മലപ്പുറത്ത് നൂറുകണക്കിന് ദേശാടനപക്ഷികളെ കൂട്ടക്കൊല ചെയ്തു




മലപ്പുറത്ത് നൂറുകണക്കിന് ദേശാടന പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചങ്ങരംകുളം ആലംകോട് വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന മരങ്ങൾ അപ്രതീക്ഷിതമായി മുറിച്ച് മാറ്റിയതിനെ തുടർന്ന് മരത്തിൽ കൂടുകെട്ടിയിരുന്ന നൂറോളം അപൂർവ്വ ദേശാടന പക്ഷിക്കുഞ്ഞുങ്ങളാണ് മരിച്ചത്. എൺപതോളം മുട്ടകളും തറയിൽ വീണ് പൊട്ടി. പക്ഷികൾ വിസർജ്ജിക്കുന്നത് ചൂണ്ടിക്കാട്ടി ദേശാടന പക്ഷികളുടെ താവളമായ ആലംകോട് വില്ലേജ് ഓഫീസ് പരിസരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയതിനെത്തുടർന്ന് ദേശാടന  പക്ഷിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചു വീഴുകയായിരുന്നു. സംഭവത്തിനെതിരെ പരിസ്ഥിതിപ്രവർത്തകരുടെയും പക്ഷിസ്നേഹികളും ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം ചങ്ങരംകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. 

രാവിലെ കുഞ്ഞുങ്ങളെ കൂട്ടിലാക്കിയ ശേഷം തീറ്റ തേടിപ്പോയ പക്ഷികൾ വൈകുന്നേരം തിരികെയെത്തിയപ്പോൾ മരവും കൂടും ഇല്ലാതായി, പൊട്ടിയ മുട്ടകളും, മരിച്ച കുഞ്ഞുങ്ങളും മാത്രമായത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു എന്ന് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകൻ നൗഫൽ എടപ്പാൾ പറയുന്നു. വൈകുന്നേരം കൂടണയാന്‍ എത്തിയ ആയിരക്കണക്കിന് പക്ഷികള്‍ ചങ്ങരംകുളത്തെ വലം വെച്ച് പറന്നു ബഹളം വെച്ചു. വെറും മൂന്ന് മാസം മാത്രമാണ് ഈ ദേശാടന പക്ഷികൾ ഇവിടെ കൂടൊരുക്കുന്നത്‌. 

 

ദേശാടനപക്ഷികൾക്കെതിരെ  നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിനായി കൊണ്ടുവന്നുള്ള പതിമൂന്നോളം വകുപ്പുകൾക്ക് പുല്ല് വില കൽപ്പിച്ചാണ് പക്ഷികളുടെ കൂട്ടക്കൊലപാതം നടന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു . വന്യ ജീവി സംരക്ഷണ നിയമം, നീർത്തട പക്ഷി സംരക്ഷണ നിയമം തുടങ്ങിയവയിൽ ഉൾപ്പെടുന്ന നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് മരങ്ങൾ വെട്ടിമാറ്റിയത്. പക്ഷി കുഞ്ഞുങ്ങളെ കൊന്നൊടുക്കിയവർക്കെതിരെയും താവളം നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പക്ഷി നിരീക്ഷകരും പക്ഷി സ്നേഹികളും പരാതി നൽകി.

മരം മുറിച്ച് മാറ്റുമ്പോൾ അതിൽ പക്ഷിക്കൂടുകൾ ഉണ്ടെങ്കിൽ സുരക്ഷിതമായി അവ മാറ്റിയ ശേഷം മാത്രമേ മരങ്ങൾ മുറിക്കാവൂ എന്നാണ് നിയമം. വേണ്ടത്ര മുന്‍ കരുതലുകളോ വനം വകുപ്പിന്റെയോ ഫോറസ്റ്റിന്റെയോ അനുമതിയോ വാങ്ങാതെ മരച്ചില്ലകള്‍ വെട്ടിമാറ്റിയതും ഇത് വഴി നൂറ് കണക്കിന് കിളിക്കുഞ്ഞുങ്ങള്‍ ചത്ത് വീണതും ചര്‍ച്ചയായതോടെ ഫോറന്‍സ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരിച്ച പക്ഷിക്കുഞ്ഞുങ്ങളുടെയും, പൊട്ടിയ മുട്ടകളുടെയും കണക്കെടുത്തു. ജീവൻ അവശേഷിച്ച കുഞ്ഞുങ്ങളെ വനംവകുപ്പ് കൊണ്ട് പോയി. ആവാസ വ്യവസ്ഥയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ട ദേശാടനക്കിളികൾ, മനുഷ്യന് മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യം അവശേഷിപ്പിച്ച് , ഇരിക്കാനിടമില്ലാതെ പറന്നു നടക്കുന്നത് ചങ്ങരംകുളത്തിന് ദയനീയ കാഴ്‌ചയായി മാറുകയാണ്. 

വീഡിയോ കടപ്പാട് : മലപ്പുറം കഫെ ഓൺലൈൻ ന്യൂസ് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment