കയ്യേറ്റവും മാലിന്യവും കൊണ്ട് പൊറുതിമുട്ടി വേമ്പനാട്ട് കായൽ 




കയ്യേറ്റങ്ങൾ കൊണ്ട് പൊറുതിമുട്ടി അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കൊച്ചിയുടെ സ്വന്തം വേമ്പനാട്ടുകായൽ. കായലിന്റെ നാല് ഭാഗത്ത് നിന്നും കയ്യേറ്റങ്ങളാണ്. വല്ലാർപാടത്തും പനമ്പ്കാട്ടിലും രാമൻതുരുത്തിലും ബോൾഗാട്ടിയിലും സർവ്വത്ര കയ്യേറ്റം. കയ്യേറ്റം കാരണം കഴിഞ്ഞ 25 വർഷത്തിനിടെ കായലിന്റെ മൂന്നിൽ രണ്ട് ഭാഗവും കരയായി മാറി. വേമ്പനാട്ട് കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശവും കാറ്റിൽ പറത്തി. കായലിലെ മാലിന്യം നീക്കാൻ ഇതുവരെ  നടപടി തുടങ്ങിയിട്ടില്ല.


അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീർത്തടങ്ങളെകുറിച്ചുള്ള റാംസർ ഉടമ്പടിയിൽ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട്ട് കായൽ പരാമർശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസർ ഉടമ്പടിയിലെ വ്യവസ്ഥ. മാത്രവുമല്ല ഈ തണ്ണീർത്തടങ്ങൾ ലോകത്തിന്റെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷികമാകയാൽ ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതാണ്.


എന്നാൽ, വേമ്പനാട്ട് കായൽ മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കയ്യേറ്റം തന്നെയാണ് പ്രധാന വില്ലൻ. ഏറ്റവും കൂടുതൽ ഇപ്പോൾ കയ്യേറ്റം നടക്കുന്നത് വല്ലാർപാടത്താണ്. എത്രയൊക്കെ കയ്യേറ്റം നടന്നിട്ടും കണ്ടിട്ടും കാണാതെ നടിച്ചിരിക്കുകയാണ് വില്ലേജ് അധികാരികൾ. വേമ്പനാട്ട് തണ്ണീർത്തട സംരക്ഷണം സംബന്ധിച്ച നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ നഗ്നമായ ലംഘനമാണ് വല്ലാർപാടത്ത് നടക്കുന്നത്. വേമ്പനാട്ട് തണ്ണീർത്തടസംരക്ഷണം സംബന്ധിച്ച് നിയമസഭാ സമിതി നൽകിയ ശുപാർശകളും അട്ടിമറിക്കപ്പെടുകയാണ്. കായൽത്തീരത്ത് റവന്യൂ വകുപ്പ് അടിയന്തര റീസർവേ നടത്തി നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് ഡീമാർക്കറ്റ് ചെയ്യണമെന്നായിരുന്നു നിർദ്ദേശത്തിൽ പ്രധാനപ്പെട്ടത്.


ജൈവവേലി നിർമ്മിക്കണമെന്ന ശുപാർശയ്ക്ക് പകരം ഉയർന്ന് വന്നത് മാലിന്യവേലി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃത നടപടി വേണമെന്ന ശുപാർശയും വെള്ളത്തിൽ വരച്ച വരയായി. വേമ്പനാട്ട് കായലിന്‍റെ ഈ വല്ലാർപാടം തീരത്തെ കയ്യേറ്റവും മാലിന്യം തള്ളലും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ഏതൊക്കെയോ വൻകിടക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment