പരിസ്ഥിതിക്ക് കരുതൽ നൽകി വേണം പുതിയ കേരള നിർമ്മാണം ; പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി
കേരളം അനുഭവിച്ച മഹാദുരന്തം പതുക്കെയങ്കിലും ഒഴുകിത്തീരുമ്പോൾ തീരാ നഷ്ടങ്ങളും ദുരിതങ്ങളൂമായി ഒരു ജനത തികഞ്ഞ ആശങ്കയിലാണ്.പുതിയ ഒരു കേരളം നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ ,അതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുമ്പോൾ ഇനിയും തീർച്ചയായും നാം അനുഭവിക്കേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി, കാലാവസ്ഥാ ആഘാതങ്ങളും അഭിമുഖീകരിക്കാനും പ്രതിരോധിക്കാനുമുള്ള വഴികൾ കൂടി നിശ്ചയിക്കേണ്ടതുണ്ട്.ഇതിലേക്ക് വരണമെങ്കിൽ ഈ മഹാമാരിയുടെ കാരണങ്ങളെന്തെല്ലാമെന്നു് ശാസ്ത്രീയമായും അവധാനതയോടെയും പരിശോധിക്കണം.

 

കാലാവസ്ഥയിൽ വന്നു ഭവിയ്ക്കുന്ന തകിടം മറിച്ചിൽ, സൂക്ഷ്മതലങ്ങളിൽ നാം തന്നെ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ, ഇതെല്ലാം മുൻകൂട്ടി കണ്ട് മുൻകരുതലും പ്രതിരോധവും തീർക്കാൻ കഴിവുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. കാലാവസ്ഥയിലെ തകിടം മറിച്ചിൽ ആഗോളമായി സംഭവിക്കുന്നതാണ് എന്ന് പറഞ്ഞ് ഇനി ഒഴിയാനാവില്ല. അതിന് ആക്കം കൂട്ടാൻ നമ്മുടെ പങ്കും വലുതാണ്. നമ്മുടെ ഞാറ്റുവേല ഒരിക്കലും മാറ്റി മറിക്കാനാവില്ല എന്ന് അഹങ്കരിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് അതല്ല. കാലം തെറ്റിയ മഴയും വേനലും സാധാരണയായിരിക്കുന്നു. കുടിവെള്ളം കിട്ടാതെ വർഷത്തിൽ പകുതിയും നമ്മൾ വിഷമിക്കുന്നു. അന്തരീക്ഷതാപനിലയിൽ വലിയ അന്തരം വന്നു കഴിഞ്ഞു. അതനുസരിച്ച് മണ്ണിനും മാറ്റം വന്നു. ചോലക്കാടുകൾ ഇനി വരാത്തവണ്ണം മറഞ്ഞു കൊണ്ടിരിക്കുന്നു. ഇതെല്ലാം പുനർനിർമ്മിക്കാൻ കഴിയില്ലെങ്കിലും അവശേഷിക്കുന്നതെങ്കിലും സംരക്ഷിപ്പെടണം.

 

കഴിഞ്ഞ 3 - 4 വർഷമായി നമുക്ക് ലഭിക്കുന്നത് പ്രതീക്ഷിത മഴയേക്കാൾ വളരെക്കുറവാണ്. മുൻപത്തെ പോലെ വലിയ ഒരു വർത്തെ താങ്ങാൻ നമ്മുടെ മണ്ണിനും പുഴക്കും കഴിയാത്ത വിധം നമ്മൾ അവയെ മാറ്റിമറിച്ചു. ഒഴുകിയെത്തിയ വെള്ളത്തിന് സ്വന്തം പുഴ ഇല്ലാതായപ്പോൾ പുതിയ വഴികളിലൂടെ വെള്ളമൊഴുകി. മണ്ണിലേക്ക് കിനിഞ്ഞിറങ്ങാൻ വയലും കായലും ഇല്ലാതായപ്പോൾ വെള്ളം പരന്നൊഴുകി, താഴാൻ കഴിയാതെ ഉയർന്നുയർന്നു വന്നു . ഉരുൾപൊട്ടൽ മുൻവർഷങ്ങളിൽ മൂന്നോ നാലോ മാത്രമെണങ്കിൽ ഇന്ന് അത് നൂറുകണക്കായി വർധിച്ചു. മണ്ണിടിച്ചിലും വ്യാപകമായി ഉണ്ടായി.ഇതെല്ലാം സംഭവിക്കുന്നത് മലയോര മേഖലയിലുമാണ്. ക്വാറികൾ ഉപേക്ഷിച്ച വെള്ളക്കെട്ടുകൾ ,ക്വാറികൾക്ക് വേണ്ടി ഇളക്കിമറിക്കപ്പെട്ട മൺകൂനകൾ ,കീടനാശിനികളുടെ ഉപയോഗവും ക്രമാതീതമാകുന്ന കാട്ടുതീയും അടിക്കാടുകൾ പൂർണമായി നശിക്കുന്നതിനാൽ വെളളക്കെട്ട് ഉണ്ടാക്കിയ സമ്മർദ്ദം കൊണ്ട് ഉരുൾ പൊട്ടുന്നതും മണ്ണിടിയുന്നതും നിയന്ത്രണാതീതമായി .

 

വയനാട്ടിൽ വൈത്തിരിയിലും മലപ്പുറത്ത് നിലമ്പൂരിലും കോഴിക്കോട് മുക്കത്തും ഇടുക്കിയിൽ മൂന്നാറിലും അടിമാലിയിലും തുടങ്ങി വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും സൂക്ഷ്മമായി പരിശോധിച്ചാൽ മുൻ സൂചിപ്പിച്ച കാരണങ്ങൾ  കണ്ടെത്താനാകും. ഫലപ്രദമായ ഒരു ദുരന്തനിവാരണ മാനേജ്മെന്റ് നമ്മുടെ കുറവു തന്നെയാണ്. കാലാവസ്ഥാ പഠന കേന്ദ്രവും ഭൗമ ശാസ്ത വിഭാഗവും യോജിച്ച് കാലാവസ്ഥാമാറ്റം വഴി ഉണ്ടാകാവുന്ന സംഭവ വികാസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവയെ പ്രതിരോധിക്കുക എന്നതാണ് ഡിസാസ്റ്റ്ർ മാനേജ്മെന്റ ഫലപ്രദമാക്കുന്നത് അർത്ഥമാക്കുന്നത്. ഒറീസ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം എത്ര ശക്തമാണ്? എത്ര ദിവസം നിലനിൽക്കും? എവിടെയാണ് കൂടുതൽ ആഘാതം വിതക്കുന്നത്? ഇതെല്ലാം മുൻകൂട്ടി അറിയാൻ കഴിയുകയും അതിനെ നേരിടാൻ കഴിയുന്ന മാനേജ്മെന്റ് ഉണ്ടാവേണ്ടതായിരുന്നു. എങ്കിൽ ഇടുക്കിയിലും പമ്പയിലും ഉയർന്നു പൊങ്ങിയ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു.സുനാമിയിലും ഓഖി ദുരന്തത്തിലും ഉണ്ടായ അനുഭവം വീണ്ടും ആവർത്തിക്കപ്പെട്ടു. ഇനിയും അത് താങ്ങാൻ കേരളത്തിന് ശേഷിയുണ്ടാവില്ല.

 

2011 ൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ മാധവ് ഗാഡ്ഗിൽ മുന്നോട്ടു വെച്ച  നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും  പാടേ അവഗണിച്ചത് കേരളത്തെ ഏറെ പിറകോട്ട് കൊണ്ടുപോയി .ഈ അവഗണനക്ക് നമ്മൾ നൽകിയത് കനത്ത വിലയാണ്. ഇപ്പോൾ പോലും ഡാമിനു വേണ്ടി വീണ്ടും വീണ്ടും വാദിക്കുന്നവർ, ആതിരപ്പളളിയിൽ ഡാം ഉണ്ടായിരുന്നെങ്കിൽ പ്രളയം തടയാമായിരുന്നു എന്നു പറയുന്നവർ നമെമ അത്ഭുതപ്പെടുത്തുന്നു. ഡാമുകൾ വലിയ പരിസ്ഥിതി ആഘാതത്തിനും കാലാവസ്ഥാ മാറ്റത്തിനും കാരണമാകുന്ന അനുഭവത്തിൽ വികസിത രാജ്യങ്ങൾ വൻകിട ഡാമുകൾ ഡീ കമ്മീഷൻ ചെയ്യുന്ന സമയത്താണ് നമ്മുടെ വിദഗ്ധരുടെ ബാലിശവാദങ്ങൾ! ആത്യന്തികമായി ഈ മഹാപ്രളയത്തിന് വൻകിട ഡാമുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.പരിസ്ഥിതിയെയും കാലാവസ്ഥയേയും വെല്ലുവിളിച്ച് വീണ്ടും വ്യാജ വികസന നിർമിതിക്ക്  കേരളം ഒരുങ്ങരുത്.

 

പുതിയ ഒരു കേരള നിർമിതി കാടും മലയും പുഴയും അവശേഷിക്കുന്നത് സംരക്ഷിച്ചു കൊണ്ടാവണം എന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആവശ്യപ്പെടുന്നു.

 

എസ്, ബാബുജി, ജനറൽ കൺവീനർ  പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment