ആലപ്പാട്: വ്യവസായ മന്ത്രി വ്യവസായിയാകരുത്, നാടിന്റെ രക്ഷകനാകണം  




ആലപ്പാട് ജനിച്ചു വീണ കുഞ്ഞുങ്ങള്‍ക്ക് അവിടെ തന്നെ വളരുവാന്‍ അവകാശമുണ്ട്‌, അതിലും മേലല്ല കരിമണലിന്‍റെ വിലഎന്ന് സഖാവ്  VS ന്റെ വാക്കുകളെ ആദ്യമായി  മനസ്സിലാക്കുവാൻ കഴിയേണ്ടവർ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്ന പാർട്ടി നേതാക്കൾ ആയിരിക്കണ്ടേ?


മുക്കാല്‍ നൂറ്റാണ്ടായി കേരള രാഷ്ട്രീയത്തില്‍ ചെങ്കൊടി ഉയര്‍ത്തി പിടിക്കുന്ന  മുന്‍ മുഖ്യമന്ത്രിയും അറബിക്കടലിന്‍റെ  തീരവാസിയുമായ  പുന്നപ്ര-വയലാര്‍ സമര സഖാവിന് , ആലപ്പാട് മുതല്‍ മതികെട്ടാന്‍ മലനിരകളുടെ നില നില്‍പ്പിലും കേരള വികസനത്തെ പറ്റിയുമുള്ള ഉല്‍ക്കണ്oകള്‍ മൂന്നേകാൽ കോടി മലയാളികൾക്ക്  ഒരനുഗ്രഹമാണ്.


ഒന്നര മാസമായി ആലപ്പാട് നടക്കുന്ന നിരാഹാരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ച ഖനന വിരുദ്ധ  സമരങ്ങളുടെ  തുടര്‍ച്ചയാണ്. ഒരു നാടിന്‍റെ അടിത്തറ തോണ്ടിയുള്ള പദ്ധതിയോടുള്ള നാട്ടുകാരുടെ ആകുലതകള്‍ക്കൊപ്പം നില ഉറപ്പിക്കേണ്ട സംസ്ഥാന വ്യവസായ വകുപ്പ് ഒരിക്കല്‍ കൂടി ആകടമ മറന്നു പോയിരിക്കുന്നു. 


കടലും കരയും തമ്മിലുള്ള യുദ്ധത്തില്‍ കടല്‍ കരയെ വിഴുങ്ങി കൊണ്ടിരിക്കേ  കടല്‍ എടുത്ത പ്രദേശം മടങ്ങി വരില്ല എന്ന് ഏവര്‍ക്കും അറിയാം .സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനങ്ങൾ  തീരദേശത്തുണ്ടാക്കുന്ന  മുറിവുകള്‍ ആരാലും ഉണക്കുവാന്‍ കഴിയാത്തതാണ്.


20000 ഏക്കര്‍ നഷ്ടപെട്ട ഒരു ഗ്രാമം, അവശേഷിക്കുന്ന 650 ഹെകറ്റര്‍ ഭൂമി നില നിര്‍ത്തി ,ആലപ്പടിനെയും കരുനാഗപ്പള്ളി, കായംകുളം മുതല്‍ അപ്പര്‍ കുട്ടനാടിനെയും വരെ രക്ഷിക്കുവാനായി ഗാന്ധിയന്‍ സമര രീതികൾ പിൻതുടരുമ്പോൾ , മുഖ്യമന്ത്രി വിശേഷിപ്പിച്ച  രക്ഷാ സേനാംഗങ്ങൾ കൂടിയാണ് ആലപ്പാട്ടുകാർ എന്നു സർക്കാർ പ്രതിനിധികൾ മറക്കരുത് .


ഖനനം ശ്രിഷ്ടിക്കുന്ന ആഘാതങ്ങള്‍ ബഹുമുഖമാണ്. അതില്‍  sand washing പ്രക്രിയ വിഷയങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കടല്‍ ആക്രമണം വര്‍ദ്ധിച്ച് തീരങ്ങള്‍ നഷ്ടപെടുവാനുള്ള അടിസ്ഥാന കാരണം ഖനനം ആണെന്നിരിക്കെ, ഓരോ ദിവസത്തെ ഖനനവും ആലപ്പാടിന്‍റെ തീരങ്ങളെ തകര്‍ക്കുകയാണ്. കടല്‍ തീരങ്ങളില്‍ ഉണ്ടാകുന്ന അസ്വാഭാവിക ചലനങ്ങള്‍ മത്സ്യ പ്രജനനത്തേയും തീരങ്ങളില്‍ എത്തിയിരുന്ന കടലാമ, ഞണ്ടുകള്‍ മുതലായ രണ്ടു ഡസ്സന്‍ ജീവികളുടെ ആവാസ വ്യവസ്ഥയേയും ഇല്ലാതെയാക്കി. മിന്നാമിനുങ്ങുകള്‍ കൊണ്ട് പ്രസിദ്ധമായിരുന്ന ആലപ്പാട്ടിലെ  പുതിയ തലമുറക്ക് ഇന്നാ കാഴ്ചകള്‍ കഥകളില്‍ നിന്നും മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ.ഗ്രാമത്തിലെ മൂക്കുംമ്പുഴ, പനക്കാട്പാലം പാട ശേഖരങ്ങള്‍ കടല്‍ കൊണ്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മത്സ്യ ബന്ധനം കഴിഞ്ഞാല്‍ (യുറോപ്പിലേക്ക് കയര്‍ എത്തിച്ചിരുന്ന) പ്രധാന തൊഴിലവസരമായ    കയര്‍ പിരിക്കല്‍  ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.


ലോകത്തെ ഏറ്റവും വിലപിടിപ്പുള്ളതും വിരളവുമായ ധാതുക്കള്‍ അടങ്ങിയ ഭൂമിയുടെ  അടിത്തറ തകർത്തും അവയുടെ കാവലാളുകളെ അനാഥമാക്കിയും  നാട്ടിൽ വികസനമുണ്ടാകണം എന്നാഗ്രഹിക്കുന്ന ഭരണാധികാരികള്‍ കുറ്റകരമായ ജനാധിപത്യ ധ്വംസനത്തിനു കൂട്ടു നില്‍ക്കുകയാണ്.


കേരളം പ്രളയത്താല്‍ മുങ്ങി താണപ്പോള്‍ രക്ഷകരായി രംഗത്ത് വന്ന്‍ , മുക്കാല്‍ ലക്ഷം  ജീവനെ രക്ഷിച്ച രക്ഷകരുടെ ഗ്രാമത്തിന്‍റെ അടിവേരുകള്‍ തോണ്ടുന്ന പ്രവര്‍ത്തനം അവാനിപ്പിക്കുവാന്‍ വൈകിയ വേളയിലെങ്കിലും കേരളത്തിന്‍റെ മുഖ്യമന്ത്രി രംഗത്തുവരുമെന്ന് പ്രത്യാശിക്കുന്നു.


ആലപ്പാട്ടെ ജനിച്ചു വീണവര്‍ക്ക് അഭിമാനത്തോടെ ജീവിക്കുവാന്‍ ആവശ്യമായ മണ്ണും വെള്ളവും തീരവും പച്ചപ്പും ആവാസ വ്യവസ്ഥയിലംഗമായ  മറ്റു  ജീവി വർഗ്ഗക്കൾക്കു കൂടി  നിലനില്‍ക്കുവാന്‍ ഉതകും വിധം നാടിനെ സംരക്ഷിച്ചു നിർത്തുവാൻ നാട്ടുകാർക്കൊപ്പം  സര്‍ക്കാരിനു ബാധ്യതയുണ്ട്.


നീലേശ്വരം കാടുകളുടെ സംരക്ഷണത്തിനായി സമരങ്ങള്‍ നടത്തിയ മലബാറിലെ കിസ്സാന്‍ സഭാ നേതാക്കളായ കുഞാമ്പുവിന്‍റെയും കൂട്ടരുടേയും പിന്‍ഗാമികള്‍ നാട് ഭരിക്കുമ്പോള്‍ ഒരു ഗ്രാമത്തെ അനാഥമാക്കുന്ന തീരുമാനങ്ങള്‍ തിരുത്തുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുക.


കടല്‍ കവരുന്ന കേരള തീരത്തെ രക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് , നാടിനെ രക്ഷിക്കുവാന്‍ കഴിയുകയില്ല എന്ന  സാമാന്യ യുക്തിയിലേക്ക്  നമ്മുടെ ഭരണ കർത്താക്കൾ  എന്നാണ് എത്തിച്ചേരുക കൂട്ടരേ ?    

          .
Save Alappadu Stop Mining

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment