വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖല നിർണയം; മന്ത്രി കെ.രാജു വിളിച്ച യോഗം ഇന്ന്




സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോൺ) സംബന്ധിച്ച് മന്ത്രി കെ.രാജു വിളിച്ച യോഗം ഇന്ന് ചേരും. 23 വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല  ആയി പ്രഖ്യാപിക്കുന്നതു സംബന്ധിച്ചു കേരളം നൽകിയ ശുപാർശകളിൽ തിരുത്തൽ വരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. ഉച്ചയ്ക്ക് 12 ന് മന്ത്രിയുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ വനം സെക്രട്ടറി, വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ പങ്കെടുക്കും.


ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കി പുതിയ ശുപാർശകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കേരളം സമർപ്പിക്കുമെന്നാണ് വിവരം. വന പ്രദേശങ്ങൾക്കു 10 കിലോമീറ്റർ വരെ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലകളാക്കാനായിരുന്നു കേന്ദ്ര നിർദേശം. ഇത് അപ്രായോഗികമാണെന്നാണു കേരളത്തിന്റെ അഭിപ്രായം. ഇതു സംബന്ധിച്ച് 5 മാസം മുൻപു കേരളം ശുപാർശ സമർപ്പിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കി ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്കു ചുറ്റും പരിസ്ഥിതി ലോല മേഖലകൾ എങ്ങനെ സൃഷ്ടിക്കാനാവുമെന്നാണു ഇന്ന് ചേരുന്ന യോഗം പരിശോധിക്കുന്നത്.


പരിസ്ഥിതി ലോല മേഖലകളിൽ നിന്നു ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യമാണു മലയോര മേഖലയിൽ നിന്ന് ഉയരുന്നത്. പല ജില്ലകളിലും ഇതിനായി സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണു മന്ത്രി യോഗം വിളിച്ചത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment