മംഗലപുരത്തെ കളിമൺ ഖനനം നിരോധിച്ചുള്ള ഹൈക്കോടതി വിധി നിലനിർത്തി സുപ്രീം കോടതി വിധി




കേരള സംസ്ഥാനത്തെ ഖനന രംഗത്ത് നിലനിൽക്കുന്ന ഭീകരമായ നിയമ ലംഘനങ്ങൾ നമ്മുടെ പ്രകൃതിയെയും സാമ്പത്തിക രംഗത്തെയും പിടിച്ചുലച്ചു വരികയാണ്.  തെറ്റായ ഖനന സമീപനം മലകളേയും പാടങ്ങളേയും പുഴകളേയും തകർക്കുന്നതിൽ ഭരണ കൂടം കൂട്ടു നിൽക്കുകയോ  നിസ്സംഹത പാലിക്കുകയോ ചെയ്യുന്നു. ക്വാറി, ക്രഷറർ, കരിമണൽ, മണ്ണ് മുതലായ ഖനന രംഗത്ത് നിലനിൽക്കുന്ന വൻ അഴിമതി ജനങ്ങളുടെ ആരോഗ്യത്തെയും ജീവിക്കുവാനുള്ള അവകാശത്തെയും വലിയ അർത്ഥത്തിൽ പ്രതിസന്ധിയിലാക്കി.   

തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്തെ വൻ തോതിലുള്ള കളിമൺ ഖനനത്തിനെതിരായ ജനകീയ സമരത്തിനൊപ്പം ജനങ്ങൾ നടത്തിയ കോടതി വ്യവഹാരത്തെ അംഗീകരിച്ചു കൊണ്ടുള്ള  ഹൈക്കോടതി വിധി സുപ്രീം കോടതി നില നിർത്തിയിരിക്കുന്നു.  ജനങ്ങളുടെ വികാരം മനസ്സിലാക്കിയ കോടതി വിധിയെ  അനുമോദിക്കട്ടെ.


വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിനൊടുവിലാണ് മംഗലപുരത്ത് കളിമൺ ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.  ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് ഇവിടെ നടത്തിയ കളിമൺ ഖനനം നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇവിടെ ഇനി കളിമൺ ഖനനം നടത്താൻ പാടില്ല. ഇവിടെ നിന്ന് എത്ര മണ്ണ് എടുത്തു എന്ന് കണക്കാക്കി അതിന്റെ വിലയീടാക്കാനും കോടതി നിർദ്ദേശിച്ചു. അഞ്ച് ഹെക്ടറിൽ കൂടുതൽ പ്രദേശത്ത് ഖനനം നടത്തുമ്പോൾ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.


അനധികൃത ഖനനം നടത്തിയവർക്കെതിരെയും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാനും അതിന്റെ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. കമ്പനി പരാതിക്കാർക്ക് 10000 രൂപ വീതം കോടതി ചെലവ് നൽകണം. കമ്പനി തുക ഒടുക്കിയില്ലെങ്കിൽ ജില്ലാ കളക്ടർക്ക് ജപ്തി നടപടി സ്വീകരിക്കാമെന്നും സ്ഥലം ഏറ്റെടുക്കാമെന്നും കോടതി വിധിച്ചു. ഖനനത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ സമർപ്പിച്ച ഹർജികളും, ഖനന അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തു കമ്പനി സമർപ്പിച്ച വിവിധ ഹർജികളും പരിഗണിച്ചാണ് കോടതി വിധി. ഒരു വിഷയത്തിൽ ഒന്നിലധികം ഹർജികൾ സമർപ്പിക്കുകയും വെവ്വേറെ അഭിഭാഷകരെ വെക്കുകയും എതിർകക്ഷികളെ ചേർക്കാതെയിരിക്കുകയും ചെയ്ത കമ്പനി നടപടിയെയും കോടതി വിമർശിച്ചു. മറ്റു ഹർജികളുടെ വിവരം മറച്ച് വെക്കാനാകും ഇങ്ങനെ ചെയ്തതെന്ന് കോടതി പറഞ്ഞു. 


മംഗലപുരം,അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 110 ഹെക്ടറോളം സ്ഥലത്താണ് ചൈന ക്ലേയുടെ ഖനനം നടന്നത്. പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷങ്ങളായിരിക്കുന്നു. ഒരു മൈൻ പ്രവർത്തിക്കുന്നതിനാവശ്യമായ യാതൊരു നിയമങ്ങളും പാലിക്കാതെയാണ് ഖനനം എന്ന് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിക്കുന്നു. 45 വർഷങ്ങളായി തുടരുന്ന ഖനനം മൂലം ഈ  പ്രദേശം മുഴുവൻ അഗാധ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് എന്ന കമ്പനി ഇവിടെ ചൈന ക്ലേ ഖനനം ചെയ്തെടുക്കുന്നത്. ഖനനം നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ നടക്കുന്നുവെന്ന ഉറപ്പ് വരുത്തേണ്ടുന്ന ഉദ്യോഗസ്ഥ സംവിധാനം മുഴുവൻ സ്വാധീനങ്ങൾക്ക് വഴങ്ങി കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്നും  ജനശക്തി ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു ഹൈക്കോടതി വിധി. ആ വിധിക്കെതിരെ സുപ്രീം കോടതിയിൽ കമ്പനി നൽകിയ ഹർജി ഇപ്പോൾ തള്ളി ഹൈക്കോടതി വിധിയെ സുപ്രീം കോടതി നിലനിർത്തിയിരിക്കുന്നു..

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment