കാലവർഷം ശക്തം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ കൂടുതൽ മഴ




സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏറ്റവും കൂടുതൽ മഴ ശക്തിയായി പെയ്യുന്നത് വടക്കൻ ജില്ലകളിലാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.


കോഴിക്കോട് ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.


കണ്ണൂര്‍ ജില്ലയിൽ രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. 


വയനാട് മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൽപറ്റ പുത്തൂർ വയലിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. 


പാലക്കാട്ടെ അട്ടപ്പാടി, ഷോളയൂർ, അഗളി, നെല്ലിയാംമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും ശക്തമായ മഴയുണ്ട്. മൂന്നാറിലും കാലവർഷം ശക്തമാണ്. മഴ കനത്തതോടെ കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി. പെരിയവരയിൽ നിർമിച്ച താത്കാലിക പാലം വെള്ളപ്പൊക്ക ഭീഷണിയിലാണ്.


എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബംഗലൂരു എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്ത് ചിറയിൻകീഴിന് സമീപം മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ട്രയിനിന്‍റെ ജനൽ ചില്ലുകൾ പൊട്ടുകയും ലോകോപൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment