കേരളത്തിലെ തദ്ദേശീയ തെരഞ്ഞെടുപ്പും പരിസ്ഥിതിയും




ഭാഗം - ഒന്ന് - പഞ്ചയത്തീരാജും അധികാര വികേന്ദ്രീകരണവും - ഒരു പ്രശ്നാധിഷ്ഠിത വിശകലനം
 

2020 ഡിസംബർ 8,10,14 തീയയതികളിലായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ  പഞ്ചായത്തി രാജ് സംവിധാനം കേരളത്തിൽ നടപ്പിൽ വരുത്തിയ കാൽ നൂറ്റാണ്ട് കാലം ഒന്നു പരിശോധിക്കാനും ഭാവിയിലേക്കായി ഉറച്ചതും ശരിയുമായ തീരുമാനങ്ങൾക്കും ഈ തെരഞ്ഞെടുപ്പിൽ കഴിയേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം അനുദിനം അപകടപ്പെട്ടു കൊണ്ടിരിക്കു പരിസ്ഥിതിയും ക്ഷയിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളും സംബന്ധിച്ചാണ്. അതിലേക്കുള്ള ചില ചിന്തകൾ ഇവിടെ പങ്കു വക്കുകയാണ്.


ഇന്ത്യൻ ഭരണഘടന നിലവിൽവന്നപ്പോൾ രാജ്യത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്ന രണ്ടുതരത്തിലുള്ള ഭരണസംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്തത്. ജനങ്ങൾക്ക് തങ്ങളുടെ ഭാഗധേയം സ്വയം നിർണയിക്കാൻ കഴിയുന്നതിന്, ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഒരു അധികാര കേന്ദ്രമല്ല, മറിച്ച് പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തമായ ഒരു സംതൃപ്തഗ്രാമമാണ്. "മനുഷ്യന്റെ ആർത്തിക്കുള്ള തല്ല,ആവശ്യങ്ങൾക്കൂള്ള തെല്ലാം പ്രകൃതിയിൽ ലഭ്യമാണ് " എന്നതാണ് ഗ്രാമസ്വരാജിലൂടെ ഗാന്ധിജി ദർശിച്ചത്.  എന്നാൽ പഞ്ചായത്തി രാജ് ഭരണക്രമം ഭരണ ഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തുക മാത്രമാണുണ്ടായത്,


1992ൽ പി.വി. നരസിംഹറാവു ഗവൺമെന്റ് അവതരിപ്പിച്ച 73,74 ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസ്സാക്കുകയും 1993 ഏപ്രിൽ 20ന് രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തതോടുകൂടിയാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഭരണഘടനാ പിൻബലം ലഭിക്കുന്നത്. തുടർന്ന് പഞ്ചായത്ത് സംവിധാനം ശ ക്തിപ്പെടുത്താൻ ഉപകരിക്കുന്ന നിരവധി വ്യവസ്ഥകൾ ഭരണഘടനാഭേദഗതിയിൽ സ്ഥാനം പിടിച്ചു.


1. 20 ലക്ഷത്തിലധികം ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ ത്രിതലപഞ്ചായത്തുകൾ, നഗരപാലിക സ്ഥാപനങ്ങൾ.
2. ഗ്രാമത്തിലെ വോട്ടർന്മാർ ഉൾപ്പെടുന്ന ഗ്രാമസഭ, ആറു മാസം കൂടുമ്പോൾ സഭാ സമ്മേളനം
3. ഓരോ അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നിർബന്ധം
4. അംഗത്വത്തിലും അദ്ധ്യക്ഷ പദവിയിലും മൂന്നിൽ ഒന്ന് സ്ത്രീകൾക്ക് സംവരണം (കേരള സർക്കാർ നടത്തിയ ഭേദഗതി പ്രകാരം 50%സംവരണം)
5. അംഗത്വത്തിലും അദ്ധ്യക്ഷാപദവിയിലും പട്ടികജാതി പട്ടിക. വർഗ്ഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം.
6. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മീഷൻ.
7.  പഞ്ചായത്തുകൾക്ക് ഫണ്ടുനല്കാൻ ധനകാര്യകമ്മീഷൻ
8. ജില്ലാ ആസൂത്രണസമിതികൾ .
9. പ്രകൃതി വിഭവങ്ങളുടെ കരുതലും ഉപയോഗവും നിർണയിക്കുന്നതിനുള്ള സമ്പൂർണ അധികാരം തദ്ദേശിക സർക്കാരിൽ നിക്ഷിപ്തമാക്കി.


പഞ്ചായത്തീരാജ് സംവിധാനവും കേരളവും.


1957ൽ മുഖ്യമന്ത്രി ഇഎംഎസിന്റെ  അദ്ധ്യക്ഷതയിൽ രൂപീകരിച്ച ഭരണപരിഷ്ക്കാരകമ്മിറ്റി പൊതുഭരണത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകമായി ശിപാർശ ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സംവിധാനത്തെ ആയിരുന്നു. 1960-62കാലയളവിൽ സമഗ്രപഞ്ചായത്ത് നിയമവും മുൻസിപ്പാലിറ്റി നിയമവും നിലവിൽ വന്നു. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ 1964ജനുവരി 1ന് കേരളത്തിൽ പുതിയ പഞ്ചായത്ത് നഗരസഭാ ഭരണ  സമിതികൾ നിലവിൽ വന്നു. 


73,74 ഭരണഘടനാ ഭേദഗതിയ്ക്കുശേഷം 1994 ഏപ്രിൽ 24നാണ് കേരളാ പഞ്ചായത്തീരാജ് നിയമവും കേരളാ മുൻസിപ്പാലിറ്റി നിയമവും കേരളനിയമസഭ പസ്സാക്കിയത്.  ഈ നിയമങ്ങളുടെ പിൻബലത്തോടെ 1995 ഒക്ടോബർ 2ന് കേരളത്തിൽ പുതിയ പ്രാദേശിക സർക്കാർ നിലവിൽ വന്നു. 1996 ആഗസ്റ്റ് 17ന് കേരളത്തിൽ സംസ്ഥാന പ്ലാനിങ്ങ് ബോർഡ് നേതൃത്വം നൽകി ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചു.  പദ്ധതി വിഹിതത്തിന്റെ 40%വരെയുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കാൻ സർക്കാർ തീരുമാനിച്ചു.


1996 ൽ സർക്കാർ ഡോ. സത്യബ്രതസെന്നിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. അധികാര വികേന്ദ്രീകരണം പ്രാപ്തമാക്കാനും പ്രാദേശികഭരണം ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സെൻകമ്മിറ്റിയെ നിയോഗിച്ചത്. സെൻ കമ്മിറ്റി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 1999ൽ  പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിൽ സമഗ്രമായ ഭേദഗതി വരുത്തി.. പക്ഷേ കേരളത്തിൽഅധികാരം ജനങ്ങളിലേക്ക് ' എന്ന കാഴ്ചപ്പാട് ക്രമേണ അട്ടിമറിക്കപ്പെടുകയും ആഗോള മുതലാളിത്തത്തിൻ്റെ പങ്കാളിത്ത വികസന മാതൃകകൾ അവലംബിച്ചു കൊണ്ട് ക്ഷേമ പ്രവർത്തനങ്ങളും പ്രാദേശിക വികസന പദ്ധതികളും ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയുമാണുണ്ടായത്. 


അധികാരം ജനങ്ങളിലേക്ക്   എന്ന ആശയത്തെ നിരാകരിക്കുകയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭരണവർഗ്ഗ രാഷ്ട്രിയക്കാരും ചേർന്ന ഒരു ഗൂഢസംഘം ജനങ്ങളുടെ അധികാരം കവർന്നെടുക്കുകയാണുണ്ടായത്. താഴെപ്പറയുന്ന വസ്തുതക
ൾ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാന സങ്കല്പമായ വികേന്ദ്രീകരണ ആസൂത്രണ മെന്ന ആശയത്തെ എത്രമാത്രം വികലമാക്കി എന്ന് വ്യക്തമാക്കുന്നു. 


1. അധികാരവികേന്ദ്രീകരണം വാക്കിൽ മാത്രമായി ചുരുങ്ങി-പതിനേഴ് ഡിപ്പാർട്ടുമെന്റുകൾ പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുത്തെയെങ്കിലും ഉദ്വോഗസ്ഥനിയന്ത്രണാധികാരം നല്കിയില്ല.
2. ഗ്രാമസഭകൾ നോക്കുകുത്തിയായി!  ഭരണഘടനാ പരമായ ബാദ്ധ്യതയെന്ന നിലയിൽ സ്വന്തക്കാരെ പങ്കെടുപ്പിച്ചും ആനുകൂല്യങ്ങളുടെ വാഗ്ദാനങ്ങളിൽ വ്യാമോഹിപ്പിച്ചും ക്വോറം തികക്കുന്ന കമ്മിറ്റികളായി ഗ്രാമസഭകൾ മാറി. ജനങ്ങൾക്ക് നൽകേണ്ട അധികാരം ജനപ്രതിനിധികളിലും രാഷ്ടീയ നേതാക്കളിലും കേന്ദ്രീകരിച്ചു.
3. നിയമ പരമായും ഭരണഘടനാപരമായും വനിതകൾക്ക് അധികാരം ലഭ്യമായെങ്കിലും ഒട്ടുമിക്കപഞ്ചായത്തുകളിലും നഗരസഭകളിലും രാഷ്ട്രിയ നേതൃത്വത്തിലെ പുരുഷമേധാവിത്വം ഭരണം നിയന്ത്രിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കാനും ഭരണമികവു തെളിയിയ്ക്കാനും  സ്ത്രീകൾക്ക് കഴിയാതെപോയി.
4. കുടുംബശ്രീ യുടെ സാമൂഹിക അദ്ധ്വാനശക്തിയെ അച്ചാറിലും പപ്പടത്തിലും ചീരകൃഷിലും ഒതുക്കി.45ലക്ഷം അംഗങ്ങളുള്ള കുടുബശ്രീ യൂണിറ്റുകളെ ഗ്രാമീണജീവതഗുണമേന്മ വർദ്ധിപ്പിക്കാനും സ്ത്രീ ശാക്തീകരണത്തിനുമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. 
5. പട്ടികജാതി പട്ടികവർഗ്ഗകുടുംബങ്ങളുടെ ജീവിതഗുണതയിൽ ഉണ്ടായ ഉയർച്ച , (വൈദ്യുതി, വീട്, കുടിവെള്ളം, സാനിറ്റേഷൻ), അവരുടെ ദൈനംദിന ജീവനത്തിന് ആവശ്യമായ വരുമാന സ്രോതസുകൾ വർദ്ധിപ്പിയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും വേണ്ടത്ര പ്രയോജനപ്പെട്ടില്ല. 
6. ഗ്രാമ - നഗര സംവിധാനങ്ങൾ ആധുനിക വൽക്കരിക്കപ്പെടുകയും ഏകജാലക സംവിധാനം നടപ്പിലാവുകയും ചെയ്തതോടെ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിൽ ഗുണപരമായ മാറ്റവും അഴിമതിയും കൈക്കൂലിയും നിർമാർജനം ചെയ്യപ്പെട്ട സുതാര്യമായ ഒരു ജനാധിപത്യ സംവിധാനവുമാണ് പ്രതീക്ഷിച്ചതെങ്കിലും അത് എങ്ങുമെത്തിയില്ല. മറിച്ച് കേന്ദ്രീകൃതമാവുകയും ചെയ്തു.
7. ജനങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഔദാര്യമായി കാണുകയും അതിന് വേണ്ടപ്പെട്ടവരെ കണ്ട് പടി (കൈക്കൂലി തന്നെ) കെട്ടേണ്ട അവസ്ഥയും സാർവത്രികമായി.
8. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആവശ്യങ്ങൾക്കും ലഭ്യമാകുന്ന വിഭവങ്ങൾക്കും മുൻഗണന നൽകി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന ആദ്യഘട്ട രീതികളെല്ലാം അട്ടിമറിക്കപ്പെടുകയും പദ്ധതികൾക്ക് അനുവദിക്കപ്പെട്ട ഫണ്ട് ജനപ്രതിനിധികളിലൂടെ വിതരണം ചെയ്യുന്ന തല തിരിഞ്ഞ സമ്പ്രദായം നിലവിൽ വരുകയും ചെയ്തു.ഇത് കമ്മീഷന്റെയും അഴിമതിയുടേയും വിതരണമായി പരിണമിച്ചു.
9. പ്രകൃതി വിഭവങ്ങളായ കൃഷി നിലങ്ങളും  കാടും വെള്ളവും ഭൂമിയും കരുതലോടെ കാത്ത് വക്കേണ്ടതിനു പകരം അവയെ വിറ്റ് കാശാക്കുന്നതിലും ലാഭ വിഹിതം പങ്കുപറ്റാൻ ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും മത്സരിക്കുന്ന വിധം തകർചയിലേക്ക് പ്രാദേശിക ഭരണ വ്യവസ്ഥ കൂപ്പു കുത്തി.
10. ഭരണഘടന പ്രകാരമുള്ള പഞ്ചായത്ത് രാജ് അധികാരങ്ങൾ എടുത്ത് കളഞ്ഞ് പഞ്ചായത്ത് / നഗരസഭയുടെ അനുമതിയില്ലാതെ തന്നെ വ്യവസായ സംരംഭങ്ങൾക്ക് ഏകജാലകം വഴി വ്യവസായ വകുപ്പ് നേരിട്ട് അനുമതി നൽന്നതിനുള്ള നടപടികൾ നിലവിൽ വന്നു.
11. 2005ലെ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് മുന്നേതന്നെ 1994ൽ പഞ്ചായത്തുഭരണത്തിൽ ജനങ്ങളുടെ അറിയാനുള്ള അവകാശം ഉറപ്പാക്കിരുന്നു.
12. പരാതി പരിഹാര സ്ഥാപനങ്ങളായ പഞ്ചായത്ത് ട്രൈബൂണലും ഓംബുഡുസ് മാനും നിഷ്ക്രിയമായി.
13. മരാമത്തുപണികൾ ഉപഭോക്തൃസമതികളിൽ നിന്നും കരാറുകാരനിലേക്ക് മാറി. ബനിഫിഷ്യറീ കമ്മിറ്റിയുടെ നിരീക്ഷണവും സോഷ്യൽ ഓഡിറ്റും നിലച്ചു.എസ്റ്റിമേറ്റ് തുകയും നിർമ്മാണചിലവും ബോർഡിൽ എഴുതിവയ്ക്കുന്ന ചടങ്ങ് രീതി പോലും അവസാനിച്ചു


ജനങ്ങളുടെ അധികാരം തിരിച്ചു പിടിക്കുക

 
1. ഭരണഘടനാ സ്ഥാപനമെന്നഗ്രാമസഭകളുടെ സ്റ്റാറ്റ്യൂട്ടറിപദവി തിരിച്ചു നല്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എങ്കിൽമാത്രമേ ഗ്രാമസഭാ തീരുമാനങൾ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താൻ കഴിയൂ.
2. പഞ്ചായത്തുകളുടെ അധികാര പരിധിയിലുള്ള പ്രകൃതി വിഭവങ്ങളുടെ, മണൽ, കരിങ്കല്ല്, ധാതു വിഭവങ്ങൾ എന്നിവയുടെ നിയന്ത്രണാധികാരം പഞ്ചായത്തുകൾക്ക് നല്കുക.
3. വിദേശമദ്യവില്പനശാലകൾ,കള്ളുഷാപ്പ്,ക്വാറികൾ, പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലൈസൻസ് നല്കാനും നിയന്ത്രിക്കാനുമുള്ള അധികാരം പഞ്ചായത്ത് രാജ് സംവിധാന ത്തിന് നല്കുക.
4. പഞ്ചായത്തുകളിലേക്ക് നല്കിയ പതിനേഴ് ഡിപ്പാർട്ട്‌മെന്റുകളിലെ ജീവനകാരുടെ സേവന വേതന വ്യവസ്ഥകൾ അവരുടെ നിയമനം, ട്രാൻസ്ഫർ എന്നിവയെല്ലാം സർക്കാരിൽ തന്നെ നിക്ഷിപ്‌തമാക്കുകയും സംസ്ഥാനസർക്കാർ ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരുടെ നിയന്ത്രണാധികാരം പഞ്ചായത്ത് നഗരപാലിക സ്ഥാപനങ്ങൾക്ക് നല്കുക.
5. പരിസ്ഥിതി പ്രശ്നങ്ങളിലും പ്രകൃതി വിഭവങ്ങളുടെ കരുതലോടെയുള്ള വിനിയോഗത്തിലും ജൈവവൈവിധ്യബോർഡിന്റെ പഞ്ചായത്ത് തല കമ്മിറ്റിയുടെ ഇടപെടൽ കുറ്റമറ്റതാക്കുക.
6. പഞ്ചായത്ത് ധനകമ്മീഷന്റെ നിർദ്ദേശപ്രകാരം പ്ലാൻ ഫണ്ടിന്റെ 40% പഞ്ചായത്തുകൾക്ക് നല്കുക.
7. ജനവിരുദ്ധമായ പ്രവർത്തന ങ്ങളിൽ പങ്കു ചേരുക , പദ്ധതി വിഹിതത്തിൽ നിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ കമ്മീഷനോ കൈക്കൂലിയോ കൈപ്പറ്റുക  തുടങ്ങിയവയിലൂടെ ജനസമ്മതി നഷ്ടപ്പെട്ടു എന്ന് ഗ്രാമ സഭ വിധിച്ചാൽ ആ ജനപ്രതിനിധി സ്ഥാനമൊഴിയണമെന്ന് അനുശാസിക്കുന്ന നിയമം പഞ്ചായത്തി രാജി നിയമത്തിൽ ചേർക്കുക.
8. പഞ്ചായത്ത് കമ്മിറ്റി തീരുമാനങൾ ഏറ്റവും അടുത്ത പ്രവൃത്തിദിവസം പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തുക.
9. ഗ്രാമപഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പുകളിൽ കക്ഷി രാഷ്ട്രീയ കിടമൽസരമില്ലാതെ പ്രകൃതിയുടെ സുരക്ഷയും  ജനങ്ങളുടെ ജീവിത സുരക്ഷയുമടക്കമുള്ള രാഷ്ടീയത്തിൽ സത്യസന്ധമായി ഉറച്ചുനിൽക്കുന്ന , വിവേകവും തിരിച്ചറിവു മുള്ളവരുടെ ആരോഗ്യകരമായ മൽസരമുണ്ടാകണം. മറ്റ് സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ പാഠമാകണം.
10. നാം ആഗ്രഹിക്കുന്ന സർഗാർത്മക ജനാധിപത്യവും സുസ്ഥിര വികസനവും പരിസ്ഥിതി - പ്രകൃതി സംരക്ഷണവും  സംബന്ധിച്ച് സമഗ്രമായ പദ്ധതികൾ തദ്ദേശീയമായി രൂപപ്പെട്ടു വരേണ്ടതുണ്ട്.


അതെല്ലാം മനസ്സിൽ കരുതി വക്കാനും ധീരമായി നീതിക്കു വേണ്ടി പൊരുതാനും കരുത്തും ഇഛാശക്തിയുമുള്ള സ്ഥാനാർത്ഥികളാണ് വിജയികളായി അധികാര സോപാനത്തിലെത്തേണ്ടത് എന്ന് മലയാളിയെ ഗ്രീൻ റിപ്പോർട്ടർ ഓർമ്മപ്പെടുത്തുന്നു.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment