ഗ്രെറ്റ ടൂള്‍ കിറ്റ് കേസ്: യുവ പരിസ്ഥിതി പ്രവര്‍ത്തകയെ ദിഷ പൊലീസ് കസ്റ്റഡിയിൽ




ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തകയെ ദിഷ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡൽഹി പട്യാല കോടതിയുടെതാണ് നടപടി. ദിഷ രവി സര്‍ക്കാര്‍ വിരുദ്ധ പ്രവൃത്തികള്‍ക്കായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം. 


ടൂള്‍കിറ്റ് ഉണ്ടാക്കിയത് താന്‍ അല്ലെന്നും രണ്ട് വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും ദിഷ കോടതിയില്‍ അറിയിച്ചു. കര്‍ഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഒരു ഗൂഢാലോചനയുടെയും ഭാഗമല്ലെന്നും ദിഷ കോടതിയില്‍ പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ അംഗീകരിച്ചില്ല എന്ന് വേണം മനസിലാക്കാൻ.

സോലദേവനഹള്ളിയിലെ വീട്ടില്‍ വെച്ചാണ് ഇന്നലെ ദിഷയെ അറസ്റ്റ് ചെയ്‌തത്‌. പിന്നീട് ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 2018 ല്‍ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോര്‍ ഫ്യുച്ചര്‍ ( FFF) സംഘടനയുടെ സഹ സ്ഥാപക ആണ് ദിഷ. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമരപരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. 


കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവര്‍ത്തകയായ ​ഗ്രെറ്റ തുന്‍ബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച്‌ ​ഗ്രെറ്റ ഒരു ടൂള്‍കിറ്റ് രേഖ ട്വീറ്റ് ചെയ്തു. കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതില്‍ പരാമര്‍ശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ​ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിന്‍വലിക്കുകയും പുതിയ ടൂള്‍ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.


വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ​ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസര്‍ക്കാരും ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാ​ഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment