അദാനിക്ക് വേണ്ടി പള്ളിക്കൽ പഞ്ചായത്തിലേക്ക് ക്വാറി മാഫിയ വീണ്ടുമെത്തുന്നു ; ജനങ്ങൾ പ്രതിഷേധത്തിൽ




കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ അനിയന്ത്രിതമായി തുടർന്ന പാറ ഖനനത്തിന്റെ ദുരിതം പേറിയവരാണ്   പള്ളിക്കൽ പഞ്ചായത്തിലെ ജനങ്ങൾ. ജനജീവിതം ദുസ്സഹമായതിനെ തുടർന്ന് ദീർഘമായ നിയമപോരാട്ടത്തിനൊടുവിലാണ് ക്വാറി മാഫിയയെ ഇവിടെ നിന്ന് കെട്ടു കെട്ടിച്ചത്. എന്നാൽ അദാനി കമ്പനിക്ക് വിഴിഞ്ഞം തുറമുഖം പണിയാൻ പാറ പൊട്ടിക്കാനെന്ന പേരിൽ പുതിയ ഖനന അനുമതി തേടി ക്വാറി മാഫിയ വീണ്ടും പള്ളിക്കലേക്ക് എത്തുമ്പോൾ ജനങ്ങൾ ആശങ്കയിലാണ്. പള്ളിക്കൽ പഞ്ചായത്തിൽ ഏഴോളം ക്വാറികൾ തുടങ്ങാനാണ് അനുമതി തേടിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് നാട്ടുകാർ  പറയുന്നു. എന്ത് വിലകൊടുത്തും ക്വാറികൾ വീണ്ടും തുറക്കുന്നത് തടയുമെന്നാണ് നാട്ടുകാരുടെ തീരുമാനം. 

പള്ളിക്കൽ പഞ്ചായത്തിലെ 12,13 വാർഡുകളിൽ പെട്ട കല്ലറക്കോണം, കുളക്കുടി മേഖലകളിലെ പാറകളിലാണ് ക്വാറി മാഫിയ കണ്ണ് വെച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി 10 ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇവിടെ ഖനനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. വൻതോതിൽ സർക്കാർ ഭൂമി കൂടി കയ്യേറി പൊട്ടിച്ച് മാറ്റിയ ക്വാറികൾ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടച്ചിട്ടിരിക്കുന്നത്. കുളക്കുടിയിൽ പഞ്ചായത്ത് റോഡിൽ നിന്ന് പത്ത് മീറ്റർ പോലും അകലത്തിൽ അല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയും തുറക്കാൻ ഒരുങ്ങുകയാണ്. ഖനന മേഖല എന്ന് പുതിയ ബോർഡുകൾ വെച്ച് ആളുകൾക്ക്  പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ഇവിടെ. അടഞ്ഞു കിടക്കുന്ന ക്വാറിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ഗ്രീൻ റിപ്പോർട്ടർ വാർത്താ സംഘത്തെ ക്വാറി ഉടമകൾ കാവലേൽപ്പിച്ചിരിക്കുന്ന സംഘം തടയുകയും ചെയ്തു. 

 

 

കൊല്ലം പോർട്ടിന്റെ ആവശ്യത്തിനായി എന്ന പേരിൽ കായിക്കര കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയ 50 ഏക്കറിൽ പ്രവർത്തിക്കുന്ന ക്വാറിയാണ് കല്ലറക്കോണം പ്രദേശത്ത് ഉള്ളത്. 10 വർഷമായി ഇത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടഞ്ഞു കിടക്കുകയാണ്. കൊല്ലം ജില്ലയിലെ വെളിയം പ്രദേശത്ത് നിന്ന് പാറ കൊണ്ട് പോകാനുള്ള പാസ് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിൽ നിന്ന് പാറ കടത്തിയ ഈ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ക്വാറികൾക്ക് അതിവേഗം ലൈസൻസ് ലഭിക്കുന്നു എന്ന അവസരം മുതലെടുത്ത് ഖനനം വീണ്ടും തുടങ്ങാനാണ് ഇവർ ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ സുദേവൻ പറയുന്നു. മുള്ളൻപന്നി,മയിൽ, കുരങ്ങ്, കാട്ടുപൂച്ച, വെരുക്, കാട്ടുപന്നി എന്നിവയുടെ ആവാസകേന്ദ്രം കൂടിയായ ഈ മല പൊട്ടിച്ച് മാറ്റാൻ അനുവദിക്കാനാവില്ലെന്നും സുദേവൻ വ്യക്തമാക്കി. 

 

 

പത്ത് വർഷങ്ങൾക്ക് മുൻപ് കായിക്കര കമ്പനിയുടെ ക്വാറിയിൽ പ്രവർത്തനം നടന്നു കൊണ്ടിരുന്നപ്പോൾ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വലിയ ശബ്ദത്തോടെ സ്ഫോടനം നടക്കുമ്പോൾ ഭൂമി കുലുങ്ങുന്നത് പോലെയായിരുന്നു പ്രദേശത്ത്. ഒരുപാട് വീടുകൾ തകർന്നു പോയിട്ടുണ്ട്. നിരവധി കുടുംബങ്ങൾക്ക് ഇവിടെ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു. ആദ്യം വീടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്നൊക്കെ പറഞ്ഞ് ഒത്തുതീർപ്പുകൾ ഉണ്ടാക്കിയെങ്കിലും പിന്നീട് ക്വാറി മാഫിയയുടെ ഗുണ്ടാ വിളയാട്ടമായി മാറി. അടുത്ത് താമസിക്കുന്ന ഞങ്ങളൊക്കെ സൈറൺ കേൾക്കുമ്പോൾ കുഞ്ഞുങ്ങളെയും എടുത്തു കിലോമീറ്റർ ദൂരെ പോയി നിൽക്കണം. ആ സൈറൺ തീരുമ്പോൾ മാത്രമേ തിരിച്ച് വരാൻ കഴിയൂ. ദിവസം രണ്ടു തവണ ഇങ്ങനെ ഓടണം. ഇതൊരു ദുരിതമായി മാറി. നാട്ടുകാർ നിരവധി പരാതികൾ കൊടുത്തും നിയമപോരാട്ടം നടത്തിയുമാണ് ആ ക്വാറി അടച്ച് പൂട്ടിയത്. ഇപ്പോൾ വീണ്ടും പാറ പൊട്ടിക്കാൻ വേണ്ടി വന്നിരിക്കുകയാണ്. ജീവൻ പോയാലും ഇത് തുറക്കാൻ അനുവദിക്കില്ല. ഒരു നിവൃത്തിയും ഇല്ലെങ്കിൽ ഞങ്ങൾ കൂട്ടത്തോടെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കും. സമരസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ പറയുന്നു. 

 

ശശീന്ദ്രൻ പിള്ള എന്നയാളുടെ പേരിൽ ജില്ലാ പാരിസ്ഥിതിക ആഘാത നിർണ്ണയ അതോറിറ്റി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുളക്കുടിയിൽ ജനവാസ കേന്ദ്രത്തിൽ ക്വാറി വീണ്ടും തുടങ്ങുന്നത്. 2015  വരെ ഇവിടെ പ്രവർത്തിച്ചിരുന്ന ക്വാറി എല്ലാ അനുമതികളും ലംഘിച്ച് റോഡിൽ നിന്നും വീടുകളിൽ നിന്നും 30 മീറ്റർ ദൂരം പോലും പാലിക്കാതെയാണ് ഖനനം നടത്തിയിരുന്നതെന്ന് സമീപവാസിയായ മനു പറയുന്നു. 2015 ൽ മനുവിന്റെ വീട്ടിലേക്ക് പാറ തെറിച്ച് വീണെങ്കിലും അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്. ഇത് വഴി കടന്നു പോകുന്ന റോഡ് വൈകുന്നേരം നാല് മണിയാകുമ്പോഴേക്കും രണ്ടു വശവും അടച്ചിട്ട ശേഷമായിരുന്നു ഖനന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും മനു പറയുന്നു. വിജിലൻസ്, റവന്യൂ, പോലീസ് അധികാരികൾക്ക് നിരവധി പരാതികൾ കൊടുത്തിരുന്നു. അനധികൃതമായി ഖനനം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്വാറി അടക്കുകയായിരുന്നുവെന്നും, ജനവാസ മേഖലയിൽ ക്വാറി വീണ്ടും തുടങ്ങാൻ അനുവദിക്കില്ലെന്നും മനു പറഞ്ഞു. 

 


കുളക്കുടിയിൽ ക്വാറിക്ക് സമീപമുള്ള കുടുംബത്തിന്റെ ഭൂമി തട്ടിയെടുത്തതായും പരാതി ഉയരുന്നുണ്ട്. ക്വാറിയോട് ചേർന്നിരിക്കുന്ന കുടുംബത്തിന്റെ ഭൂമി എഴുതി വാങ്ങിയ ശേഷം മറ്റൊരിടത്ത് ഭൂമി വാങ്ങി നൽകിയെങ്കിലും അത് കേസിൽ പെട്ട ഭൂമി ആയതിനാൽ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഈ കുടുംബം. കുളക്കുടിയിലെ ക്വാറിക്കെതിരായ സമരത്തിൽ ഇടപെടുന്ന പരിസ്ഥിതി പ്രവർത്തകൻ സുദേവന് നേരെ ക്വാറി ഉടമയുടെ വധഭീഷണി ഉണ്ടായതായും പരാതിയുണ്ട്. ക്വാറി ഉടമയായ ശശിധരൻ പിള്ളയുടെ രണ്ടു ജോലിക്കാർ തന്നെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി ക്വാറിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും ജനങ്ങൾ 600 പേർ ഒപ്പിട്ട പരാതി തനിക്ക് ഒറ്റക്ക് പിൻവലിക്കാൻ കഴിയില്ലെന്ന് അവരെ അറിയിച്ചെങ്കിലും പിന്നീട് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും സുദേവൻ പറയുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം 30 ന് പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സുദേവൻ പറയുന്നു. 

 


കല്ലറക്കോണത്ത് തന്നെ ക്രഷർ യൂണിറ്റ് തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ഒരു ക്രഷർ, ക്വാറി യൂണിറ്റും വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇവിടെ കൂടുതലും സർക്കാർ ഭൂമിയാണ്. ഈ ഭൂമിയിലെ പാറയാണ് അനധികൃതമായി പാറ മാഫിയ പൊട്ടിച്ച് കടത്തിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീണ്ടും പാറ പൊട്ടിക്കാൻ തുടങ്ങുന്നു എന്നറിഞ്ഞ ഇവിടുത്തെ നാട്ടുകാരും സമരരംഗത്താണ്. ഒരു കാരണവശാലും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. 

 

മുൻപ് പാറ പൊട്ടിച്ചപ്പോൾ മണ്ണ് കുഴച്ച് വെച്ച എന്റെ വീട് വിണ്ടുകീറി നശിച്ചു. ഇപ്പോൾ ഞാൻ പഞ്ചായത്തിൽ അപേക്ഷയൊക്കെ സമർപ്പിച്ച് ഒരു വീട് വെച്ചു. ഈ അഞ്ച് സെന്റ് മണ്ണാണ് എനിക്കുള്ളത്, ഇവിടെ ഇനിയും ജീവിക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ എങ്ങോട്ട് പോകണമെന്ന് സർക്കാർ തന്നെ പറയട്ടെ. സർക്കാരിന് ഈ ഭൂമി പാറക്കാർക്ക് കൊടുക്കാതെ ഭൂമിയില്ലാത്ത എത്രയോ പാവങ്ങളുണ്ട്, അവർക്ക് കൊടുത്തു കൂടെ? ഒരു കാരണവശാലും ഇവിടെ ക്വാറി വരാൻ സമ്മതിക്കില്ല. ക്വാറിക്ക് സമീപം താമസിക്കുന്ന സുശീല പറയുന്നു. ക്വാറി പ്രവർത്തനം നടന്ന സമയത്ത് കിലോമീറ്റർ ദൂരത്ത് വരെ പ്രകമ്പനം കൊള്ളുമായിരുന്നെന്നും കുട്ടികളെയും കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത വണ്ണം പാറ മഴ പോലെ പെയ്യുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ക്വാറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുഴുവൻ ഒപ്പിട്ട അപേക്ഷ പഞ്ചായത്തിന് സമർപ്പിച്ചിരിക്കുകയാണ്. 

 

പഞ്ചായത്തിൽ ശശിധരൻ പിള്ള എന്നയാളുടെ മൊണാർക്ക് ക്വാറി വീണ്ടും തുറക്കാനുള്ള അപേക്ഷ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, ബാക്കി അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അംഗമായ രേണുകാകുമാരി പറഞ്ഞു. നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു, അവരുടെ പരാതികൾ സ്വീകരിച്ച് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. ഒരു കാരണവശാലും പാറ പൊട്ടിക്കാൻ അനുവദിക്കേണ്ടതില്ല എന്ന് തന്നെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം എന്നും രേണുകാകുമാരി പറഞ്ഞു. 

 

അദാനി കമ്പനിക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആവശ്യമായ പാറ പൊട്ടിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കണമെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളിൽ എല്ലാ അനുമതികളും നൽകണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിലായി 11 ക്വാറികൾക്കാണ് കമ്പനി അനുമതി തേടിയിട്ടുള്ളത്. ഈ ജില്ലകളിലെ ക്വാറി ഉടമകൾ പദ്ധതിക്ക് പാറ നൽകുന്നില്ലെന്നും കൂടിയ വില ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രിയുടെ യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ക്വാറി ഉടമകളോട് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും പാറ ഏത് വിധേനയും ലഭ്യമാക്കണമെന്നുമായിരുന്നു യോഗതീരുമാനം. ഈ തീരുമാനത്തിന്റെ മറവിൽ കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നിയമലംഘനത്തിന്റെ പേരിൽ അടച്ച് പൂട്ടിക്കിടക്കുന്ന ക്വാറി ഉടമകൾ രംഗത്ത് വന്നിരിക്കുകയാണ്. 

 


അദാനി കമ്പനിക്ക് വിഴിഞ്ഞം തുറമുഖം നിർമ്മിക്കാനായി തെക്കൻ ജില്ലകളുടെ മലനിരകളെ അപ്പാടെ ഇല്ലാതാക്കാനാണ് സർക്കാർ കൂട്ട് നിൽക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പ്രളയം പള്ളിക്കൽ പഞ്ചായത്തിലെ ജനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മുൻപ് ഭൂകമ്പം ഉണ്ടായിട്ടുള്ള ഭൂകമ്പ സാധ്യതാ മേഖലയായ ഇവിടെ ഖനനം പുനഃരാരംഭിക്കുന്നത് തങ്ങളുടെ നാടിനെ ഒരു ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഇവർ ഭയക്കുന്നു. ജീവൻ കൊടുത്തിട്ടായാലും നാടിൻറെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കാൻ വരുന്ന മാഫിയകളെ തുരത്തിയോടിക്കും എന്ന് തന്നെയാണ് പള്ളിക്കലിലെ ജനങ്ങൾ പറയുന്നത്.

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment