ശബരിമല എന്ന പൂങ്കാവനം തുരന്ന് തീരാറായിട്ടും




പത്തനംതിട്ട ജില്ലയുടെ 55% കാടുകളാണ് എന്ന് അഭിമാനിക്കുന്നതിനൊപ്പം രാജ്യത്തെ  മലിനീകരണം കുറഞ്ഞ ജില്ലാ ആസ്ഥാനം എന്ന പേര്‍ എത്രനാള്‍ കൂടി ആ ജില്ലക്ക് ഉണ്ടാകും എന്ന് പറയുവാന്‍ കഴിയില്ല.പ്രകൃതി ദുരന്തത്തിൻ്റെ പിടിയിൽ അമരുന്ന ശബരിമലയുടെ താഴ് വാരങ്ങൾ  നിരവധി ജീവിതങ്ങളെ കവർന്നെടുത്തു കഴിഞ്ഞു.ആലപ്പുഴ ജില്ലയ്ക്കു കൂടി ഭിതി ജനിപ്പിക്കും വിധം വെള്ളപ്പൊക്കം വൻ പ്രതിസന്ധിയായി മാറുകയാണ്.വരൾച്ചാ കാലത്ത് വരണ്ട പ്രദേശങ്ങൾ കാർഷിക വൃത്തി അസാധ്യമാക്കുകയാണ്..അത് മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നു .ജില്ലയുടെ അധികാരികൾ മുതല്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ഇത്തരം സംഭവങ്ങള്‍ ഒട്ടും ഉല്‍ക്കണ്ഠ പെടുത്തുന്നില്ല.പെരുനാടും വെച്ചൂച്ചിറയും സീതത്തോടും തണ്ണി തോടും  മണിമലയും മറ്റും ഉരുൾപൊട്ടൽ ഭീതിയിൽ അമരുമ്പോൾ ,ഖനനങ്ങൾക്കു പിൻ തുണയുമായി MLA മാരും പാർട്ടി നേതാക്കളും ജില്ലാ അധികാരികളും പിന്നിലുണ്ട്.ഇവർ തന്നെ വെള്ളപൊക്ക കാലത്ത് രക്ഷക വേഷം കെട്ടി സഹായങ്ങൾ പ്രഖ്യാപിക്കുവാൻ നമ്മുടെ ഇടയിലുണ്ടാകും.


ശബരിമല അയ്യപ്പന്‍റെ പൂങ്കാവനം മുതല്‍ കോന്നി വന മേഖല അവസാനിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്ത് വരെ എല്ലാ നിയമങ്ങളെയും ലംഘിച്ചു കൊണ്ട് നടക്കുന്ന ഖനനവും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ തുടരുകയാണ്.മലയി ടിച്ചിലും ഉരുള്‍പൊട്ടലും വര്‍ധിക്കുന്നതില്‍ വിശദീകരണം നൽകേണ്ടവർ നിസ്സംഹത പുലർത്തുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു.


2001ല്‍ 19 ക്വാറികള്‍ ഉണ്ടായിരുന്ന ജില്ലയിൽ  2016 എത്തിയപ്പോള്‍ 520 പാറ മടകളും 38 ക്രഷര്‍ യൂണിറ്റുകളുമായി അവയുടെ എണ്ണം വർദ്ധിച്ചു.ജില്ലയിലെ (പഞ്ചായത്തുകൾ 68) ഓരോ പഞ്ചായത്തിലും 8 വീതം ഖനന കേന്ദ്രങ്ങള്‍ ഔദ്യോഗി കമായ ഇവിടെ  ഉണ്ടെന്നു കാണാം.ഖനന സംഘങ്ങള്‍ക്ക് കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടുകളോ ഹരിത ട്രൈബ്യൂണല്‍ നിഷ്ക്കര്‍ഷകളോ ബാധകമല്ല.സര്‍ക്കാര്‍ ഭൂമിയോ നീരുറവകളോ ഒന്നും വക വേക്കേണ്ടതില്ല.8 മീറ്റര്‍ വീതിയില്‍ കുറവുള്ള റോഡിലൂടെ 10 ടണ്ണിലധികം വലിപ്പമുള്ള ലോറികള്‍ കടന്നു പോകുവാന്‍ ഇവര്‍ക്ക് മാത്രം അവകാശമുണ്ട്‌ .


ജില്ലയുടെ തെക്കേ അതൃത്തിയിലുള്ള കലഞ്ഞൂര്‍ പഞ്ചായത്ത് , പാറ മടകളുടെ വിഹാര ഭൂമിയാണ്‌.എല്ലാ പാര്‍ട്ടിക്കാര്‍ക്കും ദേവാലയ സമിതിക്കും ഉദ്യോഗസ്ഥ ര്‍ക്കും പ്രിയപെട്ട ആളുകളുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഖനനത്തിനെതിരായ സമരങ്ങളെ ,കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒതുക്കി എടുക്കുവാന്‍ ബസപ്പെട്ടവർ  വിജയിച്ചു എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം. കലഞ്ഞൂര്‍ പഞ്ചായത്തില്‍ 8 ഖനന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വിവരാവകാശ രേഖ പറയുന്നത്. ക്രഷറുകള്‍ മൂന്നെണ്ണം. യഥാർത്ഥത്തിൽ അവയുടെ എണ്ണം 2 ഡസനിലധികമാണ്. 80 വരെ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.


കൃഷിക്ക് മാത്രമായി അനുവദിക്കപെട്ട ഭൂമിയില്‍,എല്ലാ നിയമങ്ങളെയും  നോക്കു കുത്തിയാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ ,പഞ്ചായത്തിന് കിട്ടുന്ന വരുമാനം നാട്ടുകാർ അറിയേണ്ടതാണ്. 42200 ലധികം അംഗങ്ങള്‍ താമസിക്കുന്ന പഞ്ചായ ത്തിന് പാറ ഖനന യൂണിറ്റുകളില്‍ നിന്നും കിട്ടിയ 2017 ലെ ആകെ വരുമാനം 91907 രൂപയും 2018ല്‍ 2.5117 ലക്ഷം രൂപയുമായിരുന്നു.ക്രഷര്‍ വ്യവസായികളില്‍ നിന്നും യഥാക്രമം 40746 രൂപയും 85732 രൂപയും ലഭിച്ചു.പഞ്ചായത്തിലെ ഓരോത്തര്‍ക്കും 7രൂപ 90 പൈസയുടെ വാർഷിക വരുമാനം കിട്ടുന്നു എന്നർത്ഥം.മേഖലയിലെ തൊഴിലാളികള്‍ ആകട്ടെ പരമാവധി 150 പേര്‍. കലഞ്ഞൂര്‍ പഞ്ചായത്തിന്‍റെ  അര നൂറ്റാണ്ടു ചരിത്രത്തില്‍ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമായിരുന്നു കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നത് .ഇന്നത് 60% ഇടങ്ങളിലും എത്തിയിരിക്കുന്നു.അതിനായി ചെലവഴി ക്കുന്ന തുക ഖനന രംഗത്ത് നിന്നും ലഭിക്കുന്നതിന്‍റെ പതിന്‍ മടങ്ങാണ്. ഖനനം ഉണ്ടാക്കുന്ന പ്രത്യേക രോഗങ്ങൾ, റോഡുകൾ തകരുന്നത് ,വർധിച്ച അപകടങ്ങൾ ഒക്കെ സാധാരണക്കാരുടെ ഉത്തരവാദിത്തമായി ഇന്നു പരിഗണിക്കുന്നു.


കൊറോണ കാലത്ത്  പുതിയ പാറമട അനുവദിച്ച വെള്ളനാട് പഞ്ചായത്ത് . 


തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമത്തിൽ , കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ കളക്റ്റര്‍ നേരിട്ടെത്തി നിര്‍ത്തി വെപ്പിച്ച ,പാറ ഖനനം കൊറോണ കര്‍ഫ്യൂ കാലത്തു തന്നെ വീണ്ടും ആരംഭിക്കുവാന്‍  പഞ്ചായത്ത് അനുവാദം നല്‍കിയിരിക്കുന്നു.ഒരാളുടെ മരണത്തിനടയാക്കിയ പ്രസ്തുത പാറ മടക്കെതിതായ പ്രതിക്ഷേധങ്ങളായിരുന്നു ഖനനം നിര്‍ത്തി വെപ്പിക്കുവാൻ അവസരം ഉണ്ടാക്കിയത്.പാറ പൊട്ടിക്കല്‍ ചുറ്റുമുള്ള താമസക്കാ ര്‍ക്കും സ്ഥാപനങ്ങൾക്കും വരുത്തി വെച്ച കഷ്ട നഷ്ടങ്ങള്‍ നാട്ടുകാരെ ഇപ്പോഴും ഭയപെടുത്തുന്നതാണ്.


ഖനനം നടത്തുവാൻ ശ്രമിക്കുന്ന സര്‍വ്വേ നമ്പര്‍ 563/2,563/4 കള്‍ക്ക് ഇടയിലുള്ള 563/5 നമ്പറിലെ 16.5 സെന്‍റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്‌ എന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.ഇത്തരം പ്രകടമായ നിയമ ലംഘനങ്ങളെ കണ്ടില്ല എന്ന് നടിക്കു വാന്‍ റവന്യൂ അധികാരികളും പഞ്ചായത്ത് സംവിധാനവും പ്രത്യേകം താല്‍പര്യം കാട്ടി എന്ന് വ്യക്തമാണ്‌.ഏറെ പ്രസിദ്ധമായ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം, അഭയ കേന്ദ്രം, ആരോഗ്യ ക്ലിനിക്, സ്കൂള്‍, ഫാര്‍മസി കോളജ്,ആരാധനാലയങ്ങള്‍, മുന്‍ രാഷ്ട്രപതിയുടെ പേരിലുള്ള സ്ഥാപനം എന്നിവക്ക് ഭീഷണിയാകും വിധം ഖനനം അനുവദിക്കുവാന്‍ പഞ്ചായത്ത് എടുത്ത തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
.

തിരുവനന്തപുരം ജില്ലക്ക് ആവശ്യമായ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര  ഡാമിന്‍റെ ശ്രോതസ്സായി ഒഴുകുന്ന അരുവിക്കാമുഴി തോടിന്‍റെ തീരം കൈലാക്കി നടത്തുന്ന പാറ പൊട്ടിക്കല്‍ ,നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കും എന്ന് നേരത്തെ തന്നെ ബോധ്യപെട്ടിട്ടുള്ളതാണ്.ഏലകളുടെ ജല വിതാനം നിയന്ത്രിക്കുന്ന തിനും പ്രാദേശിക കിണറുകള്‍ക്ക് സഹായകരവുമായ പ്രസ്തുത തോടിന്‍റെ നില നില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന പുതിയ ഖനന യൂണിറ്റ് നാട്ടിലെ എല്ലാ നിയമങ്ങളെയും വെല്ലുവിളിക്കുകയാണ്. കൊറോണയുടെ നിഴലില്‍ പോലും നിയമ ലംഘകര്‍ക്ക് നാടിന്‍റെ സൗകര്യം  ജിവിതം തകര്‍ക്കുവാന്‍ കൂട്ട് നില്‍ക്കുന്ന വെള്ളനാട് പഞ്ചായത്ത് കേരളത്തിലെ ഒറ്റപെട്ട സംഭവമല്ല.


നിയമങ്ങളെ വളച്ചൊടിച്ച് , തിരുവനന്തപുരത്തെ വെള്ളനാടും പശ്ചിമ ഘട്ടത്തിൻ്റെ കണ്ണായ നിരകളിലും നടക്കുന്ന ഖനനങ്ങൾ കേരളത്തിൽ വൻ ദുരന്തങ്ങൾ ആവർത്തിക്കുവാനുള്ള  സാഹചര്യങ്ങളെ വർധിപ്പിക്കുകയാണ്. കാണേണ്ടവർ കാണുന്നില്ല. സംരക്ഷണം നൽകേണ്ട സർക്കാർ സംവിധാനങ്ങൾ സാമൂഹിക വിരുധ ശക്തികളെ സഹായിക്കുന്ന സാഹചര്യങ്ങൾ ഇനി എങ്കിലും അവസാനിപ്പിക്കണം .


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment