ഉത്തരപ്പള്ളിയാർ പുനരുജ്ജീവന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യവുമായി ജാഗ്രത സമിതി 




ഉത്തരപ്പള്ളിയാർ പുനരുജ്ജീവന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും ആറ് ഒഴുകേണ്ടതിൻ്റെ ആവശ്യകതയേപ്പറ്റി ജനങ്ങളേ ബോധവത്കരിക്കുന്നതിനും വേണ്ടി ഉത്തരപ്പളളിയാർ ജാഗ്രത സമിതി പുലിയൂരിലെ കുളിക്കാം പാലത്ത് ജാഗ്രത സംഗമം നടത്തി. സമിതി കൺവീനർ ഫെബിൻ ലാസർ അധ്യക്ഷത വഹിച്ചു.


ഭൂമിക്കൊരു ചരമഗീതം എഴുതിയ കവിയുടെ നാട്ടിൽ ആണ് നാം ജീവിക്കുന്നത്. അടുത്ത ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടിയാകുമെന്ന് ചിന്തകന്മാർ നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. ഇത്രയധികം കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിട്ടിട്ടും നമ്മൾ വീണ്ടും കൈയേറ്റങ്ങൾ തുടരുന്നത് ന്യായീകരിക്കാൻ ആവില്ലെന്ന് സ്വാഗത പ്രസംഗത്തിൽ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ജയിസ് പാണ്ടനാട് പറഞ്ഞു.


ബഹു. കേരള ഹൈകോടതിയുടെ ഉത്തരവിനേയും തണ്ണീർത്തട സംരക്ഷണ നിയമത്തിനേയും പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോയും നോക്കുകുത്തിയാക്കി നടത്തുന്ന ആല- തൈയ്യിൽപ്പടി - കോടുകുളഞ്ഞി റോഡ് നിർമ്മാണത്തിലുള്ള അമർഷം അദ്ധ്യക്ഷ പ്രസംഗത്തിൽ സമിതി കൺവീനർ ശ്രീ ഫെബിൻ ലാസർ രേഖപ്പെടുത്തി.


പുഴയും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവരെ വികസന വിരോധികളെന്നാക്ഷേപിക്കുന്ന മൂഢൻമാരുടെ  കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അതുകൊണ്ടൊന്നും ഈ പ്രസ്ഥാനത്തെ തളർത്താനാവില്ലെന്നും തൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാവുമെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രപോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.


ജാഗ്രത സമിതിയുടെ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ഇന്ന് പുച്ഛിക്കുന്നവർ നാളെ ഈ പോരാട്ടത്തിൻ്റെ ഭാഗമാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കേരള ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് പറഞ്ഞു.


മുകളിലിരിക്കുന്ന തലക്ക് അഹംഭാവമുണ്ടാകുമ്പോൾ ആ തലക്ക് മുകളിൽ കൈകളുയർന്ന് തലയുടെ അഹംഭാവം ഇല്ലായ്മ ചെയ്യുമെന്നും ജാഗ്രത സമിതി ഭഗീരഥന്മാരാവുക  തന്നെ ചെയ്യുമെന്നും സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ പെണ്ണുക്കര കെ ജി രാധാകൃഷ്ണൻ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.


ജിതേഷ് പാണ്ടനാട് എഴുതി ഫെബിൻ ലാസർ പഞ്ചാത്തല സംഗീതം  നൽകി എം ജി സുരേഷ് പന്തളം സംഗീതം നൽകി പാടിയ  ഉത്തരപ്പള്ളിയാറിൻ്റെ ഉണർത്തുപാട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എബ്രഹാം ലുക്ക് ഗായകൻ സാംസൺ ചെങ്ങന്നൂരിന് നൽകി പ്രകാശനം ചെയ്തു.


താൻ മുൻകൈയ്യെടുത്ത് മറ്റ് നിരവധി പേരോടൊപ്പം തുടങ്ങി വെച്ച പ്രവർത്തനങ്ങൾ ഓർമിപ്പിച്ചു കൊണ്ട് നടത്തിയ ആശംസാ പ്രസംഗത്തിൽ, ഇപ്പോൾ ഉത്തരപ്പള്ളിയാർ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ നിന്ന്‌ വിട്ട് നിൽക്കുന്നവർ അവരുടെ ഈഗോ വെടിഞ്ഞ് ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുവാൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ.പ്രകാശ് ഡി നമ്പൂതിരി ആഹ്വാനം ചെയ്തു.


വെണ്മണിയിൽ നിന്നും ആലായിലും പുലിയൂരിലും കൂടി ഒഴുകി പമ്പയാറ്റിലെത്തിച്ചേരാൻ തടസ്സമായി വെണ്മണി പത്താറ്റിൻ കരയിൽ നിൽക്കുന്ന ചിറ പൊളിക്കുവാൻ നിയമത്തിൻ്റെ പരിരക്ഷയുമായി സമിതിയെത്തുമെന്നും തടവിലിട്ടിരിക്കുന്ന അച്ചൻകോവിലാറിനെ മോചിപ്പിക്കുക തന്നെ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകനായ ആലാ വാസുദേവൻ പിള്ള അധികാരികളെ ഓർമ്മിപ്പിച്ചു.


ജാഗ്രത സമിതി സംഗമത്തിൽ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും പങ്കെടുത്ത എല്ലാവർക്കും നെടുവരംകോട് ബിനുകുമാർ നന്ദി രേഖപ്പെടുത്തി യോഗം പര്യവസാനിപ്പിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment