മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിർമ്മാണം; സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്




കൊച്ചി നഗരഹൃദയത്തിലെ പച്ചത്തുരുത്തായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. ദേശിയ ഹരിത ട്രിബ്യുണൽ ഏർപ്പെടുത്തിയ നിരോധനം, നീക്കണം എന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.  


വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാൽ നിർമാണ പ്രവത്തനങ്ങൾ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശിയ ഹരിത ട്രിബ്യുണൽ നിരോധനം ഏർപ്പെടുത്തിയത്. 


എന്നാൽ, മംഗളവനത്തിന് സമീപത്തുള്ള എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കണം എന്നാണ് റെയിൽവെയുടെ ആവശ്യം. ഇടപ്പള്ളിയിൽ നിന്ന് പഴയ റെയിൽവേ സ്റ്റേഷനിലേക്കുള്ള തീവണ്ടിപ്പാത നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കാൻ അനുവദിക്കണം എന്നും ദക്ഷിണ റെയിൽവേ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.


ദക്ഷിണ റെയിൽവെ ജനറൽ മാനേജർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും ലോയേഴ്സ് എൻവിയോൺമെന്റൽ അവെയർനെസ് ഫോറം എന്ന സംഘടനയ്ക്കുമാണ് ജസ്റ്റിസ് മാരായ റോഹിങ്ടൺ നരിമാൻ, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment