വൈറസ് വ്യാപനത്തിന്റെ പരിസ്ഥിതി രാഷ്ട്രീയം




വൈറസുകളൂടെ സാമൂഹ്യ വ്യാപനത്തിന്റെ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.മാർക്സിസ്റ്റ് സിദ്ധാന്തത്തിലൂന്നിയ പരിസ്ഥിതി വിശകലനം കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുന്നുമുണ്ട്. അതിൽ ഏറ്റവും പ്രധാനം വർത്തമാനകാലത്തെ അതിസങ്കീർണമായ പാരിസ്ഥിതിക - പ്രാകൃതീയ പ്രശ്നങ്ങളെ എങ്ങിനെ മാർക്സിസത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ശോഷണം സംഭവിക്കാതെ പ്രായോഗിക വൽക്കാരിക്കാമെന്നതാണെന്ന് തോന്നുന്നു.


ഇന്ന് ഏറ്റവും അധികമായി കാണുന്നത് പ്രകൃതിയുടെ ചൂഷണം സാധ്യമാകുന്ന ഏത് പ്രയോഗങ്ങളിലും ,അത് സമ്പൂർണമായും മുതലാളിത്ത കേന്ദ്രീകൃതമാണെന്ന് ബോ ധ്യപെടുമ്പോഴും അതിന് ഭാഗികമായെങ്കിലും ഒരു കപട സോഷ്യലിസ്റ്റ് ആശയത്തിന്റെ മുഖം നൽകുന്നു എന്നതാണ്.ഇത് ഏറ്റവും അപകടകരവുമാണ് . അതിനാൽ ഇതിനെതിരെയുള്ള സമരവും അതിസങ്കീർണ്ണമാണ്.ഇതിൽ വേറിട്ടു കാണാവുന്നത് ഒരു ക്യൂബ മാത്രമെന്ന് പറയാം.

ഇവിടെ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണം എങ്ങിനെയെന്നതിൽ മാത്രം ചില ചിന്തകൾ പങ്കുവക്കുന്നു.


1. കൊറോണ വൈറസ് അതിന്റെ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ എത്തിയിട്ടേ ഉള്ളു. വാക്സിൻ കണ്ടെത്തിയാൽ പോലും അതിങ്ങനെ തുടർനാളുകളിൽ പൊട്ടികൊണ്ടിരിക്കും, തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു പോലെ .മറിച്ചൊന്നു ആഗ്രഹിക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ പ്രകൃതി ചൂഷണം ഞെട്ടിക്കുന്ന വിധം തുടരുമെന്നതിലും സംശയമില്ല. വികസിത രാഷ്ട്രങ്ങൾ ഇപ്പോൾ തന്നെ ശ്വാസം മുട്ടലിലാണ് .ഈ ചെറിയ കാലത്തെ അടച്ചിടൽ പോലും അവരുടെ സമ്പത്ത് ഘടനയേയും മുത്തലാളിത്ത ന്യൂനപക്ഷ സമ്പന്ന ലോബികളുടെ ലാഭത്തേയും എത്ര ബാധിക്കുന്നു എന്നതിൽ മാത്രമാണ് അവർക്ക് ആശങ്ക. ഒന്നു രണ്ടു മാസങ്ങൾ കൊണ്ടു തന്നെ ഓസോൺ ലെയറിലെ വിള്ളലുകൾ സാരമായി കുറഞ്ഞത് ,വികസിത നഗരങ്ങളിൽ അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവു വർധിച്ചത് ,മണ്ണും വെള്ളവും പ്രകൃതിയും അതിലെ ജീവജാലങ്ങളും സ്വഛന്ദമായി ,തെളിമയുള്ള തായത് ഇങ്ങിനെ പ്രകൃതിയിലെ മാറ്റങ്ങളെ ഗൗരവമായി കാണാൻ തന്നെ അവർ തയ്യാറായിട്ടില്ല. ഈ കാലത്തെ നഷ്ടം എത്രയും വേഗം നികത്താൻ വർധിതമായ പ്രകൃതി ചൂഷണം മാത്രമേ അവർക്ക് പരിഹാരമായി കാണാൻ കഴി യുന്നുള്ളു. മറിച്ച് വ്യവസ്ഥാ മാറ്റത്തിന്റെ സൂചന പോലും ഇല്ലാക്കാൻ അവർക്ക് കഴിയുകയും ചെയ്യും.


2.മുതാളിത്തത്തിന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ, 17, 18 നൂറ്റാണ്ടുകളിൽ തന്നെ വൈറസ് രോഗങ്ങളായ സ്മോൾ പോക്സ്, മീസിൽസ് എന്നിവ ലോകമാകെ പടർന്ന് പിടിക്കുകയും കോടിക്കണക്കിന് മനുഷ്യർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കാലത്തെയും വ്യവസ്ഥയേയും അതിജീവിച്ച് മനുഷ്യനൊപ്പം പുതിയ രൂപത്തിൽ വൈറസ് കൾ മഹാമാരിവിതച്ചിട്ടുണ്ട്. ഒടുവിൽ മീസിൽസിനെ തളക്കാനായത് 1960 കളിൽ വാക്സിൻ വന്നതോടെ .2000 ൽ ലോകം സമ്പൂർണ മീസിൽസ് രഹിതമായി പ്രഖ്യാപിച്ചെങ്കിലും 2011ൽ വീണ്ടും ഔട്ട് ബ്രേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സുദീർഘമായ ഈ കാലഘട്ടത്തിലും മുതലാളിത്തം അതിന്റെ പല്ലും നഖവും മൂർച്ച കൂട്ടി ആക്രമണം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.


3. ഇതിന്റെയെല്ലാം ആകെ പരിണതിയാണ് ഇന്നത്തെ തിരിച്ചു പോക്കില്ലാത്ത വിധത്തിലുള്ള പ്രകൃതി ആഘാതങ്ങൾ.


കാലാവസ്ഥാ വ്യതിയാനം
പ്രകൃതിയുടെ ,അതിലെ പരകോടി ജൈവ അജൈവ ജാലങ്ങളൂടെ ഉൽഭവവും വളർച്ചയും കൊഴിഞ്ഞുപോക്കും സംഭവിക്കുന്നത് ഭൂമിയിലെ മാത്രം പ്രത്യേകതയായ കാലാവസ്ഥയിലാണ്. അത് തകിടം മറിഞ്ഞാൽ ഇവയുടെ അന്ത്യം തന്നെയാവും ഫലം.


ഒരുദാഹരണം
നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രം വളരെ വ്യത്യസ്ഥമായ 4500 ന് മേൽ സസ്യജനുസുകൾ ഉണ്ട്. അവിടെ ഭൂപ്രകൃതിക്ക് പുറമെ നിലനില്ക്കുന്ന സമശീതോഷ്ണാസ്ഥയും അത് സൃഷ്ടിക്കുന്ന മഴക്കാടുകളൂം, അത് വഴി ലഭിക്കുന്ന മഴയും ഒക്കെയാണ് ഇതിന് കാരണവും. അന്തരീക്ഷ താപത്തിന്റെ വർധനവു് കാലാവസ്ഥയിലെ താളത്തിന് മാറ്റമുണ്ടാക്കി.ഇത് സസ്യങ്ങളുടെ പരാഗണ ശേഷി ഇല്ലാതാക്കും.ഇത് മൂലം വർഷം തോറും നൂറുകണക്കിന് സസ്യങ്ങൾക്ക് വംശനാശം സംഭവിക്കുന്നു.


2050 ഓടെ അന്തരീക്ഷത്തിലെ കാർബൺ അളവ് 450 പി പി എം വരെ എത്തുമെന്ന് ഭീഷണിയുണ്ടെന്നും ഇത് അന്തരീക്ഷ താപനം 2° - 3° വരെ ഉയർത്താമെന്നും ക്വാട്ടോ ഉച്ചകോടി. അത് കുറച്ചു നിർത്താനായില്ലെങ്കിൽ ജലനിരക്ക് 2 മീറ്റർ വരെ വർദ്ധിക്കുമെന്നും ഭൂമിയിലെ 1/3 ഭാഗവും വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പ്.
ഇത് പ്രധാന മുതലാളിത്ത വികസിത രാജ്യങ്ങൾ അവഗണിച്ചതിനാൽ ഇന്ന് കാർബൺ സാന്ദ്രത 400 PPM ന് മുകളിലായിരിക്കുന്നു.


ഭൂപ്രകൃതിയിലെ മാറ്റവും
ഭൂമിയുടെ മേലുള്ള കടന്നുകയറ്റവും ഖനനങ്ങളൂം വിഭവശോഷണവും ഭൂ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചു.ഇത് ഭൂമിക്കുള്ളിലെ ലാവകളും വിവിധ വാതകങ്ങളും അന്തരീക്ഷത്തിലെത്തുന്നതിന് കാരണമായി.
പ്രളയം, ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, ഭൂകമ്പനങ്ങൾ അങ്ങനെ പലതും


4. നമുക്കറിയാം, ഈ സാമൂഹ്യ വ്യവസ്ഥയിൽ തന്നെ ഇതിനെതിരെയുള്ള പ്രതിരോധങ്ങളും ചിട്ടയായ പരിഹാര പ്രവർത്തനങ്ങളും ഉണ്ടായേ തീരൂ എന്നത്. വ്യവസ്ഥയുടെ മാറ്റം ഇതിലെ മനുഷ്യരുടെ അതിജീവനത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇതിൽ മാർക്സിസത്തിലെ പാരിസ്ഥിതിക മൂല്യങ്ങൾ എങ്ങനെ ഉൾച്ചേർക്കാം എന്ന് പരിശോധിക്കുകയാണ് വേണ്ടത്.


മാർക്സ് പറഞ്ഞത്
മുതലാളിത്തവും അതിലെ ചൂഷണവും പ്രകൃതിയുടേയും മനുഷ്യാധ്വാനത്തിന്റെയും അടിവേരുവരെ തുരന്നെടുക്കുമെന്നാണ്.
ഇതിൽ അധ്വാനത്തിന്റെ അടിതുരന്നുള്ള ചൂഷണം തൊഴിലാളി വർഗത്തിന്റെ സംഘടിതവും ശക്തവുമായ ചെറുത്ത് നിൽപിലൂടെ ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രകൃതിയുടെ അടി വരെ തുരന്ന് ലാഭം വർപ്പിക്കാൻ മുതലാളിത്തം മനുഷ്യാധ്വാനത്തെ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു, എന്നും ഇതിനായി അവർ വച്ചു നീട്ടിയ ആനുകൂല്യങ്ങളാണ് തൊഴിലാളി വർഗത്തിന്റെ നേട്ടമായതെന്നും .


പ്രകൃതിയെ ആകെത്തന്നെ മറക്കുന്നതിനും മുതലാളിത്തത്തിന്റെ കാൽക്കീഴിൽ അടിയറ വക്കുന്നതിനും തൊഴിലാളി വർഗം തന്നെ വഴിയൊരുക്കി.വിശദമായ വിശകലനത്തിന് ഇവിടെ മുതിരുന്നില്ല.
നമ്മുടെ സംസ്ഥാനത്തിലെ ഒന്നു രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കാം
ക്വാറി -ക്രഷർ ഓണേഴ്സ് അസോസിയേഷന്റെ (പാറ മുതലാളിമാരുടെ സംഘടന ) സംസ്ഥാന പ്രസിഡന്റ് രാജുഏബ്രഹാം (റാന്നി എംഎൽഎ, സി.പി.എം സംസ്ഥാന നേതാവ്). അവരുടെ പ്രധാന ആവശ്യം ,ഈ ഖനനങ്ങൾ നൂറുകണക്കിന് ക്വാറി ഉടമസ്ഥരുടേയും അവർക്കു് ഭൂമി നൽകിയ ഭൂഉടമകളുടേയും ആയിരക്കണക്കിന് തൊഴിലാളികളുടേയും ഉപജീവനമാണെന്നും അത് സംരക്ഷിക്കണമെന്നുമാണ് .


സംസ്ഥാനത്തെ ഏറ്റവും പ്രബലമായ ഖനന, നിർമ്മാണമേഖലയിലെ സഹകരണ പ്രസ്ഥാനമാണ് കോഴിക്കോട് മുക്കത്തെ ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി. അത് സി പി എം നയിക്കുന്നു.


കേരളത്തിലെ ഖനന നിയന്ത്രണ നിയമമായ കേരളാ മൈനർ മിനറൽ കൺസഷൻ റൂളും(കെ.എം.എം.സി.ആർ 1969) പിന്നീട് പരിഷ്കരിച്ച കെ എം എം സി ആർ 2015 ഉം അതിലെ നിയമങ്ങളിൽ പറ്റാവുന്നത്ര വെള്ളം ചേർത്ത് ഖനന മാഫിയകൾക്ക് അനുകൂലമാക്കി മാറ്റിയത് 2008ൽ എളമരം കരീമും 2018, 19 ൽ ഇ പി.ജയരാജനുമാണ് (ഇടത് പക്ഷ സർക്കാരുകളുടെ രണ്ടു വ്യവസായ മന്ത്രിമാർ )

പ്രകൃതിയും മണ്ണും മുതലാളിത്തത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് തിരിച്ചുപിടിക്കാൻ പ്രകൃതിയുടെയും മനുഷ്യന്റെയും വൈരുധ്യാത്മകതയും പരസ്പരമുള്ള ജൈവ മായ ഉൾച്ചേരലും തിരിച്ചറിയുന്ന തൊഴിലാളി വർഗത്തിനേ കഴിയൂ.
ഏറ്റവും അനിവാര്യവും അസാധാരണവും അപകടകരവുമായ സ്ഥിതിയിലാണ് പ്രകൃതിയും മനുഷ്യനും .ഇതിനെ നേരിടാൻ അതിലേറെ അസാധാരണവും അതിസൂക്ഷ്മവുമായ നടപടികൾ വേണ്ടിവരും.ഇതിനെ പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന കേവലാർ ത്ഥത്തിൽ കാണേണ്ടതില്ല.


ഇന്നലെ വരെ കണ്ടതും മനസ്സിലാക്കിയതും എല്ലാം ഈ സാമൂഹ്യ വ്യവസ്ഥ വച്ചു നീട്ടിയ മതിഭ്രമങ്ങളായിരുന്നുവെന്ന തിരിച്ചറിവ് ആ വിഭ്രാമക പ്രതിഭാസങ്ങളെ തിരസ്കരിക്കാനുള്ള ഇഛാശക്തിയായി മാറേണ്ടതുണ്ട്. അതിനെതിരിച്ചു പോക്കെന്ന് പറയാമെങ്കിൽ അങ്ങിനെ. ഒരു ' സോഷ്യൽ മെറ്റാ ബോളിസം' എന്തായാലും ഒന്നുണ്ട് . ഇന്നത്തെപ്പോലെ ശരാശരി 27-30 ടൺ കാർബൺ എമിഷനെ അതിജീവിക്കാൻ ഇനി പ്രകൃതിക്കാവില്ല.


എല്ലാവർഷവും 10 ദിവസമെങ്കിലും ലോകം മുഴുവൻ ഒരു ലോക്ക് ഡൗൺ വായുവും വെള്ളവും തെളിയട്ടെ, പ്രകൃതി കുളിർക്കട്ടെ, പക്ഷിമൃഗാദികൾ ശാന്തമായി ഉറങ്ങട്ടെ. മാസത്തിൽ ഒരു ഞായറാഴ്ച എല്ലാ വാഹനവും, യന്ത്രവും (ഇന്ധനം വേണ്ടതെന്തും, അനിവാര്യ മേഖലകൾ ഒഴികെ) നിശ്ചലമാകട്ടെ. മാസത്തിൽ രണ്ടു ദിവസം എല്ലാ മനുഷ്യനും മണ്ണിലിറങ്ങട്ടെ. രണ്ടു ചെടികൾ പിടിപ്പിക്കട്ടെ.
ചെറുരാജ്യമെങ്കിലും ക്യൂബക്ക് ലോക തൊഴിലാളി വർഗം പിന്തുണ നൽകട്ടെ. പരസ്പര സഹായത്തിന്റെ സഹവർതിത്വത്തിന്റെ ശബ്ദം ഉയരട്ടെ.


"ഭൂമിക്ക് മേൽ മനുഷ്യന്റെ ഉടമസ്ഥത ,ഒരു വൻ അപരന്റെ മേൽ സ്ഥാപിക്കുന്ന ഉടമസ്ഥതക്ക് തുല്യമാണ്.ഇത് അടിമത്തം പോലെ തന്നെ ഹീനമാണ്. ഉത്തമനായ ഒരു കുടുംബനാഥനെപ്പോലെ അതിലെ പാർപ്പുകാരനായി മാത്രം നിന്ന് ഭൂമി അതേ പോലെ വരും തലമുറക്ക് നൽകേണ്ടതാണ്.ഒരു രാഷ്ട്രത്തിനോ ഒരു സമൂഹത്തിനോ ഭൂമിയുടെ മേൽ ഉടമസ്ഥത സ്ഥാപിക്കാനാവില്ല.
മാർക്സ്.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment