മുണ്ടക്കൈ-ചുരല്‍മല ദുരന്ത കാരണം 'ഗ്രേ റിനോ'സംഭവം : ജനകീയ ശാസ്ത്ര പഠനം പറയുന്നു .


First Published : 2025-09-16, 11:02:58am - 1 മിനിറ്റ് വായന


മുണ്ടക്കൈ-ചുരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട 'ഗ്രേ റിനോ' സംഭവമാണ്: ജനകീയ ശാസ്ത്ര പഠനം
 

നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍പ്പെട്ടതാണെന്നും മതിയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇത്രയധികം ജീവനുകള്‍ നഷ്ടമാകാനിടയായതെന്നും പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ട്രാ്ന്‍സിഷന്‍ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുന്‍കൈയ്യിലായിരുന്നു പഠന സമിതി രൂപീകരിക്കപ്പെട്ടത്.

സെപ്തംബര്‍ 13ന് കല്‍പ്പറ്റയിലെ ട്രിഡന്റ് ആര്‍ക്കേഡില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. 

പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ മാത്രമല്ല, ഭൂമിയെ, ജലസ്രോതസ്സുകളെ, ജൈവവൈവിധ്യത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പണത്തിന്റെ രൂപത്തില്‍ ഇവയ്‌ക്കൊന്നും നഷ്ടപരിഹാരം കണ്ടെത്താന്‍ കഴിയില്ലെന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. ആഗോള ഉച്ചകോടികളില്‍ വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയില്‍ നിന്ന് എന്ത് നഷ്ടപരിഹാരം ലഭിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കുള്ളില്‍ എന്തുചെയ്യാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം യഥാര്‍ത്ഥ ശുപാര്‍ശകള്‍ എന്നും അവര്‍ പറഞ്ഞു.

കേരള സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നു. ശ്രീ അച്യുതാനന്ദന്‍ ഇത്തരം വിഷയങ്ങളോട് വളരെ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രിയായിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടക്കം അച്യുതാനന്ദനുമായി ഞങ്ങള്‍ക്ക് സംഭാഷണം നടത്താന്‍ കഴിയുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായി ആത്മാര്‍ത്ഥവും സമാധാനപരവുമായ സംഭാഷണം സാധ്യമാകുന്നില്ല എന്നതാണ് ഖേദകരമായ കാര്യം. ആദ്യത്തെ മഴയില്‍ ദേശീയ പാത തകര്‍ന്നത് നാം കണ്ടു. അതുകൊണ്ടുതന്നെ, പാരിസ്ഥിതിക തകര്‍ച്ചകളെ ഗൗരവമായി പരിഗണിക്കേണ്ടത് ഇന്ന് വളരെ ആവശ്യമാണ്. പ്രകൃതി ദുരന്തങ്ങള്‍ നാശനഷ്ടമുണ്ടാക്കിയ ഉത്തരാഖണ്ഡിലെ ചാര്‍ധാമില്‍ ചെയ്യുന്നത് പോലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുയല്ല വേണ്ടത്. മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന് മേധ പട്കര്‍ വ്യക്തമാക്കി.  

റിപ്പോര്‍ട്ട് യുഎന്‍ഇപിയില്‍ റിസ്‌ക് അനലിസ്റ്റായി പ്രവര്‍ത്തിച്ച സാഗര്‍ ധാര സാമൂഹ്യ ചിന്തകനും ആക്ടിവിസ്റ്റുമായ ജോസഫ് സി മാത്യുവിന് കൈമാറി.

മനുഷ്യ ജീവന്റെ വിലയും മൂല്യവും തിരിച്ചറിയുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന അവഗണനയുടെ ഫലമാണ് പ്രകൃതി ദുരന്തങ്ങളിലെ മനുഷ്യ ജീവനുകള്‍ ഇത്രയും കൂടിയ തോതില്‍ നഷ്ടമാകുന്നതെന്ന് സാഗര്‍ ധാര അഭിപ്രായപ്പെട്ടു. പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ശാസ്ത്ര സംഘത്തിലെ പ്രധാനി കൂടിയാണ് സാഗര്‍ ധാര. പ്രകൃതി ദുരന്തങ്ങളിലും ഇതര അപകടങ്ങളിലും മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദികളായവരെ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മുന്നറിയിപ്പുകളെ സംബന്ധിച്ചും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സമീപിക്കുവാന്‍ തയ്യാറാകുകയുള്ളൂ എന്നും സാഗര്‍ ധാര ചൂണ്ടിക്കാട്ടി.

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ശേഷം പശ്ചിമഘട്ട മേഖലയിലേക്ക് തുരങ്കപ്പാത പോലുള്ള വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുവാന്‍ ഭരണാധികാരികള്‍ മടി കാണിക്കുമെന്നാണ് നമ്മള്‍ ചിന്തിച്ചത്. എന്നാല്‍ ഇത്തരം ദുരന്തങ്ങളില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലെന്നാണ് തുരങ്കപ്പാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള ഭരണാധികാരികളുടെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് ജോസഫ് സി മാത്യു പറഞ്ഞു. പ്രാകൃതിക ദുരന്തങ്ങളും വികസന മാതൃകകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ പരിസ്ഥിതിവാദിയാകേണ്ട കാര്യമില്ല. സാമാന്യബോധം മാത്രം മതിയാകും. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് നഷ്ടമായിരിക്കുന്നത് ഈയൊരു സാമാന്യബോധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ ശാസ്ത്രജ്ഞനും കുസാറ്റ് ഫാക്കല്‍റ്റിയുമായ ഡോ.എസ് അഭിലാഷ്, ഹ്യൂം സെന്റര്‍ ഡയറക്ടറായ ഡോ.സി.കെ.വിഷ്ണുദാസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ബോട്ടണിസ്റ്റും ട്രാന്‍സിഷന്‍ സ്റ്റഡീസ് അംഗവുമായ ഡോ. സ്മിത പി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.ആര്‍.അജിതന്‍ റിപ്പോര്‍ട്ട് പരിചയപ്പെടുത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷം വഹിച്ചു. എം.കെ.രാംദാസ് സ്വാഗതവും മോഹന്‍ദാസ് നന്ദിയും പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment