പത്തനംതിട്ടയിൽ 2000 വർഷം പഴക്കമുള്ള മുനിയറകണ്ടെത്തി




മഹാശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളായ മുനിയറകള്‍ അടൂരിനടുത്ത് ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കര അടപ്പുപാറയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തി. യൂണിവേസിറ്റി കോളേജിലെ എം.എ. ചരിത്രവിദ്യാർത്ഥി ഹരിനാരായണൻ ഏനാദിമംഗലത്തിന്റെ പൈതൃകം എന്നപേരിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ആർക്കിയോളജി വിഭാഗം ഈ പ്രദേശത്ത് ഉൽക്കനനം ആരംഭിച്ചിരിക്കുന്നത്. കണ്ടെത്തിയ കളിമൺ പാത്രങ്ങളുടെയും ഇരുമ്പ്ആയുധങ്ങളുടെയും പഴക്കം സംബന്ധിച്ച് ഇനി പരിശോധന നടത്തും പരിവേഷണവും പഠനവും കാണാൻ നിരവധി പേരാണ് ഇവിടേക്ക്എത്തുന്നത്. കാര്യവട്ടം ക്യാമ്പസിലെ ഡോ:.എസ്.വി. രാജേഷും ഡോ: അഭയനുമാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ നാട്ടുകാർക്കും കാണികൾക്കും വിശദീകരിക്കുന്നത്. ഇരുവരും കാര്യവട്ടംക്യാമ്പസിലെ ആർക്കിയോളജി വിഭാഗം അസി. പ്രഫസർമാരാണ്.


പ്രദേശത്ത് ഒട്ടേറെ മുനിയറകൾ ഉണ്ടെന്ന് മുൻപ് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പൂതങ്കര ജി.പി.എം യു പി സ്കൂൾ പുറത്തിറക്കിയിരുന്ന പാഠം ഒന്ന് ഒരുദേശ സംസ്കൃതി എന്ന ഡോക്യുമെന്ററിയിൽനിന്നാണ് ഹരിനാരായണൻ ഇത് സംബന്ധിച്ച് മനസിലാക്കുന്നത്.ഇതാണ് പ്രബന്ധത്തിലേക്ക്നയിച്ചത് നാലുവശവും നീളമുളള പാറകളാൽ നിർമ്മിതമായ രണ്ട് മുനിയറകളാണ് ഇവിടെ കണ്ടെത്തിയത്. കാൽനൂറ്റാണ്ട് മുമ്പ് മുനിയറയ്ക്കുള്ളിലെ സ്വർണ്ണവും വിലപിടിപ്പുള്ള വസ്തുക്കളുംതേടി പ്രദേശവാസികളായ ചിലർ ഖനനം നടത്തിയിരുന്നതായി പഴമക്കാർ പറയുന്നു


ഐതീഹ്യപരമായി ഏനാദിമംഗലത്തിന് ചരിത്രാതീതകാലത്തോളം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു.ചെന്നീർക്കര രാജവംശത്തിൻ്റെയും തുടർന്ന് കായംകുളം രാജവംശത്തിൻ്റെയും അധീനതയിൽപെട്ട പ്രദേശമായിരുന്നു ഇതെന്ന് കരുതുവാൻ തക്ക ചരിത്രാവശിഷ്ടങ്ങൾ പ്രദേശങ്ങളിൽ നിന്ന് മുൻപും ലഭിച്ചിരുന്നു.


കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ കൊട്ടാരമായിരുന്ന തൃപ്പൂണിത്തറ ഹിൽപ്പാലസിൽ ഏനാദിമംഗലത്ത് നിന്നും കൊണ്ട് വന്ന പുരാതന ശിവക്ഷേത്രത്തിൻ്റെ ഒരു ഭാഗം പ്രദർശിപ്പിച്ചിട്ടുണ്ട്. മുൻപ് പട്ടാളക്കാരെ പരിശീലിപ്പിച്ച് വന്നിരുന്നതെന്ന് കരുതുന്ന ഒരു കളരിയും ക്ഷേത്രവും ചെന്നീർക്കര രാജവംശത്തിൻ്റെ തായ് വഴിയെന്ന് കരുതുന്ന ചേന്നായത്ത് കുടുംബത്തിനോട് ചേർന്ന് ഇപ്പോഴും കാണാം. സമീപത്തെ കുതിരമൺ പാലത്തിന് പടിഞ്ഞാറ് വശത്തായി കനാലിനോട് ചേർന്ന് ഈ അടുത്ത കാലത്ത് വരെ ഒരു വലിയ കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നുണ്ട് 
 രണ്ടായിരത്തോളം വര്‍ഷം മുമ്പ് മഹാശിലാ കാലഘട്ടത്തില്‍ ജനവാസ കേന്ദ്രമായിരുന്നു പൂതങ്കരഎന്നതിന്റെ തെളിവുകളാണ് മുനിയറയെന്ന് വിളിക്കപ്പെടുന്ന കല്ലറകള്‍. ശിലായുഗത്തിനു ശേഷം ഇരുമ്പിന്റെ ഉപയോഗം ആരംഭിക്കപ്പെട്ട കാലത്ത് ജീവിച്ചിരുന്നവരുടെ സംസ്കാരത്തിന്റെ അടയാളങ്ങളാണ് കല്ലറകളെന്ന് ഗവേഷകർ പറയുന്നു. 


മുമ്പ് കാസർഗോഡ് ജില്ലയിൽ നിന്നും കണ്ടെത്തിയ കല്ലറകളോട് സാമ്യമുള്ളവയാണ് ഇവ. മുകള്‍ ഭാഗത്ത് അടപ്പ്  ഉള്ളില്‍ സൂക്ഷിച്ചുവച്ച മണ്‍പാത്രങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും വെയിലും മഴയും ഏല്‍ക്കാത്ത രീതിയില്‍ സുരക്ഷിതമായി നിര്‍മിച്ചതാണ് ഏനാദിമംഗലത്ത്കണ്ടെത്തിയ മുനിയറകളും. രണ്ട് മുനിയറകള്‍ക്കും എട്ട് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും ഒന്നര മീറ്റര്‍ ഉയരവും ഉണ്ട്.ശാസ്ത്രീയമായ പഠനമാണിപ്പോൾ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനകളും നടത്തുന്നുണ്ട്. 7 ദിവസമായി നടക്കുന്ന ഖനനത്തിൽ കാര്യവട്ടം ക്യാമ്പസിലെ ആർക്കിയോളജി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 13 പേർ പങ്കെടുക്കുന്നുണ്ട്.  മുനിമാരുടെ സങ്കേതമാണെന്ന ധാരണയിലാണ് പ്രദേശവാസികള്‍ മുനിയറകളെ കാണാറുള്ളത് എന്നതിനാല്‍ ചരിത്ര പ്രാധാന്യം ബോധ്യപ്പെടാറില്ല. മുനിയറകളുടെ കണ്ടെത്തലുകളും പല ഭാഗത്തായി കാണുന്ന പ്രാചീന ശിലാ ചിത്രങ്ങളും മഹാശില കാലഘട്ടം മുതല്‍ക്കു തന്നെ ജനവാസ കേന്ദ്രമായിരുന്നുവെന്നതിന് തെളിവാണെന്ന് ചരിത്ര ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment