ശബരിമല ഒരു കാട് കൂടിയാണെന്ന് നാം എന്ന് തിരിച്ചറിയും




41 ദിവസത്തെ ശബരിമല തീർത്ഥാടന മാസവും മകരവിളക്ക് ഉത്സവവും കഴിഞ്ഞ ശേഷം ,പെരിയാർ കാടുകൾ വീണ്ടും നിശബ്ദതയിലേക്കു മടങ്ങുവാൻ തയ്യാറെടുക്കുകയായി.രാജ്യത്ത് 100 വർഷത്തിലധികമായി സംരക്ഷണം ലഭിച്ചു വരുന്ന കാടിന്റെ സാന്നിധ്യം, രാജ്യത്തെ എറ്റവും കുറവ് അന്തരീക്ഷ മലിനീകരണമുള്ള ജില്ലയാക്കി പത്തനംതിട്ടയെ സംരക്ഷിക്കുന്നു.ജില്ലയുടെ 58% പ്രദേശവും വന നിബിഢമാണ് .തൊട്ടടുത്ത ജില്ലയായ  കോട്ടയത്തേക്കു വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവാ /ആന സങ്കേതത്തിന് 925 ച.കി മോ. വിസ്തൃതിയുണ്ട്.1930 മുതൽ  നിയന്ത്രണങ്ങൾക്കു വിധേയമായിരുന്ന പ്രദേശം ആദ്യ കാലത്ത് രാജാവിന്റെ വേട്ടക്കായി മാത്രം മാറ്റിവെച്ചു.പിൽക്കാലത്ത് (1950) ദേശീയ ഉദ്യാനവും കടുവാ സങ്കേതവും അവസാനം ആന സംരക്ഷിത മേഖലയുമായി മാറിയ കാടിന്റെ Buffer zone ലാണ് പ്രശസ്തമായ ശബരി മല സ്ഥിതി ചെയ്യുന്നത്.


18 മലകളുടെ അധിപനായി വാഴുന്നവൻ എന്ന് വിശ്വാസികൾ കരുതി പോരുന്ന ശ്രീ അയ്യപ്പന്റെ പൂങ്കാവനങ്ങളുടെ നീരുറവയായ നദികളായ പമ്പയും അച്ചൻകോവിലും ഗവി, അച്ചൻകോവിൽ വനവും കേരള പരിസ്ഥിതി രംഗത്തെ അതീവ പ്രധാന ഇടങ്ങൾ തന്നെ. .പമ്പ എന്ന പേരിനർത്ഥം പുണ്യം എന്നാണ്. ഇതേ ജില്ലയുടെ വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന ശബരിമലയുടെ, എല്ലാ പ്രത്യേകതകളും വനത്തിന്റെയും പമ്പാ നദിയുടെയും അനുബന്ധ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ശബരിമല യാത്ര തുടങ്ങുന്നത് നീലിമലയിലൂടെയാണ്. തുടർച്ചയായ 3 മണിക്കൂർ (5 k.m) നീണ്ടു നിൽക്കുന്ന മലകയറ്റം ,പമ്പയിൽ നിന്നും അപ്പാച്ചിമേട് വഴി കടന്നു പോകുന്നു.61കിലോ മീറ്റർ ദൈർഘ്യമുള്ള കാനന പാത എരുമേലി, അഴുത, പമ്പ വഴി സന്നിധാനത്തെത്തും.മറ്റൊന്ന് 13 Km വരുന്ന വണ്ടിപ്പെരിയാർ, ഉപ്പുപാറ, സന്നിധാനം വരെ നീളുന്നു.നിലവിലെ ശബരിമല ദേവാലയം മറ്റു ക്ഷേത്രങ്ങളുടെ ചടങ്ങുകളിൽ മിക്കവയെയും ഇന്നൊർമ്മിപ്പിക്കുന്നു.സ്വാമി അയ്യപ്പനെ മല ദൈവമായി കരുതുന്ന (മല അരയർ) നൽകുന്ന പ്രധാന അഭിഷേകം കാട്ടിൽ നിന്നും നൽകുന്ന തേനാണ്.(തേനഭിഷേകം) പമ്പ നദിയിൽ നടക്കുന്ന ആറാട്ടും വിശ്വാസികൾ പമ്പയിൽ മുങ്ങി കുളിക്കുന്ന ചടങ്ങും ക്ഷേത്രത്തിന്റെ പ്രകൃതിയോടുള്ള അടുപ്പത്തിന് തെളിവായി കാണാം.പെരിയാർ സംരക്ഷിത മേഖലയിൽ 35 തരം സസ്തനികളും 266 തരം പക്ഷികളും 45 തരം ഉരഗങ്ങളും 40 തരം മത്സ്യങ്ങളും ജീവിക്കുന്നു.160 തരം ചിത്ര ശലഭങ്ങളിൽ തെക്കേ ഇന്ത്യയിലെ എറ്റവും വലിപ്പമുള്ള Southern Bird wing , വംശനാശ ഭീഷണിയുള്ള Travancore evening brown എന്നിവ പ്രത്യേകതകളാണ്. ദശ പുഷ്പം, നീല ക്കുറിഞ്ഞി എന്നീ അപൂർവ്വ സസ്യങ്ങൾ ഇവിടെ വളരുന്നു..പമ്പ എന്ന വാക്കിന്റെ അർത്ഥം പാപത്തെ കൊല്ലുന്ന ഇടം എന്നാണ്.(പമ്പ കടക്കും എന്ന പ്രയോഗം) നദിക്ക് ആസ്മ രോഗം മാറ്റുവാൻ കഴിവുണ്ട് എന്നും വിശ്വസിക്കുന്നു.


ഓരോ ഹെക്ടർ പെരിയാർ കടുവ സങ്കേതവും പ്രതിവർഷം നൽകുന്ന സാമൂഹ്യ സേവനത്തിന്റെ സാമ്പത്തിക മൂല്യം 1.9 ലക്ഷം രൂപ വരും.. (മൊത്തത്തിൽ 925 x 1.9 ലക്ഷം രൂപ) 2.5 കോടി ആളുകൾക്ക് തൊഴിലവസരം നൽകുന്ന ഈ വന പ്രദേശത്തു നിന്നും ഉത്ഭവിക്കുന്ന പമ്പയും പെരിയാറും തമിഴ്നാട് , കേരള സംസ്ഥാനത്തിന്റെ പ്രധാന ജല ശ്രോതസ്സായി പ്രവർത്തിക്കുന്നു.രണ്ടര കോടി വരുന്ന ആളുകൾക്ക് തൊഴിൽ ലഭിക്കുവാൻ അവസരമുണ്ടാക്കുന്നു ഈ കാട്. 

 
പമ്പ നദിയുടെ പ്രധാന ഭാഗമായ റാന്നിയിൽ ( താലൂക്ക് ) 42 പാറ ഖനനം നടക്കുന്നു എന്നാണ് Dept. of Mining and Geology പറയുന്നത്. എന്നാൽ അവയുടെ യഥാർത്ഥ എണ്ണം 200 കടന്നു നിൽക്കുന്നു. കോന്നി വനമേഖലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ 52 ഖനങ്ങൾ നിയമപരമായി പുരോഗമിക്കുന്നു. പമ്പ നദിയുടെ ആകെ നീളം176 Km വുംഅച്ചൻകോവിൽ ആറിന്റെത് 128 Km, മണിമലയാർ 90 Km എന്നീ തരത്തിലാണ്. പമ്പയിലെ അനധികൃതമായ മണൽ വാരൽ 9.5 km നീളമുണ്ടായിരുന്ന വരട്ടാറിനെ ഇല്ലാതെയാക്കിയിരുന്നു. നദിയുടെ ആഴം 5 മുതൽ 7 മീറ്റർ വരെ കൂടിയത്,  ജലക്ഷാമം വർദ്ധിപ്പിച്ചു.പമ്പയുടെ Biological Oxygen, demand (BOD) 22. 5 mg to 159 mg/i Lit.) Coliform ബാക്ടീരിയ തോത് 3 ലക്ഷത്തിലധികം / 100 milli liter എത്തിയത് വലിയ അപകടസൂചികകളാണ്.


പെരിയാർ കടുവാ /ആന സങ്കേതത്തിന്റെ കരുത്ത് കുറയുന്നതിൽ കൈയേറ്റവും കൃത്രിമ വനവൽക്കരണവും പങ്കു വഹിച്ചു.പ്ലാന്റേഷനുകളുടെ വർദ്ധിച്ച സാന്നിധ്യം സ്വാഭാവിക വനത്തെ പ്രതികൂലമാക്കി.നദികളുടെ നീരുറവകൾ കുറയുന്നതും മഴയുടെ സ്വഭാവത്തിലെ മാറ്റവും വരൾച്ചയും കാടിന്റെ സ്വഭാവത്തിൽ വലിയ തിരിച്ചടി ഉണ്ടാക്കുന്നു.ഈ സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതാണ് 50 ലക്ഷം വരുന്ന ശബരിമല തീർത്ഥാടകരുടെ സാന്നിധ്യം. 


925 Km വിസ്തൃതിയുള്ള കടുവാ സങ്കേതത്തിൽ ഒരു ദിനം അനുവദിക്കപെട്ട സന്ധർശകരുടെ എണ്ണം 5000 ഉം വാഹനങ്ങളുടെ സാന്നിധ്യം 500 മീറ്ററിൽ ഒന്നുമായിരിക്കണം.ശബരിമല ,സുരക്ഷിത വനത്തിന്റെ Buffer Zone ൽ സ്ഥിതി ചെയ്യുന്നതിനാൽ കടുവാ സങ്കേതത്തിലെ നിയന്ത്രണങ്ങൾ ക്കൊപ്പമല്ല എങ്കിലും പരമാവധി എത്ര പേർ വരെ ഒരു ദിവസം കടന്നു പോകാം എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കേണ്ടതാണ്.പമ്പാ നദിയുടെ  അളവിലെ കുറവ് അതിന്റെ ഭാഗമായ ശബരിമലയുടെ സന്ദർശനം വേഗത്തിൽ നിയന്ത്രിക്കേണ്ടതാണ്.രാജ്യത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.അമർനാഥ് മുതൽ അഗസ്ത്യർ കൂടത്തിൽ വരെ പ്രവേശനങ്ങൾക്ക് നിയന്ത്രണമുണ്ടെന്നിരിക്കെ, ശബരിമല എന്ന വന ദേവാലയത്തിന് ഒരു നിയന്ത്രണവും പാടില്ല എന്ന രീതിയിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഇടപെടുമ്പോൾ ,മറ്റൊരു സ്വാഭാവിക കാടു കൂടി തകർന്നു പോകുകയാണ് എന്ന് കാനന ദൈവത്തിന്റെ വിശ്വാസ സമൂഹവും കൂടി  തിരിച്ചറിയണം. ശബരിമലയിൽ നിയന്ത്രണങ്ങൾ പാടില്ല എന്ന സർക്കാർ സമീപനവും വിശ്വാസ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ പൂങ്കാവനത്തിൽ നിയമങ്ങൾ ബാധകമല്ല എന്ന വെല്ലുവിളിയും പശ്ചിമഘട്ടത്തിന് ഭീഷണിയായി തുടരുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment