ചെറുവള്ളി വിമാനത്താവളം: അതിരുകളില്ലാത്ത കോർപ്പറേറ്റ് പാദസേവ !




"കോർപ്പറേറ്റ് വൽക്കരണത്തിലും സ്വകാര്യവൽക്കരണത്തിലും ശ്രദ്ധയൂന്നുന്ന", തും "ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന" തുമായ ഭരണമാണ് മോദിയുടേതെന്നാണ്, ജൂൺ 19, 2020 ലെ ദേശാഭിമാനി പത്രത്തിൽ സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിന്റെ കാതൽ. എന്നാൽ, കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന കേരളത്തിലെ സർക്കാർ, "അത്മനിർഭർ" എന്ന സത്യാനന്തര പ്രയോഗത്തിന്റെ മറവിൽ മോദി സർക്കാരിനു പോലും ചെയ്യാനാവാത്തത്ര കോർപ്പറേറ്റ് പ്രീണനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത കോടിയേരി കണ്ടില്ലെന്നു നടിക്കുകയാണ്. അതിരപ്പിള്ളിയും സെമി - ഹൈ സ്പീഡ് റെയിലും കടന്ന് അതിപ്പോൾ ഏരുമേലിയിലെ ചെറുവള്ളി വിമാനത്താവളം വരെ എത്തി നിൽക്കുന്നു.


ചെറുവള്ളി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരവധി തവണ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടതിനാൽ വിശദാംശങ്ങളിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. ചില പ്രധാന കാര്യങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്. തീർച്ചയായും, ഒരു വെടിക്ക് പല പക്ഷികളെ ലക്ഷ്യമിടുന്ന അതിവിദഗ്ധമായ ഒരു കരുനീക്കമാണ്  പിണറായി ഭരണത്തിന്റെ ഈ വിമാനത്താവള പദ്ധതി.


1. ഒന്നാമതായി, ഇന്ത്യൻ ഭരണഘടന ലംഘിച്ചും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചും ഹാരിസൺസ് എന്ന ബ്രിട്ടീഷ് കമ്പനി കേരളത്തിലെ വിവിധ ജില്ലകളിലായി നിയമ വിരുദ്ധമായി കൈവശം വെച്ചു പോരുന്ന ഒരു ലക്ഷത്തോളം ഏക്കർ തോട്ട ഭൂമിയിൽ നിന്നാണ് ചെറുവള്ളിയിൽ 2263.18 ഏക്കർ ഭൂമി ബിലീവേഴ്സ് ചർച്ച് എന്ന 'സുവിശേഷ എൻജിഒ' ക്ക് വ്യാജ രേഖയുണ്ടാക്കി മുറിച്ചു വിറ്റത്. 2005 ൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ നിയമ വിരുദ്ധ കൈമാറ്റം നടന്നത്. തുടർന്ന്, 2006 മുതൽ ഇതു സർക്കാർ ഭൂമിയാണെന്നും കൈമാറ്റം നിയമ വിരുദ്ധമാണെന്നും കേരള സർക്കാർ കോടതിയിൽ വാദിച്ചു പോരുകയായിരുന്നു.  എന്നാലിപ്പോൾ , സർക്കാരിന്റെ ഈ ഉടമസ്ഥാവകാശം എന്നേക്കുമായി കയ്യൊഴിഞ്ഞ്  കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ച് ബിലീവേഴ്സ് ചർച്ചിൽ നിന്നും  വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. 


സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന്  ഇപ്രകാരം നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നിരിക്കെ, ഇന്ത്യയിലെ ഒരു സർക്കാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു തീവ്ര വലതു - കോർപറേറ്റ് അജണ്ടയാണ്  പിണറായി ഭരണം ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികളും ബിലീവേഴ്സ് ചർച്ചുമെല്ലാമായി പല ഘട്ടങ്ങളിലായി നടന്നിട്ടുള്ള ധാരണകൾക്കപ്പുറം അതി വിപുലമായ മാനങ്ങളുള്ളതാണ് ചെറുവള്ളി വിമാനത്താവള ഡീൽ. ഭൂമിക്കു നഷ്ടപരിഹാരം നൽകുന്നതിലൂടെ, കോർപറേറ്റ് ഭൂമാഫിയകൾ രേഖകളില്ലാതെ കൈവശപ്പെടുത്തിയ ഭൂമി മുഴുവൻ അവർക്ക് അവകാശപ്പെട്ടതാണെന്ന  സർക്കാർ നിലപാടാകും അത് . ഇതുവഴി, ഹാരിസൺസും കണ്ണൻ ദേവനുമെല്ലാം അധികാരക്കൈമാറ്റം മുതൽ കേരളത്തിൽ നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുള്ള (രാജമാണിക്യം റിപ്പോർട്ടും അതിനു മുമ്പുള്ള നിരവധി കമ്മീഷൻ റിപ്പോർട്ടുകളും രേഖപ്പെടുത്തിയതു പ്രകാരം) അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി  ഈ ദേശ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തിലേക്കു ഏല്പിച്ചു കൊടുക്കാനുള്ള അതിവിദഗ്ധമായ കോർപ്പറേറ്റ് പ്രീണനത്തിനാണ് കോവിഡിന്റെ മറവിൽ പിണറായി ഭരണം തുടക്കമിട്ടിരിക്കുന്നത്.  ഇതുവഴി, ഹാരിസൺസിനും ഗോസ്പൽ ഏഷ്യക്കും മറ്റുമെതിരെ നിലനിൽക്കുന്ന സിവിലും ക്രിമിനലുമായ ഒട്ടനവധി നിയമ നടപടികളും അപ്രസക്തമാകും.


2.  ചീറ്റിപ്പോയ ആറന്മുള പദ്ധതിക്കു ബദലായി, എരുമേലി വിമാനത്താവളപദ്ധതി കടത്തിക്കൊണ്ടുവരുമ്പോൾ,  ഇന്ത്യയിൽ നിലവിലുള്ള ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും ഒന്നൊന്നായി ലംഘിക്കപ്പെടുകയാണ്. ഇന്ത്യൻ സിവിൽ ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം രണ്ടു വിമാനത്താവളങ്ങൾ തമ്മിൽ കുറഞ്ഞത് 150 കിലോമീറ്റർ വ്യോമദൂരപരിധി അനിവാര്യമാണ്.  കൊച്ചി വിമാനത്താവളത്തിൽ നിന്നും നിർദ്ദിഷ്ട ചെറുവള്ളി വിമാനത്താവളത്തിലേക്കുള്ള വ്യോമദൂരം 99 കിലോമീറ്ററാണ്.  ഇപ്പോൾ തന്നെ ഇന്ത്യയിൽ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഏക സംസ്ഥാനമാണു കേരളം. ഇന്ത്യയുടെ ഒരു ശതമാനം ഭൂവിസ്തൃതിയും 3 ശതമാനം ജനങ്ങളുമാണ് ഇവിടുള്ളത്. പത്തനംതിട്ടയിൽ നിന്നുള്ള ഏതാനും 'അമേരിക്കൻ അച്ചായന്മാരെ' യും ശബരിമല സീസണിൽ മാത്രം കിട്ടാവുന്ന  ഏതാനും സമ്പന്ന- വരേണ്യ ഭക്തരെയും കണ്ടുകൊണ്ടു് ആയിരക്കണക്കിനു കോടികൾ ചെലവു വരുന്ന ഈ പദ്ധതി ആവിഷ്കരിക്കുന്നത് സാമ്പത്തികമായി യുക്തിസഹമാണോ?  അന്താരാഷ്ട്ര ഉല്പാദനം, തൊഴിൽ വിഭജനം, വ്യോമഗതാഗതം, ടൂറിസം തുടങ്ങിയവയ രംഗങ്ങളിലെല്ലാം വമ്പിച്ച പുന:സംഘാടനം പ്രവചിക്ക പ്പെടുന്ന പശ്ചാത്തലത്തിൽ, നിലവിലുള്ള നാല് വിമാനത്താവളങ്ങളുടെ നിലനില്പു (sustainability) പോലും വെല്ലുവിളിയായിരിക്കെ, ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കോവിഡ് കാലത്ത്, ഇത്ര തിടുക്കത്തിൽ, 5-ാമത്തെ വിമാനത്താവളത്തിനായി സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം. കണ്ണൂർ എയർപോർട്ട് പൂർത്തീകരിക്കാൻ രണ്ടു ദശാബ്ദമെടുത്തുവെന്നും കാണണം. 


3. ഒരു റിയൽ എസ്റ്റേറ്റ് പരിപാടിയായ  ഈ വിമാനത്താവള പദ്ധതിയുടെ ടെക്നോ - ഇക്കണോമിക് പഠനം ലൂയി ബർഗർ എന്ന കൺസൾട്ടിംങ്ങ് കമ്പനി നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ, ഇപ്രകാരമൊരു പദ്ധതിക്ക് അനിവാര്യമായ പരിസ്ഥിതി -സാമൂഹ്യ ആഘാത പഠനങ്ങളൊന്നും ( Environment and Social Impact Assessment Study) നടന്നിട്ടില്ല. കേരളത്തിന്റെ / പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും കാലാവസ്ഥാ - പ്രകൃതി സവിശേഷതകളും കണക്കിലെടുത്താൽ , ചെറുവള്ളിയിൽ ഒരു വിമാനത്താവളം അസാധ്യമാണ്. 'പെരിയാർ ടൈഗർ റിസർവ് ' എന്ന പരിസ്ഥിതി സംരക്ഷിത മേഖല കൂടിയാണ് ചെറുവള്ളി. ഗാഡ്ഗിൽ റിപ്പോർട്ട് പോയിട്ട്, അതിൽ വെള്ളം ചേർത്ത കസ്തൂരി രംഗൻ ചട്ടങ്ങൾ പ്രകാരം പോലും അവിടെ ഒരു വിമാനത്താവളം  സങ്കല്പിക്കാനാവില്ല.


4. വാസ്തവത്തിൽ, ചെറുവള്ളി എസ്റ്റേറ്റിനോടനുബന്ധിച്ച് കൂലിയടിമകളായി കഴിയുന്ന 550-ഓളം ലയങ്ങളിലെ തോട്ടം തൊഴിലാളികളുടെയും ദളിത് -ആദിവാസി, ദരിദ്ര ഭൂരഹിതരുടെയും സമ്പൂർണ നിയന്ത്രണത്തിലേക്ക് ചെറുവള്ളിയിലെ ഭൂമി അടിയന്തരമായി കൊണ്ടു വരികയും എല്ലായിനത്തിലും പെട്ട ഭൂമാഫിയകളെയും അവരുടെ രാഷ്ട്രീയ കങ്കാണികളെയും അവിടെ നിന്നു ചവിട്ടി പുറത്താക്കുകയുമാണ് വേണ്ടത്. വിമാനത്താവളം വന്നാൽ, പ്രദേശ വാസികൾക്ക് മഹാനേട്ടമാണെന്ന മട്ടിൽ വലിയ പ്രചരണമൊക്കെ അവിടെ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമോ പ്രവേശനമോ ഇല്ലെന്നു മാത്രമല്ല, അവരുടെ സാമീപ്യം പോലും അസാധ്യമാകുന്ന വിധമാണ്  വിമാനത്താവളങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് ആർക്കാണറിയാത്തത്. ചെറുവള്ളിയിലും എരുമേലിയിലും കണ്ണഞ്ചിപ്പിക്കുന്ന വികസനം വരുമെന്നും പതിനായിരം പേർക്ക് വിമാനത്താവളം തൊഴിലവസരങ്ങൾ നൽകുമെന്നും മറ്റുമുള്ള നട്ടാൽ കുരുക്കാത്ത നുണകൾ നിക്ഷിപ്ത കേന്ദ്രങ്ങൾ പടച്ചുവിടുന്നുണ്ട്.


5. ഒട്ടനവധി ചട്ടങ്ങളും നിയമങ്ങളും മറികടക്കേണ്ട ഇമ്മാതിരി കോർപ്പറേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട കൺസൾട്ടിങ്ങ് സ്ഥിരം തൊഴിലാക്കിയ നിരവധി അന്താരാഷ്ട്ര കമ്പനികളുണ്ട്. ചെറുവള്ളി വിമാനത്താവളത്തിനായി techno- economic study നടത്തിയ ലൂയി ബർഗർ അത്തരമൊരു സ്ഥാപനമാണ്.   കൺസൾട്ടിംഗ് എന്ന പേരിൽ 4.6 കോടി രൂപ നമ്മുടെ നികുതിപ്പണം ഈ കമ്പനി കൈവശപ്പെടുത്തിക്കഴിഞ്ഞു. Foreign Corrupt Practices (FCPA) Act പ്രകാരം 2015 ൽ അമേരിക്കയിൽ 17.1 ദശലക്ഷം ഡോളർ ( 25.65 കോടി രൂപ) പിഴയടക്കേണ്ടി വന്ന കൺസൾട്ടിങ്ങ് സ്ഥാപനമാണ് ലൂയി ബർഗർ. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാനേജ്മെന്റ് നേടിയെടുക്കാൻ കൈക്കൂലി കൊടുത്തതിന് ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഇതു കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഗോവയിലും ഗോഹട്ടിയിലും തട്ടിപ്പുകളുടെ പേരിൽ ലൂയി ബർഗർ നെതിരെ സിബിഐ അന്വേഷണമുണ്ട്. തീർച്ചയായും , പരിസ്ഥിതിക്കും ജനങ്ങൾക്കുമെതിരായ ഹീനമായ കോർപ്പറേറ്റ് വൽക്കരണവുമായി ബന്ധപ്പെട്ടതു തന്നെയാണ് നവ ഉദാര കാലത്തെ അഴിമതിയും. 'ശബരിമല വിമാനത്താവള' പദ്ധതിക്ക് ഈ ചലനക്രമത്തിൽ നിന്ന് പുറത്തു കടക്കാനാവില്ലല്ലോ?


സാമ്പത്തിക വിദഗ്തൻ ശ്രീ പി.ജെ.ജയിംസിനോട് കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment