വിശാഖപട്ടണം ദുരന്തം: എൽജി പോളിമേഴ്‌സിനോട് 50 കോടി കെട്ടിവെക്കാൻ ഉത്തരവിട്ട് ഹരിത ട്രിബ്യുണൽ




വിശാഖപട്ടണം: വിഷവാതക ദുരന്തത്തില്‍ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണല്‍. എല്‍ജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ഹരിത ട്രിബ്യുണല്‍ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങള്‍ കണക്കിലെടുത്ത് എല്‍ജി പോളിമേഴ്‌സ് ഉടന്‍ 50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണല്‍ ഉത്തരവിട്ടു.


ദുരന്തത്തില്‍ 12 പേരാണ് മരിച്ചത്. എല്‍ജി പോളിമര്‍ കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്രസര്‍ക്കാര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി രാസവസ്തുക്കള്‍ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീന്‍ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളില്‍ കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇരുപത് ഡിഗ്രിസെല്‍ഷ്യസില്‍ കുറവ് താപനിലയിലാണ് ഇത് സൂക്ഷിക്കേണ്ടത്. എന്നാല്‍ ശീതീകരണ സംവിധാനത്തിലെ പിഴവ് കാരണം താപനില ഉയര്‍ന്നു. സ്റ്റൈറീന്‍ വാതകമായി മാറി ചോര്‍ന്നുവെന്നാണ് നിഗമനം.


വലിയ കണ്ടയ്നറില്‍ നിന്ന് ചെറുതിലേക്ക് രാസവസ്തു മാറ്റുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം 40 ദിവസമായി കമ്പനിയില്‍ ഉത്പാദനം നടന്നിരുന്നില്ല. രാസവസ്തുക്കള്‍ ഇങ്ങനെ കെട്ടിക്കിടക്കാന്‍ ഇടയാക്കിയതും ദുരന്തകാരണമായി. 


213 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്ബനി 23 വര്‍ഷമായി വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.2018ല്‍ പ്ലാന്‍റ് വിപുലീകരിക്കാന്‍ കമ്പനിക്ക് സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കിയത് വിവാദമായിരുന്നു. ജനവാസമേഖലയില്‍ പ്ലാന്‍റിന് അനുമതി നല്‍കിയത് ചട്ടവിരുദ്ധമെന്നായിരുന്നു കണ്ടെത്തല്‍. 


അതേ സമയം വെങ്കട്ടപുരത്ത് നിന്ന് ഒഴിപ്പിച്ചവരെ അന്തരീക്ഷം പഴയപടി ആയ ശേഷമേ വീടുകളിലേക്ക് മടക്കിയയക്കൂ. ഇതിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് കരുതുന്നു. ഇന്നലെ രാത്രിയിലും ഇവിടെ വിഷവാതക ചോര്‍ച്ച ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് വാതകം രണ്ടാമതും ചോര്‍ന്നത്. കൂടുതല്‍ പേരെ വീടുകളില്‍ നിന്ന് അര്‍ധരാത്രി ഒഴിപ്പിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ചോര്‍ച്ച അടക്കാനുള്ള ശ്രമത്തിനിടെയാണ് വിഷവാതകം വീണ്ടും പരന്നത്. ചോര്‍ച്ച നിയന്ത്രിക്കാനുള്ള രാസവസ്തുക്കള്‍ ദാമനില്‍ നിന്ന് എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റില്‍ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment