നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; 2005 ആവർത്തിക്കുമെന്ന ഭീതിയിൽ മുംബൈ




അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലി കരയിലേക്ക് വീശുക. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്ര തീരവും ഇതോട് ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്. കടല്‍ ഒരു കിലോമീറ്റ‌ര്‍ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്.


തീര ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. മുംബൈ,താനെ,പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.


നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുണ്ടാവുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 2005 ലെ മുംബൈ വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് പ്രവചനങ്ങളിലുള്ളത്. അടുത്ത 24 മണിക്കൂറില്‍ 20 സെന്‍റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 


2005 ജൂലൈ 26 ലെ പെരുമഴയില്‍ 90 സെന്‍റീമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്തിറങ്ങിയത്. കെട്ടിടങ്ങളുടെ പല നിലകള്‍ മുങ്ങി. വാഹനങ്ങളിലും വീടുകളിലും അടക്കം ശ്വാസം കിട്ടാതെ 1000 ലേറെ പേര്‍ മരിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് താഴെയായ മുംബൈയിലെ പല ഭാഗങ്ങളും എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment