ആരാധകരുടെ ശ്രദ്ധയ്ക്ക് ; ലോകകപ്പിന്റെ ഹരിതപാഠങ്ങൾ




മറ്റൊരു ലോക കാൽപ്പന്തു മത്സരവും അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.

 

നമ്മുടെ നാട്ടിലെ കാൽപ്പന്തുകളി ആരാധകരുടെ ഇഷ്ട കളിക്കാർ നെയ്മറും മെസ്സിയും റൊണാൾഡോയും ഒരു പക്ഷേ നാളെ ലുക്കാക്കുവും എംബാപ്പെയും ആയി തീരാം. അവരുടെ പേരിൽ നാട്ടിലുയരുന്ന  കൊടി തോരണങ്ങൾ, പരസ്യ പലകകൾ  പരിസ്ഥിതിയെ പരിഗണിക്കാതെയാണ് ഉയർത്തിയിരിക്കുന്നത് എന്ന വിഷയത്തെ ഗൗരവതരമായി കാണുവാൻ നമ്മുടെ കാൽപ്പന്തുകളി ആരാധകർ തയ്യാറായിട്ടില്ല. മാനവികതയെ ചുരുക്കി കാണുന്ന ദേശ ഭാഷാ മത ബോധങ്ങളെ  തട്ടിമാറ്റി കാൽപ്പന്തുകളിയിലൂടെ മറ്റു ദേശക്കാരെ ജീവനു തുല്യം സ്നേഹിക്കുവാൻ  കഴിയുന്നവർക്ക്  പ്രകൃതി സംരക്ഷണത്തിൽ മാതൃകകൾ തീർക്കുവാൻ കഴിയേണ്ടതാണ്.   

 

പഴയ കാലത്തെ സോഷ്യലിസ്റ്റ് റഷ്യയും അതിന്റെ ഇന്നത്തെ രൂപവും പ്രകൃതി സംരക്ഷണത്തോട് മുഖം തിരിച്ചു നിന്നു വന്നു . വൻകിട ഇരുമ്പ് കമ്പനികൾ, ഖനന യൂണിറ്റുകൾ, നദീ ബന്ധന പദ്ധതികൾ  സൈബീരിയെയും മറ്റും വിഷലിപ്ത മാക്കിയിരുന്നു. ലോകത്തെ  ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ പ്രധാനിയായ  അരാൽ തടാകം വറ്റി വരണ്ടു പോകുവാൻ  കാരണമായിട്ടും നയങ്ങൾ തിരുത്തുവാൻ മടിച്ച റഷ്യയുടെ പരിസ്ഥിതി സമീപനങ്ങളിൽ FIFA 2018  ഗുണപരമായ മാറ്റങ്ങൾ കൂടുതൽ വേഗത്തിൽ വരുത്തുവാൻ അവസരം ഉണ്ടാക്കി.

 

1950 ലെ ബ്രസീൽ ലോകകപ്പിനു ശേഷം 70 വർഷത്തോളം കഴിയുമ്പോൾ  മത്സരം നടന്ന ജൂൺ, ജൂലൈ മാസങ്ങളിലെ  വർദ്ധിച്ച ഊഷ്മാവിന്റെ തോത് 0.3 ഡിഗ്രിയാണ്. 12 മാസത്തെ കണക്കെടുത്താൽ 1.2 മുതൽ 2 ഡിഗ്രി വരെയും.

 

ഫിഫ,  2006 മുതൽ പന്തുകളി മത്സരങ്ങളെ Green goal എന്നു പേരിട്ട് കാർബൺ രഹിത സംഘാടനത്തിന്  ശ്രമിച്ചു വരുന്നു. റഷ്യൻ സർക്കാർ 2015 മുതൽ തുടങ്ങിയ Sustainability Strategy Local Organising കമ്മിറ്റിയിലൂടെ 2018 ലോക പന്തുകളി മേളയെ പരിസ്ഥിതി സൗഹൃദപരമാക്കുവാൻ  ശ്രമങ്ങൾ നടത്തി.10 വിഷയങ്ങളിൽ 160 തരം പ്രവർത്തന രീതികൾ അവലംബിച്ചു. വെളളം, ഊർജ്ജം, വായു, വാഹനം, മാലിന്യം മുതൽ പിക്നിക്കിൽ വരെ ബദൽ നിർദ്ദേശങ്ങൾ ഉണ്ടായി.

 

പണി തുയർത്തിയ കളിക്കളങ്ങൾ, മറ്റു നിർമ്മാണങ്ങൾ ഒക്കെ BREEAM (Building Research Establishment Enviornmental Assesment Method), LEED (US അവലംബിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമ്മാണം) രീതികളിലൂടെ നടത്തുവാൻ സർക്കാർ ശ്രമിച്ചു .ഉദ്ഘാടനവും ഫൈനൽ  മത്സരവും നടക്കുന്ന Luzhniki Stadium മുതൽ പീറ്റേഴ്സ് ബർഗ്, കസാൻ തുടങ്ങിയ 12 സ്റ്റേഡിയങ്ങൾ പുതുക്കി പണിതതും  പരിസ്ഥിതി സൗഹൃദ രീതികളിലാണ്. കാറ്റും വെളിച്ചവും ഒപ്പം ചൂട് നിയന്ത്രിക്കൽ സംവിധാനം, ജല ഉപയോഗം കുറക്കുന്ന ടാപ്പുകൾ ഒക്കെ റഷ്യൻ നിർമ്മാണ രീതിക്കു പുതു പാഠമാണ്.

 

736 കളിക്കാർ , ലക്ഷത്തിലധികം ഒഫിഷ്യലുകൾ ,10 ലക്ഷം കാണികൾ ഒക്കെ എത്തിച്ചേർന്ന റഷ്യയിൽ ഉണ്ടാകുന്ന കാർബൺ ഫുട് പ്രിന്റ്  മൊത്തത്തിൽ 21 ലക്ഷം ടൺ വരുമെന്ന് പറയുന്നു. ഓരോരുത്തരും 2.5 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നു. യാത്ര ചെയ്തെത്തുന്നവരുടെ പങ്ക്  74% ആണ് .ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിൽ 20% Recycle ചെയ്യുന്നുണ്ട്. 

കഴിഞ്ഞ ലോകകപ്പിൽ ജപ്പാൻ ഐവറി കോസ്റ്റ്  മത്സരത്തിനു ശേഷം ജപ്പാൻ  കാണികൾ സ്റ്റേഡിയം വൃത്തിയാക്കിയ സംഭവം ലോകത്തെ ഫുഡ്ബോൾ കാണികൾക്ക് പുതിയ പാഠമായിരുന്നു.   ഈ ലോകകപ്പിൽ കൊളംബിയയുമായുള്ള മത്സരത്തിന് ശേഷവും അവർ ഇങ്ങനെ തന്നെ ചെയ്തു. 

 

പരിസ്ഥിതി എന്ന രാഷ്ട്രീയ വിഷയത്തെ കേവല ബദലുകളിലൂടെ മാത്രം  പരിഹരിക്കുവാൻ കഴിയുകയില്ല. കോർപ്പറേറ്റുകളും ഭരണകൂടവും  പ്രകൃതി വിഭവങ്ങളെ ഭോഗ വസ്തുവായി കണ്ടു നടത്തുന്ന വികസന നിലപാടുകളെ  തള്ളിപ്പറയുവാൻ ഫിഫ എന്ന സംഘടനയ്ക്ക് രാഷ്ട്രീയ ശക്തി ഇല്ല എങ്കിലും അവർ Climate Neutral Now എന്ന ആശയം ഉയർത്തി നടത്തുന്ന പ്രവർത്തനങ്ങൾ  നമ്മുടെ രാഷ്ടീയ ഭരണനേതൃത്വങ്ങൾക്ക് പാഠമാകുമായിരുന്നു എങ്കിൽ  !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment