ഹീറ്റ് വേവിൽ ഉരുകി കാനഡ ; കടുത്ത ചൂടിൽ 34 മരണം




കാനഡയിൽ ഒരാഴ്ചയായി തുടരുന്ന ഹീറ്റ് വേവിൽ 34 പേർ കൊല്ലപ്പെട്ടു. കുറച്ച് കാലത്തേക്ക് നീണ്ടു നിൽക്കുന്ന ഉയർന്ന ചൂടും ആർദ്രതയുമുള്ള കാലാവസ്ഥ പ്രതിഭാസമാണ് ഹീറ്റ് വേവ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 34 ഡിഗ്രിയോളം ഉയർന്ന താപനിലയുള്ള ഹീറ്റ് വേവിന്റെ ആരംഭം. തെക്കൻ കാനഡയിലെ  ക്യൂബെക്ക് പ്രവിശ്യയിലെ മോൺട്രിയൽ നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉഷ്ണതരംഗത്തിൽ മോൺട്രിയൽ നഗരത്തിൽ 18 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങൾക്കിടെ കാനഡ കണ്ട ഏറ്റവും ഭീകരമായ ഉഷ്‌ണതരംഗമാണ് ഇപ്പോൾ സംഭവിക്കുന്നത്. 

 

കാനഡയിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് മോൺട്രിയൽ. സാധാരണ നിലയിൽ 24 ഡിഗ്രിയോളമാണ് ഇവിടുത്തെ താപനില. പെട്ടെന്ന് താപനില ഉയർന്നതോടെ ജനം ചൂടിൽ ഉരുകുന്ന അവസ്ഥയിലാണ്. പ്രായമായവരെയും കുട്ടികളെയുമാണ് കാലാവസ്ഥയിൽ ഉണ്ടായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 50 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. 

 

തെക്കൻ കാനഡയിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസും ഏകദേശം 15000 ത്തോളം പേരെ  സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി മോൺട്രിയൽ മേയർ അറിയിച്ചു. അയല്പക്കത്തുള്ളവർക്ക് അപകടങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കാൻ പൊതുജനത്തോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് പുറമെ ചൂടിനെ നേരിടാൻ നീന്തൽക്കുളങ്ങളും എയർ കണ്ടീഷൻ ചെയ്ത പൊതു സ്ഥലങ്ങളും തുറന്നിട്ടുമുണ്ട്. എസി റൂമിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ച് കൂട്ടുകയാണ് പലരും. മരണപ്പെട്ടവർക്ക് ട്വിറ്ററിലൂടെ അനുശോചനമറിയിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ റെക്കോർഡ് താപനില തെക്കൻ കാനഡയിൽ തുടരുമെന്നും എല്ലാവരും സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു. 

 

My thoughts are with the loved ones of those who have died in Quebec during this heat wave. The record temperatures are expected to continue in central & eastern Canada, so make sure you know how to protect yourself & your family: https://t.co/JSPPsU80x9

— Justin Trudeau (@JustinTrudeau) July 4, 2018



 

 

ഹീറ്റ് വേവ് ഈ ആഴ്ച അവസാനം വരെ നിൽക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ കണക്ക് കൂട്ടൽ. കഴിഞ്ഞ ആഴ്ച അമേരിക്കയിലും ഉഷ്‌ണതരംഗങ്ങൾ ആഞ്ഞടിച്ചിരുന്നു. കാലിഫോർണിയയിലും തെക്ക് പടിഞ്ഞാറൻ അമേരിക്കയിലും ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ചേക്കാവുന്ന മറ്റൊരു ഹീറ്റ് വേവ് കൂടി ഉണ്ടാവുമെന്നും മുന്നറിയിപ്പുകളുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment