്റ് മാസത്തിൽ മാത്രം 8 ഉരുൾപൊട്ടലുകൾ ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.   ജൂലൈ മാസത്തിൽ പാർക്കിന് സമീപത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അന്ന് പാർക്കിലെ ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കി കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. പാർക്കിലെ ജലസംഭരണികൾ ഇപ്പോഴും നിറഞ്ഞു തന്നെ കിടക്കുകയാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 

 

പി.വി.അൻവർ എംഎൽഎ അനധികൃതമായി നിർമിച്ച തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു . പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച തടയണ ഉരുൾപൊട്ടലിന് കാരണമാക്കുമെന്ന വാദത്തെ തുടർന്നാണ് കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും, ജില്ലാ കലക്ടർ നേതൃത്വം നൽകി  സാങ്കേതിക വിദഗ്ധരെയും നിയോഗിക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അനധികൃത തടയണ പൊളിക്കണമെന്ന് സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചു. ഒരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണ് തടയണ നിർമ്മിച്ചതെന്ന് സർക്കാരിന് വേണ്ടി അറ്റോർണി കോടതിയെ അറിയിച്ചിരുന്നു.

 

ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു. 

 

പ്രളയനാന്തര കേരളം പുനർനിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ജെസിബി പോയിട്ട് കൈക്കോട്ട് പോലും വെക്കാത്ത ഉൾവനത്തിൽ ഉരുൾപൊട്ടുന്നത് എന്ന എം.എൽ.എയുടെ ചോദ്യം വ്യാപകമായ പരിഹാസത്തിന് ഇടയാക്കിയിരുന്നു. പരിസ്ഥിതി സാക്ഷരതയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത എം.എൽ.എയുടെ വാട്ടർ തീം പാർക്കാണ് ഇപ്പോൾ ഒരു പ്രദേശത്തെ മുഴുവൻ ഉരുൾപൊട്ടൽ ഭീഷണിയിൽ ആക്കിയിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment