പാരിസ്ഥിതിക തിരിച്ചടി അംഗീകരിക്കാൻ മടിച്ച് മന്ത്രി ; ഞങ്ങളെന്തേലും ചെയ്തിട്ടാണോ മഴ പെയ്തതെന്ന് ചോദ്യം.




പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടാണോ മഴ പെയ്തതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി . പ്രളയം പ്രകൃതിയുടെ സൃഷ്ടിയാണ്, നൂറ്റാണ്ട് കൂടുമ്പോഴൊക്കെ വരാവുന്നതാണ്, ഇനിയും ചിലപ്പോൾ കുറെ വർഷങ്ങൾ കഴിയുമ്പോൾ പ്രളയം ഉണ്ടായേക്കാം എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറേയാളുകള്‍ മരിക്കും, കുറേയാളുകള്‍ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും അദ്ദേഹം പറഞ്ഞു. 

 

നാനൂറോളം പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ പോയി. കന്നുകാലികള്‍ പോയി. മഴ കഴിഞ്ഞ് ഇപ്പോൾ വരൾച്ചയാണ് വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. 

 

ഇടുക്കിയില്‍ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം കൈയേറ്റങ്ങളാണോയെന്ന ചോദ്യത്തിന് ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്കും വിഷമുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാധവ് ഗാഡ്ഗില്‍, പി.ടി. തോമസ് എന്നിവരുടെ ലേഖനങ്ങളിങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. അതിനോടൊന്നും പ്രതികരിക്കാന്‍ സമയമില്ലെന്നും എം.എം. മണി പറഞ്ഞു.

 

മൂന്നാറില്‍ സബ്കളക്ടര്‍ക്ക് ഒഴിപ്പിക്കാന്‍ പറ്റാതിരുന്നത് പ്രകൃതി ഒഴിപ്പിച്ചുവെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങനെ ആരെല്ലാം എന്തെല്ലാം പറയുന്നു. അതിനെല്ലാം ഞാന്‍ പ്രതികരിക്കണോയെന്നും തനിക്ക് വേറെ പണിയുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.  

 

പാരിസ്ഥിതിക ചൂഷണങ്ങൾ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു. പാരിസ്ഥിതിക രംഗത്തെ വിദഗ്‌ധരും അനിയന്ത്രിതമായ മലയിടിക്കലും,കയ്യേറ്റവും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും ആഘാതം വർദ്ധിപ്പിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലും മഴ പെയ്തത് ആരുടെ തെറ്റാണെന്ന് ലഘൂകരിക്കുകയും, മാധവ് ഗാഡ്ഗിൽ അടക്കമുള്ളവരെ പരോക്ഷമായി എങ്കിലും ആക്ഷേപിക്കുകയും ചെയ്യുന്നത് കേരള പുനർനിർമ്മാണം പഴയ തലതിരിഞ്ഞ വഴിയിലേക്ക് തന്നെ പോകുമെന്ന സൂചനയാണ് നൽകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment