നിയമങ്ങളെ വെല്ലുവിളിച്ച് നിർമിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കുവാനുള്ള നടപടികൾ പാഠമാകുമോ?




വേമ്പനാട്ടു കായലിൽ നിയമങ്ങളെ വെല്ലുവിളിച്ചു (2007-ൽ) നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കുവാനുള്ള പ്രവർത്തനങ്ങളിലെക്ക് റവന്യു വകുപ്പ് കടക്കു കയാണ്. നെടിയതുരുത്ത് ദ്വീപിനെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം.കെട്ടിടങ്ങള്‍ക്കെല്ലാം തോന്നിയ പോലെ കെട്ടിട നമ്പര്‍ നല്‍കുവാൻ  പാണാവള്ളി പഞ്ചായത്ത് തയ്യാറായി.2020 ജനുവരി 10 ന് റിസോർട്ട് പൊളിച്ചു നീക്കുവാൻ സുപ്രീംകോടതി ഉത്തരവിട്ടു.പാണാവള്ളി പ‍ഞ്ചായത്ത് പൊളിച്ചു നീക്കലിന് മേൽ നോട്ടം വഹിക്കണമെന്നാണ് കോടതി അറയിച്ചത്.17.34 ഏക്കറിലെ 54 വില്ലകൾ നീക്കാനുള്ള സാങ്കേതിക സംവിധാനവും പണവും തങ്ങൾക്കില്ലെന്ന് പ‍ഞ്ചായത്ത് അറയിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് നടപടികളുമായി മുന്നാേട്ടു പോകുവാൻ നിർബന്ധിതരായിരിക്കുന്നു. 


സംസ്ഥാനത്തെ 10 ജില്ലകളിലായി തീരദേശത്തു നടത്തിയ 10000ത്തിലധികം അനധികൃത നിർമ്മാണങ്ങൾ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നിർമ്മാണ ലോബികളുമായുള്ള അനധികൃത ബാന്ധവത്തിനുള്ള സ്മാരകങ്ങളാണ്.


തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അതോറിറ്റി നടപടികൾ കൈ ക്കൊണ്ടിരുന്നില്ല. സുപ്രീം കോടതി ഉത്തരവിലൂടെ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച തോടെയാണ് വിഷയം ഗൗരവതരമായി മാറിയത്.പ്രവാസി വ്യവസായി രവി പിള്ളയുടെ പഞ്ച നക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമ സ്ഥതയിലുള്ള വൻകിട കെട്ടിടങ്ങൾ നിയമ ലംഘകരുടെ കൂട്ടത്തിലുണ്ട്. വൻ കിട ഫ്ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റും മരടിലെ ക്രൗൺ പ്ലാസ ഹോട്ടലും ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണ്. 


മരട് ഫ്‌ളാറ്റ് കേസിനിടെയാണ് സംസ്ഥാനത്തെ മുഴുവൻ തീരദേശ ചട്ട ലംഘന ങ്ങളുടെ കണക്കെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. സർക്കാർ രൂപീകരിച്ച കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി)കളാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലാതലത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തിയിരുന്നു. പരാതികളിൽ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടിക തയാറാക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ൽ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ട ലംഘനങ്ങളാണു റിപ്പോർട്ടിലുള്ളത്.


തീരത്ത്  500 മീറ്ററിനുള്ളിൽ നിർമ്മാണങ്ങൾ പാടില്ല എന്ന 1991ലെ നിയമത്തെ പിന്നീട് അട്ടിമറിച്ചിട്ടും നിയമ ലംഘനങ്ങളിലൂടെ നിർമ്മിച്ച കെട്ടിടങ്ങൾ നിരവധിയാണ്. തുരുത്തുകളിൽ 20 മീറ്റർ ദൂരവും കായലുകൾ, കണ്ടൽക്കാടുകൾ എന്നിവയുടെ 50 മീറ്റർ ദൂരവും കടന്ന്  നിർമ്മാണം നടത്താം എന്നാണ് 2018ൽ പറയുന്നത്. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ കേരളം തയാറാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ പ്ലാൻ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച് അംഗീകാരം വാങ്ങണം. പുതിയ വിജ്ഞാപനത്തിനു മുൻകൂർ പ്രാബല്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. മരടിലെ ഫ്‌ളാറ്റുകൾക്ക് നിയമ മാറ്റത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഈ ഫ്‌ളാറ്റുകൾ കെട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന ചട്ടം പാലിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് സൂപ്രീംകോടതി നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ സർക്കാർ തയ്യാറാക്കുന്ന പട്ടികയിൽ സുപ്രീം കോടതിയുടെ നിലപാട് നിർണ്ണായകമാണ്. മുൻ കാലത്ത് കെട്ടിടം നിർമ്മിച്ചപ്പോൾ 500 മീറ്ററായിരുന്നു ദൂരപരിധി. അത് പിന്നീട് കുറച്ചു.ഇതാണ് ഫ്‌ളാറ്റ് ഉടമകൾ കോടതിയിൽ ഉയർത്തുന്ന ന്യായം. 


സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിൽ 200 മീറ്റർ ദൂര പരിധിക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളെല്ലാം അനധികൃതമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല നിർമ്മിതികളും പൊളിച്ചുമാറ്റേണ്ടവയാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് ഇതിൽ കൂടുതലും. കൊച്ചി ഇളംകുളം വില്ലേജിലാണ് കൂടുതൽ നിയമ ലംഘനങ്ങൾ. 16 നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


തീരദേശത്തെ 10 ജില്ലകളിൽ അനധികൃതമായ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്. കെട്ടിട നിർമ്മാണച്ചട്ട ലംഘനം അടക്കമുള്ളവ ഉൾപ്പെട്ടതിനാൽ വിശദ പരിശോധന നടത്തി അന്തിമ പട്ടിക തയാറാക്കാൻ സർക്കാർ പരമാവധി വൈകിപ്പിക്കുകയാണ്. പാവപ്പെട്ട കുടുംബങ്ങളുടെ വീടുകൾ പട്ടികയിൽ എത്തിയതിനെ മുൻ നിർത്തി വൻ കിടക്കാരെ സംരക്ഷിക്കുവാൻ ഉദ്യോഗസ്ഥരും നേതാക്കളും ശ്രമം തുടരുന്നു.


തീരദേശം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് എന്ന ആശയത്തെ അട്ടിമറിച്ച തീരദേശ പരിപാലന നിയമത്തിൻ്റെ ഗുണഭോക്താക്കൾ വൻകിട കെട്ടിട നിർമ്മാണ വ്യവസായികളും ടൂറിസ്റ്റ് രംഗവുമാണ്. അവരുടെ പട്ടികയിൽ പെട്ട മുത്തൂറ്റ് ഗ്രൂപ്പിൻ്റെ കാപ്പിക്കൊ റിസോർട്ട് പൊളിച്ചുനീക്കുവാൻ തയ്യാറെടുക്കുമ്പോൾ, നിയമ ലംഘന ത്തിനെതിരെ പോരാട്ടം നടത്തിയ മത്സ്യതൊഴിലാളി ശ്രീസൈലനും സുഹൃത്തുക്കൾക്കും ഗ്രീൻ റിപ്പോർട്ടറിൻ്റെ അഭിവാദനങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment