പ്രളയകാലത്തെ ടിപ്പർ സ്തുതികൾ




പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ മറ്റു വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതിരുന്ന സമയത്ത് ടിപ്പർ ലോറികൾ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. തീർച്ചയായും മനുഷ്യരെ രക്ഷിക്കാൻ കഴിഞ്ഞത് അഭിന്ദനാർഹമായ കാര്യം തന്നെ. എന്നാൽ അതിന് ശേഷം ടിപ്പറിന് വീര പരിവേഷം നൽകുന്ന വാഴ്ത്തു പാട്ടുകൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുകയാണ്. "അന്തകനായ ടിപ്പർ രക്ഷകനായപ്പോള്‍" എന്ന തലക്കെട്ടിൽ മനോരമയുടെ ഓൺലൈൻ പോർട്ടലിലും ടിപ്പർ സ്തുതിയുമായി  ഒരു ലേഖനം വന്നു. രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ നിന്ന മൽസ്യത്തൊഴിലാളികളോടൊപ്പമാണ് ടിപ്പർ ലോറികളുടെ സ്ഥാനമെന്ന് വരെ ആ ലേഖനം പറഞ്ഞു വെക്കുന്നു. 

 

രക്ഷാപ്രവർത്തനത്തിൽ വഹിച്ച പങ്കിനെ അംഗീകരിക്കുമ്പോൾ തന്നെ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത്രകാലവും ഈ യന്ത്രഭീമന്മാർ വരുത്തിവെച്ച ആഘാതം പരിഗണിക്കാതെയുള്ള സ്തുതി പാടലുകൾ യാഥാർഥ്യത്തിന് നിരക്കുന്നതാവില്ല.ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള കേരളത്തിൽ ഏകദേശം ഒരു ലക്ഷത്തോളം ജെസിബികളും, പത്ത് ലക്ഷത്തോളം ടിപ്പറുകളും ഉള്ളതായാണ് പരിസ്ഥിതി പ്രവർത്തകർ പങ്കു വെക്കുന്ന വിവരം. ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം ജെസിബി - ടിപ്പറുകൾ ഒന്നിച്ച് പണിയെടുത്തതിന്റെ കൂടി അനന്തരഫലമാണ് ഈ പ്രളയകാലത്ത് നാം അനുഭവിക്കുന്നതെന്ന് ഈ ഘട്ടത്തിലെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഈ ടിപ്പർ വാഴ്‌ചയുടെ ഇരകൾ മലയോര ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടിപ്പർ ലോറികൾ അപഹരിച്ചത് 41 കുട്ടികളുടെ ജീവനാണെന്ന് കേരള പോലീസ് പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. 

 

പശ്ചിമഘട്ട മലനിരകളിലെ ഓരോ ഗ്രാമത്തിലും ക്വാറികൾ വിതയ്ക്കുന്ന ദുരന്തത്തിനൊപ്പം പ്രദേശവാസികൾ  ഒന്നാണ് കീറിമുറിച്ച മലനിരകളെ പള്ളയിലൊളിപ്പിച്ച് ചീറിപ്പായുന്ന ടിപ്പർ ലോറികൾ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ. ക്വാറികൾ നാശം വിതയ്ക്കുന്ന ഓരോ ഗ്രാമത്തിനും പാഞ്ഞുപോയ ടിപ്പറിനടിയിൽ പെട്ട്  ജീവൻ വെടിഞ്ഞവരെ കുറിച്ചുള്ള കഥകൾ പറയാനുണ്ട്. പശ്ചിമഘട്ട മലനിരകളെ അപ്പാടെ കോരിയെടുത്ത് കൊണ്ട് പോകുന്ന ഈ ടിപ്പർ ലോറികൾ കൂടി ചേർന്ന് സൃഷ്ടിച്ചതാണ് ഇവിടുത്തെ പാരിസ്ഥിതിക ദുരന്തങ്ങൾ. 

 

ക്വാറി എന്ന വ്യവസായ കേന്ദ്രത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഒരു വെറും ഗതാഗത സംവിധാനത്തിനപ്പുറത്താണ് ടിപ്പറുകളുടെ സ്ഥാനം. ടിപ്പർ എന്നാൽ വെറും വാഹനം മാത്രമല്ലെന്ന് ,ഒരു മാഫിയാ സംഘം മനസ്സുകളിൽ ഭയം വിതക്കാൻ ഉപയോഗിക്കുന്ന അധികാര ചിഹ്നം കൂടിയാണതെന്ന് ക്വാറികളുടെ പരിസരങ്ങളിൽ ജീവിക്കുന്നവരോടും   പരിസ്ഥിതി പ്രവർത്തകരോടും ചോദിച്ചാൽ മനസ്സിലാകും. കേരളത്തിൽ ക്വാറി ക്രഷർ മാഫിയക്കെതിരെ പരാതി പറയുകയും സമരം ചെയ്യുകയും ചെയ്യുന്ന ഓരോ സമരപ്രവർത്തകനും പിന്നിലൂടെ പാഞ്ഞെത്തുന്ന ഒരു ടിപ്പറിനെ ഓരോ നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. 

 

ഇപ്പോൾ കേരളം മനം നിറഞ്ഞ് അഭിനന്ദിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ തൊഴിലിനേയും അതിജീവനത്തേയും തകർക്കുന്ന നിരവധി പദ്ധതികളാണ് കേരള തീരത്ത് ഒരുങ്ങുന്നത്.  പശ്ചിമഘട്ട മലനിരകളിൽ നിന്ന് പൊട്ടിച്ച് മാറ്റി ടിപ്പറുകളിൽ കയറി തീരത്തെത്തുന്ന കുന്നുകളാണ് ഈ പദ്ധതികളുടെ ബാക്കി. കേരളത്തിന്റെ കിഴക്കൻ മലനിരകളിൽ നിന്ന് പൊട്ടിച്ച് മാറ്റുന്ന പാറയിൽ വലിയൊരു പങ്കും കടൽഭിത്തി എന്ന പേരിൽ വെള്ളത്തിൽ തള്ളപ്പെടുകയാണ്. ഇത് എത്രമാത്രം അശാസ്ത്രീയമാണെന്ന് മത്സ്യത്തൊഴിലാളി സമൂഹം തന്നെ ആശങ്കകൾ പങ്കു വെക്കുന്നുണ്ട്. 

 

തത്വദീക്ഷയില്ലാത്ത ഒരു ജെസിബി ടിപ്പർ യുഗത്തിന്റെ അനന്തരഫലം കൂടിയാണ് ഈ ദുരന്തമെന്ന് ഇപ്പോൾ മനുഷ്യർ തിരിച്ചറിയുന്നുണ്ട്. ആ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൻറെ  മറവിലുള്ള ഈ ടിപ്പർ സ്തുതികളുടെ ഉദ്ദേശം എന്തെന്നും ജനം തിരിച്ചറിയുക തന്നെ ചെയ്യും. എത്ര പ്രളയങ്ങൾ കൊണ്ട് ജ്ഞാനസ്നാനം ചെയ്താലും തീരാത്തത്ര തെറ്റുകളും കുറ്റകൃത്യങ്ങളുമാണ് അത് മനുഷ്യരോട്, കേരളത്തോട് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ഈ അവകാശവാദം അതിലെ ഏറ്റവും അവസാനത്തേതാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment