ലീവ് യുവർ ഫുട്പ്രിന്റ് നോട്ട് കാർബൺ ; കാൽനട സന്ദേശവുമായി യുവാക്കളുടെ 'ചുവട് '




ലീവ് യുവർ ഫുട്പ്രിന്റ് നോട്ട് കാർബൺ. ആഗോളതാപനം എന്നത് ഉപന്യാസമെഴുതാനുള്ള വിഷയം മാത്രമല്ല ഓരോ മനുഷ്യന്റെയും അതിജീവന പ്രശ്നം കൂടിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം യുവാക്കളുടെ മുദ്രവാക്യമാണിത്. കാൽനടയുടെയും സൈക്കിൾ യാത്രയുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും പ്രാധാന്യം സ്വയം തിരിച്ചറിയാനും കൂട്ടുകാരെയും നാട്ടുകാരെയും മനസിലാക്കിക്കാനും   കൊല്ലം ജില്ലയിലെ അഞ്ചലിൽ ഒരു കൂട്ടം ചെറുപ്പക്കാർ രൂപീകരിച്ച കൂട്ടായ്മയാണ് വാക്കേഴ്‌സ് കളക്ടീവ്. വാക്കേഴ്‌സ് കളക്ടീവ് നടത്തുന്ന ചുവട് എന്ന പരിപാടിയുടെ മുദ്രാവാക്യമാണ് ആദ്യം പറഞ്ഞത്. 

 

അഞ്ചൽ മുതൽ തെന്മല വരെയുള്ള 33  കിലോമീറ്റർ ദൂരം കിഴക്കൻ മലയോരത്ത് പശ്ചിമഘട്ടത്തിന്റെ ഓരത്ത് കൂടി പ്രകൃതിയെ അടുത്തറിഞ്ഞും മനസ്സിലാക്കിയും നടത്തുന്ന കാൽനട യാത്ര.  അതാണ് 'ചുവട്'. 40347 ചുവടുകളിലൂടെ 33.05 കിലോമീറ്റർ ദൂരമാണ് ഇവർ താണ്ടിയത്.  പോകുന്ന വഴിയിൽ സംസാരിക്കാൻ പറ്റുന്നവരോടെല്ലാം സംസാരിക്കുക, കഴിയുന്നിടത്തോളം ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാനാവുന്ന ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് ഓരോരുത്തരോടും പറയുക, ഈ കൊച്ചുവെളുപ്പാൻകാലത്ത് ഇവന്മാർക്ക് തലക്ക് പ്രാന്താണോ എന്ന് ചോദിക്കുന്നവർക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് നടത്തം തുടരുക. ഇതാണ് ചുവടിന്റെ സിമ്പിളായ പ്രവർത്തന രീതി. അഞ്ചലിലും പരിസര പ്രദേശത്തുമുള്ള ആറു പേരാണ് ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തത്. 

 "എന്തിനാണ് ഈ നടത്തം?" പലരും ഉന്നയിച്ച ചോദ്യമാണിത്."എന്തുകൊണ്ട് നടന്നുകൂടാ?" എന്നത് മാത്രമാണ് ഇതിനുള്ള ലളിതമായ മറുപടി. ആരെയും നന്നാക്കാനുള്ള പ്രഹസനമല്ലിത്, മറിച്ച് സ്വയം നന്നാവുക എന്ന ഗൂഢ ലക്ഷ്യവും ഇതിലുണ്ട്. ഇതൊരു യാത്രയുടെ ഭാഗമാണ്. ചെല്ലുന്നിടമെല്ലാം ലക്ഷ്യസ്ഥാനങ്ങൾ. കുറച്ചു ദൂരം നടക്കാം, പിന്നീട് സൈക്കിളിൽ ആവാം, അതുകഴിഞ്ഞ് KSRTC ബസിൽ കയറാം, പിന്നെ ഇന്ത്യൻ റെയിൽവേയിലും, മടുക്കുമ്പോൾ വീണ്ടും നടക്കാം.യാത്ര തുടരാം. വാക്കേഴ്‌സ് കളക്ടീവ് നയം വ്യക്തമാക്കുന്നു. 

 

സൈക്കിൾ യാത്രകളും സംഘടിപ്പിക്കാറുണ്ട് ഇവരുടെ വാക്കേഴ്‌സ് കളക്ടീവ്. കൊല്ലത്ത് വരെ നടന്നു പോയവർ വരെയുണ്ട് ഇവരുടെ കൂട്ടത്തിൽ. വിമൽ മധു, നിർഷാജ്, മഹേഷ്, ഋഷിരാജ്, ജിഷ്ണു, അനന്ദു എന്നിവരാണ് ഇന്നത്തെ യാത്രയിൽ പങ്കെടുത്തത്. അതിരാവിലെ ആരംഭിച്ച യാത്ര 12 മണിയോടെ തെന്മലയിൽ എത്തി. കൂടുതൽ ചെറുപ്പക്കാർ  വരും ദിവസങ്ങളിൽ ചുവടിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അടുത്തുള്ള കടയിൽ പോകാൻ വരെ ബൈക്കോ കാറോ എടുക്കുന്ന നമ്മൾ ഓരോരുത്തർക്കും ഉള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ചുവട് എന്നത് കൊണ്ട് കൂടിയാണ് ഈ ഉദ്യമം ശ്രദ്ധേയമാകുന്നത്. പരിസ്ഥിതിയെയും മനുഷ്യനെയും കുറിച്ച് കരുതലുള്ള ഒരു കൂട്ടം യുവാക്കളുടെ ചെറുതെങ്കിലും ധീരമായ ഒരു 'ചുവട്' വെപ്പ് മുന്നോട്ട് തന്നെ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment