ആശുപത്രി മാലിന്യങ്ങൾ ഏനാദിമംഗലത്ത് തള്ളാൻ IMA സംഘടന രംഗത്ത് !




IMA എന്ന ഡോക്ടർമാരുടെ സംഘടനയുടെ ഉടമസ്ഥതയിലുള്ള
 IMA goes Ecofriendly(IMAGE)ൻ്റെ രണ്ടാമത് ആശുപത്രി മാലിന്യ പ്ലാൻ്റ് പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്ത് സ്ഥാപിക്കാനുള്ള തീരുമാന വുമായി സംഘടനയും ഒപ്പം സഹായത്തിനായി സർക്കാരും മുന്നോട്ടു പോകുകയാണ്.


27000 ജനങ്ങൾ താമസിച്ചു വരുന്ന , പൊതുവെ നല്ല മഴ ലഭിക്കുന്ന ഏനാദിമംഗലം പഞ്ചായത്തിലെ കിൻഫോപാർക്കിലാണ് 20 ടൺ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പദ്ധതി ആരംഭിക്കാൻ ശ്രമിക്കുന്നത്.അരുവികളും തോടുകളും ചെറിയ മലനിരകളും നിറഞ്ഞ പ്രദേശമാണ് ഏനാദിമംഗലം.സംസ്ഥാനത്തെ ആശുപത്രി മാലിന്യങ്ങൾ സംസ്ക്കരിക്കാനായി മൂന്ന് യൂണിറ്റുകൾ ആരംഭിക്കാനായിരുന്നു Indian Medical Associationൻ്റെ തീരുമാനം.നിലവിൽ കഞ്ചിക്കോടുള്ള വ്യവസായ പാർക്കിൽ 40 ടൺ മാലിന്യങ്ങൾ 5 ഇൻസുനറേറ്റർ,ഓട്ടോ ക്ലെവ് മുതലായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പ്ലാൻ്റിൻ്റെ പ്രവർത്തനം മലമ്പുഴ ഡാമിലും മറ്റും ബുദ്ധിമുട്ടുകൾ ഇതിനകം ഉണ്ടാക്കി.മാലിന്യങ്ങളുടെ സ്വാധീന ത്താൽ നെൽകൃഷി നശിച്ചു പോയതിന് നഷ്ടപരിഹാരം നൽകാൻ IMA നിർബന്ധിതമാ യിരുന്നു.


തെക്കൻ ജില്ലകളിലെ 6 ജില്ലകളിലെ 30000 ആശുപത്രി കിടക്കകൾ ഉണ്ടാക്കുന്ന മാലിന്യങ്ങളും ഇൻപേഷ്യൻ്റ് വിഭാഗത്തിൽ നിന്ന് പുറത്തു വരുന്ന മാലിന്യങ്ങളും സംസ്ക്കരിക്കാൻ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിൽ ശ്രമം നടന്നിരുന്നു.ജനങ്ങളുടെ നിരന്തര സമരമാണ് പ്രസ്തുത തീരുമാനം ഉപേക്ഷിക്കാൻ IMA യെ നിർബന്ധിത മാക്കിയത്.സമാനമായ യൂണിറ്റാണ് ഏനാദിമംഗലം പഞ്ചായത്ത് അതൃത്തിയിൽ സ്ഥാപിക്കാൻ പോകുന്നത്. 


2.77 ഏക്കറിൽ രണ്ട് ഇൻസുനറേറ്ററും ഓട്ടോക്ലെവു മെഷീനും 5204 ഓളം ച.മീറ്റർ വിസ്തൃതിയിൽ മേൽപ്പുരയും മറച്ചു കെട്ടുള്ളതുമായ കെട്ടിടത്തിൽ 23.40 കോടി രൂപ മുടക്കി നിർമിക്കുന്ന പ്ലാൻ്റ് ജല സമൃദ്ധമായ അഞ്ചു മലയിൽ എത്തുമ്പോൾ മലയിൽ നിന്നും ഒഴുകി തുടങ്ങുന്ന നീർചാലുകളെ പറ്റി ഒന്നും ബന്ധപ്പെട്ട വകുപ്പുകൾ വിവരിക്കുന്നില്ല.3.7 km അകലെയുള്ള  കല്ലട നദിയെ പറ്റി മാത്രമാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠനസമിതിപരാമർശിക്കുന്നത്.


ആശുപത്രികളിൽ 7 തരം മാലിന്യങ്ങൾ ഉണ്ടാകുന്നു.മുനുഷ്യരുടെ ശരീരഭാഗങ്ങൾ മുതൽ മെർക്കുറി പോലുള്ള അപകടകരമായ വസ്തുക്കൾ,അണുപ്രസരം ബാധിച്ച കോട്ടൻ,ബാൻഡ് എയ്ഡ്', സിറിഞ്ചുകൾ,കതീറ്റർ,റേഡിയേഷൻ ഏറ്റ വസ്തുക്കൾ,മരുന്നുകളും രക്തവും കഫവും മാലിന്യങ്ങൾ നിറഞ്ഞതും അണുപ്രസരണം ഉള്ളതുമായ തുണികൾ ഇങ്ങനെ നീണ്ടുപോകുന്നു പട്ടിക.ഒരു കിടക്ക യിൽ നിന്ന് ഏകദേശം 1.5 മുതൽ 2.5 വരെ കിലോഗ്രാം മാലിന്യങ്ങൾ ഉണ്ടാകുന്നു എന്നാണ് കണക്ക്.ഇൻപേഷ്യൻ്റുകൾ കിടക്ക രോഗിക ളുടെ പത്തിരട്ടി എത്താറുണ്ട്.സ്വാഭാവികമായി തെക്കൻ ജില്ലകളിൽ പ്രതിദിനം 150 ടൺ ആശുപത്രി മാലിന്യങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കായി കണ്ടെത്തിയ ഏനാദിമംഗലത്ത് , പ്രതിദിനം 20 ടൺ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ സൗകര്യം ഉണ്ടാകും എന്നാണ് IMA പറയുന്നത്. 


മഴ കുറവുള്ള കഞ്ചിക്കോട്ട് 23 ഏക്കറിൽ 40 ടൺ മാലിന്യങ്ങൾ എത്തുമ്പോൾ , 20 ടൺ ശേഷി വരുന്ന,മഴ കൂടുതലും നീരുറവകൾ യഥേഷ്ടവുമുള്ള ഏനാദിമംഗലത്ത് 2.77ഏക്കറിലാണ് പദ്ധതി. അതിൽ നിന്ന് തന്നെ പദ്ധതിയുടെ യുക്തിരാഹിത്യം വ്യക്തമാണ്. 


ഇത്തരം മാലിന്യ സംസ്കരണ യൂണിറ്റുകളിൽ നിന്ന് അധിക ചൂട് പുറത്തു വരുവാൻ ഇൻസുനറേറ്റർ കാരണമാണ്.അവ 850 ഡിഗ്രി മുതൽ 1000 ഡിഗ്രി വരെ ചൂടിലാണ് പ്രവർത്തിക്കുന്നത്.മാലിന്യങ്ങ ളുടെ ഘടകങ്ങൾ വായുവിലും ജലത്തിലും സസ്യങ്ങിലും പ്രശ്നങ്ങൾ ഉണ്ടാകും.അണുക്കൾ നിറഞ്ഞ വിഭവങ്ങളിൽ നിന്ന് രോഗാണുക്കൾ പുറത്തുകടന്നാൽ സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. തൊഴിൽ അവസരമോ പഞ്ചായത്തിന് വരുമാനമൊ ലഭിക്കാത്ത , ഏറ്റവും അപകടകരമായ ആശുപത്രി മാലിന്യ സംസ്കരണ യൂണിറ്റിന് മലിനീകരണ വകുപ്പും പരിസ്ഥിതി വകുപ്പും പരിസ്ഥിതി ആഘാത പഠന കേന്ദ്രവും അനുമതി നൽകിയത് ജനങ്ങളെ ഭയപ്പെടുത്തുന്ന വസ്തുത യായി മാറിക്കഴിഞ്ഞു.


IMAGE എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന IMA യുടെ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ അഞ്ചുമല ജനകീയ സംരക്ഷണ സമിതി മറ്റു സംഘടനകൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തി വരുന്നു. വിഷയത്തിൽ പഞ്ചായത്ത് സമിതി വേണ്ട ജാഗ്രത കാട്ടുന്നില്ല എന്ന പരാതി നാട്ടുകാരുടെ ഇടയിലുണ്ട്.


ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ ആരംഭിച്ച കിൻഫ്രയുടെ പാർക്കിനെ ഭാഗികമായി വ്യവസായ യൂണിറ്റുകളും ആകാം എന്ന നയം മാറ്റം തന്നെ വലിയ അപകടങ്ങൾ നാട്ടുകാർക്ക് വരുത്തി വെച്ചു.അതിൻ്റെ ഭാഗമായി എത്തിയ ടാർ യൂണിറ്റും പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളും പരിസ്ഥിതിയ്ക്ക് അപകടങ്ങൾ വരുത്തിവെയ്ക്കുമ്പോഴാണ് അതിലും അപകടകരവും മറ്റു സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ഭയപ്പെട്ടതുമായ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുവാൻ സർക്കാർ പിന്തുണയോടെ IMA ശ്രമിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment