മലമ്പുഴ ഡാമിന് സമീപം വനഭൂമിയിൽ നിന്ന് മീറ്ററുകൾ മാറി അനധികൃത ഖനനം




മലമ്പുഴ ഡാമിനോട് ചേർന്ന് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ജനങ്ങൾക്കും പ്രകൃതിക്കും ദോഷമാകുന്നു. മലമ്പുഴ ഡാമിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരത്തായി വനഭൂമിയിലാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. വനഭൂമിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലത്തിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് പാരിസ്ഥിതിക അനുമതി പോലും ഇല്ല. എന്നിട്ടും ക്വാറി ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു.


പാലക്കാട് ഗ്രാനൈറ്റ് ആൻഡ് സാൻഡ് കമ്പനി എന്ന പേരിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് പാരിസ്ഥിതിക അനുമതി ഇല്ല. എന്തിന് അനുമതിക്കായി ജിയോളജി വകുപ്പിൽ ഒരു അപേക്ഷ പോലും നൽകിയിട്ടില്ല. എന്നിട്ടും ക്വാറിക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെയും ഏതാനും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ക്വാറി പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാണ്.


ഇപ്പോൾ കരിങ്കൽ ഖനനം നടക്കുന്ന മലയുടെ മറുവശത്ത് ആദിവാസി വിഭാഗക്കാർ ഏറെ താമസിച്ച് വരുന്നുണ്ട്. ക്വാറി ഇവർക്കും ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ക്വാറി മൂലം ഉണ്ടാകുന്ന മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ആദ്യം ബാധിക്കുക ഈ വിഭാഗത്തെയാകും.


ജനജീവിതം ദുസ്സഹമാക്കിയാണ് ക്വാറിയുടെ പ്രവർത്തനം നടക്കുന്നത്. ക്വാറിയുടെ സമീപത്ത് താമസിക്കുന്ന നിരവധി വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏതാനും വീടുകളിൽ ചുമരുകളും നിലവും വിണ്ടു കീറിയിട്ടുണ്ട്. സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഇവിടെ, സ്വന്തം വീട് പോലും തകരുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കരിങ്കല്ലുമായി നിരന്തരം പാഞ്ഞു പോകുന്ന ലോറികൾ ഇവിടുത്തെ റോഡിനും ജനങ്ങളുടെ ജീവനും ഭീഷണിയായിട്ടുണ്ട്.


വനഭൂമിയിൽ നിന്നുള്ള ഖനനത്തിന്റെ പരിധി 10 കിലോ മീറ്ററിൽ നിന്ന് ഒരു കിലോ മീറ്ററായി കുറക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയൻ സർക്കാർ. അപ്പോൾത്തന്നെയാണ് വനഭൂമിയിൽ നിന്ന് മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ ഒരു ക്വാറി അനുമതി പോലും ഇല്ലാതെ പ്രവർത്തിക്കുന്നത്. രണ്ട് പ്രളയങ്ങളും നിരവധി ഉരുൾപൊട്ടലുകളും ഉണ്ടായിട്ടും നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment