ഭൗമദിനത്തിലെ കഥപറച്ചിലുകൾ; മുഖാവരണം ധരിക്കാത്ത മനുഷ്യർ




മുഖാവരണം ധരിക്കാത്ത മനുഷ്യർ

 
ഇടവപ്പാതിയുടെ ശക്തമായ മഴത്തുള്ളിക്കിലുക്കത്തിനിടയിൽ എപ്പോഴോ മിനിച്ചേച്ചിയുടെ ശബ്ദം അടുക്കളയുടെ പാത്രങ്ങൾക്കിടയിൽ നിന്നുയരുന്നത് കേൾക്കാം." ആ ചെടി വാങ്ങി വെച്ചിട്ട് എത്ര നാളായി നിങ്ങളീ ഫോണിൽ കുത്തി ഇരിക്കാതെ അതെവിടെയെങ്കിലും വെക്കാൻ നോക്കിക്കൂടെ...."


നാളെത്തേക്ക് വേണ്ട പച്ചക്കറികളുടെ ലിസ്റ്റ് വാട്ട്സപ്പിലൂടെ അയക്കുന്ന  വേണു ഏട്ടൻ അതു കേട്ടതായി പോലും ഭാവിച്ചില്ല. നടു മുറ്റത്ത് വീഴുന്ന മഴത്തുള്ളികളെ കാണിച്ച് കുസൃതിയായ മാളുവിന് ഭക്ഷണം കൊടുക്കുവാനുള്ള തിരക്കിലാണ് അമ്മുവും അവളുടെ അമ്മ മീരയും.    


"മുത്തശ്ശാ അച്ഛമ്മ പറയണതൊന്നും കേൾക്ക്ണില്ലേ, ഇന്ന് പരിസ്ഥിതി ദിനത്തിൽ മാവ് നടാന്ന് മുത്തശ്ശനല്ലെ പറഞ്ഞത്. നമുക്കത് നട്ടാലോ " ? "മുത്തശ്ശോ ".....
" മഴയൊന്ന് കുറയട്ടെ, അമ്മൂ"..... 


ഫോണിൽ നിന്ന് മുഖമുയർത്താതെയള്ള വേണു ഏട്ടൻ്റെ മറുപടി കേട്ട് അമ്മു അമ്മയുടെ മുഖത്തേക്ക് നോക്കി കണ്ണു ചിമ്മിക്കാണിച്ച് അടുക്കളിൽ ചെന്ന്, "എന്തിനാ അച്ഛമ്മേ മുത്തശ്ശൻ പരിസ്ഥിതി ദിനത്തിൽ തന്നെ ചെടി നടണന്ന് പറയണത് "? കുട്ടിക്കാലം മുതലേ അമ്മുവിൻ്റ എല്ലാ സംശയത്തിനിന്നും അച്ഛമ്മയോ മുത്തശ്ശനോ മറുപടി പറഞ്ഞാലെ അവൾക്ക് വിശ്വാസം വരികയൊള്ളു.....
"പരിസ്ഥിതി ദിനത്തിന് തന്നെ ചെടി നടണമെന്നൊന്നും ഇല്ല അമ്മുവേ, ഭൂമിയെ സംരക്ഷിക്കാനായി പണ്ടൊക്കെ അങ്ങനെ ഒരു ദിനാചരണം ഉണ്ടായിരുന്നു. അന്നൊക്കെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്ന് ചെടി നൽകുമായിരുന്നു."
"സ്ക്കൂളോ അത് എന്താ മുത്തശ്ശി..." വിസ്മയിപ്പിക്കുന്ന അവളുടെ ചോദ്യത്തിന് വേണു ഏട്ടനാണ് മറുപടി പറഞ്ഞത്. " മുൻപൊക്കെ എല്ലാ കുട്ടികൾക്കും പഠിക്കുന്നതിന് സ്ക്കൂൾ എന്ന പൊതു ഇടം ഉണ്ടായിരുന്നു. അവിടെ ധാരാളം കുട്ടികൾ ഉണ്ടാവും.ഓരോ പ്രായത്തിന് അനുസരിച്ച് കുട്ടികൾക്ക് ക്ലാസ്സ് മുറികൾ ,ഓരോ വിഷയം പഠിപ്പിക്കാൻ അധ്യാപകർ, സർക്കാർ സ്കൂളാണെങ്കിൽ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകും, ചില സ്കൂളിൽ പഠിക്കാൻ പൈസ കൊടുക്കണം.രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കുട്ടികൾ സ്കൂളിലാണ് ചില വഴിച്ചിരുന്നത്, അങ്ങനെ ആഴ്ച്ചയിൽ അഞ്ച് ദിവസം പോവണം. ഒരു പോലെ യൂണിഫോം ഇട്ടാണ് കുട്ടികൾ പോയിരുന്നത്.വിവിധ വിഷയങ്ങൾക്ക് കിട്ടുന്ന മാർക്ക് അനുസരിച്ച് കുട്ടികൾക്ക് സ്ഥാനക്കയറ്റം നൽകും. പത്ത് വർഷം കുട്ടികൾ സ്കൂളിൽ പഠിക്കണമായിരുന്നു. ഇപ്പഴല്ലേ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന രീതി ആയത് " ഒരു മാന്ത്രിക കഥ കേട്ട പോലെ അമ്മു ചോദിച്ചു "അപ്പോ ,മുത്തശ്ശനും സ്കൂളിൽ പോയിട്ടുണ്ടോ?"
"എല്ലാവരും സ്കൂളിൽ പോകണമായിരുന്നു."
"എന്നാലും എല്ലാ ദിവസവും കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ പോയിരിക്കേ, എനിക്ക് ഇതൊന്നും മനസ്സിലാവിണില്ല മുത്തശ്ശാ". " ആ ,അങ്ങനെ അമ്മുവിന് മനസ്സിലാവാത്ത ധാരാളം കാര്യങ്ങൾ ഇനിയുമുണ്ട്. മുൻപൊക്കെ ആവശ്യമായ സാധനങ്ങൾ എല്ലാം നമ്മൾ ഓരോരോ കടകളിൽ പോയി വാങ്ങണമായിരുന്നു.അല്ലാതെ മൊബയിലൂടെ ഓഡർ നൽകിയോ, സഞ്ചരിക്കുന്ന വാഹനങ്ങളിൽ വീട്ടു പടിക്കൽ എത്തുകയോ അല്ലായിരുന്നു.അതു പോലെ തന്നെ ഓണം, വിഷു, പിറന്നാൾ, വീടിരിക്കൽ തുടങ്ങിയവയൊക്കെ ബന്ധുകളും നാട്ടുകാരും ഒക്കെ ഒത്തുകൂടിയാണ് നടത്തിയിരുന്നത്. മരണം നടന്ന വീട്ടിലും ധാരാളം ആളുകൾ വരുമായിരുന്നു. ആളുകൾ പുറത്തിറങ്ങുന്നത് മുഖാവരണം ഒന്നും ഇല്ലാതെയാണ്. എപ്പോ വേണമെങ്കിലും ആളുകൾക്ക് പുറത്തു പോകാമായിരുന്നു."
"ഓ ...എല്ലാം കൂടി കേട്ടിട്ട് എനിക്ക് ഇതൊന്നും വിശ്വസിക്കാനെ പറ്റ്ണില്ല. ആകെ ബോറഡിക്കുന്നു മുത്തശ്ശാ, ഞാൻ പോയി വീഡിയോഗൈയും കളിക്കട്ടെ."


വീടിൻ്റെ അകത്തളങ്ങളിൽ മാത്രം കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ , ചില്ലുകൂട്ടിലെ വെള്ളത്തിൽ കളിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ ചുണ്ടുരുമ്മി പങ്കുവെച്ചു....
      

അമ്മു എഴുന്നേറ്റു പോയെങ്കിലും വേണു ഏട്ടൻ്റെ മനസ്സിലെ ചിന്തകൾ പുറത്ത് പെയ്യുന്ന മഴയുടെ താളത്തിനൊത്ത് മാറി മറഞ്ഞു കൊണ്ടിരുന്നു.അമ്മുവിനെ പോലെ വളർന്നു വരുന്ന തലമുറയെ പറ്റി അയാൾ വല്ലാതെ വേവലാതിപ്പെട്ടു.വിദ്യാലയങ്ങൾ സമൂഹത്തിൽ നിന്നും ഇല്ലാതായതോടെ കുട്ടികളുടെ സ്വഭാവത്തിൽ ,പങ്കു വെക്കലിൽ, പരിഗണിക്കലിൽ,എല്ലാം മാറ്റം വന്നിരിക്കുന്നു. ഒത്തുചേർന്നുള്ള കളികളില്ല, പരസ്പ്പരം മനസ്സിലാക്കലില്ല......
പുറത്തിറങ്ങിയാൽ മനുഷ്യർ ആരെന്ന് തിരിച്ചറിയാൻ പോലും ആകാത്ത വിധം മുഖാവരണം ധരിച്ചവർ. നിയമം മൂലം പലതും കർശനമാക്കിയതോടെ, ജീവിതാനുഭവങ്ങൾ ഇല്ലാതെ അജ്ഞതയുടെ ലോകത്ത് വളർന്നു വരുന്ന ഒരു തലമുറയാണല്ലോ ഉണ്ടാവുക.സാമൂഹ്യ ജീവിയായി അഹങ്കരിച്ച മനുഷ്യരിന്ന് വീട് എന്ന ഒറ്റപ്പെട്ട കെട്ടിട സംവിധാനത്തിലേക്ക് ഒതുക്കപെടും വിധമുള്ള വിജിത്രമായ അവസ്ഥ വന്നു ചേർന്നിരിക്കുന്നുവല്ലോ. വീട് എന്ന സ്വകാര്യതയെ പോലും പൊളിച്ചെഴുതി പൊതു ഇടങ്ങളാക്കാൻ ശ്രമിക്കുന്ന തന്നെ പോലുള്ള സമാന ചിന്താഗതിക്കാരുടെ അവസ്ഥയും വേണു ഏട്ടനെ വല്ലാതെ അലോസരപ്പെടുത്തി......  


വാട്ട്സപ്പിൽ ഒഴുകി വരുന്ന മെസേജുകളുടെ ആരവം വേണു ഏട്ടനെ ചിന്തകളിൽ നിന്ന് ഉണർത്തി. കുറച്ചു കാലമായി മനുഷ്യാവകാശ വാട്ട്സപ്പ് കൂട്ടായ്മയിലൂടെ ഇടുന്ന തൻ്റെ നിർദ്ദേശങ്ങൾ സർക്കാരിൻ്റ പരിഗണനയിൽ എന്ന അറിയിപ്പ് അയാളുടെ മുഖത്ത് ആഹ്ലാദത്തിൻ്റെ തിരയിളക്കം ഉണ്ടാക്കി.....


നിർദ്ദേശങ്ങളിലെ രണ്ട് പ്രധാന ആവശ്യങ്ങളായിരുന്നു മനുഷ്യർക്ക് മുഖാവരണമില്ലാതെ പുറത്തിറങ്ങാൻ പറ്റണം, കുട്ടികൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഒത്തുകൂടാനുള്ള പൊതു ഇടങ്ങൾ ഉണ്ടാക്കുക. "പുറത്ത് മഴ കുറഞ്ഞു ആ ചെടി ഇന്നെങ്കിലും നടുണുണ്ടോ നിങ്ങള് " മിനിചേച്ചിയുടെ കുറച്ചു നേരമായുള്ള ആവശ്യം നടത്താനുള്ള  ശ്രമം, എഴുപത്തിയഞ്ചിൻ്റെ നിറവിലും അയാൾക്ക് കഴിയുന്നത് മനുഷ്യനന്മയ്ക്കായ് ചെയ്യുന്ന നിലയ്ക്കാത്ത ചില പ്രവർത്തനങ്ങളിലൂടെയാണ്.......


പുറത്ത് ,മുഖാവരണം ധരിക്കാത്ത മനുഷ്യരെ കാലങ്ങൾക്കിപ്പുറം കാണാൻ കഴിയുമെന്നതിൻ്റെ ആശ്വാസം ,ചെടി നട്ട അയാളുടെ മുഖത്ത് പ്രകടമായി......
മഴ വീണ്ടും ചന്നം പിന്നം പെയ്യാൻ തുടങ്ങി......


കഥ എഴുതിയത്

സുജന.ആർ
വീട് നമ്പർ-24, മൂഴിക്കുളം ശാല.
മൂഴിക്കുളം, കുറുമശ്ശേരി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment