തുള്ളി തുള്ളി കലപില കൂട്ടും പൂത്താംകീരികൾ




പൂത്താംകീരി Whiteheaded Babblers

ഏതുസമയവും കലപില ശബ്ദം ഉണ്ടാക്കി കൂട്ടങ്ങളായി നിലത്തു തുള്ളി നടക്കുന്ന പൂത്താംകീരികൾ നമ്മുടെ നാട്ടിലെ പതിവുകാഴ്ചയാണ്. മാടത്തയോളം വലിപ്പമുള്ള ഈ പക്ഷിക്ക്  നേർത്ത തവിട്ടുനിറമാണ്. വാലിന്റെ അറ്റവും ചിറകുകളിലെ വലിയ തൂവലുകളും പുകപിടിച്ചതുപോലുള്ള തവിട്ടുനിറവും തലയുടെ മുകൾ ഭാഗം മങ്ങിയ വെള്ളനിറവും ആണ്.


ഏഴും എട്ടും അംഗങ്ങളടങ്ങിയ കൂട്ടങ്ങളായി നിലത്തു തുള്ളി നടന്നാണ് ഇവ ഇരതേടുന്നത്. ഈ കൂട്ടങ്ങൾ അടുത്ത രക്തബന്ധമുള്ള പൂത്താംകീരികൾ ചേർന്നുണ്ടാകുന്നതാണ്. ഈ കൂട്ടങ്ങൾ ഒരിക്കലും പിരിയാറില്ല. രണ്ടുമൂന്നു കൂട്ടങ്ങൾ ഒരേ സ്ഥലത്തുതന്നെ ഇര തേടുമ്പോൾ ഓരോ കൂട്ടവും മറ്റുള്ളവയെ വിട്ട് അകന്ന് നിൽക്കുകയും വെവ്വേറെ സംഘങ്ങളായി പറന്നു പോവുകയും ചെയ്യുന്നു. 


ഒരു സംഘത്തിലെ ഇണകളിൽ ഒന്നുമാത്രമേ ഒരേസമയം കൂടുകൂട്ടാറുള്ളു. നിലത്തുനിന്ന് അധികം ഉയരമില്ലാത്ത മരക്കൊമ്പുകളിൽ ചെറിയ വള്ളികൾ, ചുള്ളിക്കമ്പുകൾ, പുല്ലിന്റെ വേരുകൾ എന്നിവ ചേർത്തുണ്ടാക്കിയ കൂട്ടിലാണ് ഇവ മുട്ടയിടുന്നത്. പരന്ന കോപ്പ പോലുള്ള കൂടിനു വലിയ ഭംഗി ഇല്ലെങ്കിലും കരിനീല നിറമുള്ള മുട്ടകൾ ഏറെ മനോഹരമാണ്. 


ഈ കൂടുകൾ സംരക്ഷിക്കാനും കുഞ്ഞുങ്ങളെ തീറ്റ കൊടുത്ത് വളർത്താനും കൂട്ടത്തിലെ മറ്റംഗങ്ങൾ സദാ സന്നദ്ധരായി ഇവർക്കൊപ്പമുണ്ടാകും. എന്നാൽ, സദാ സന്നദ്ധരായി മറ്റു പൂത്താംകീരികൾ കൂടെയുണ്ടായിട്ടും പേക്കുയിൽ ഇവരുടെ കണ്ണ് വെട്ടിച്ച് ഇവരുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. 


പൂത്താംകീരികൾക്ക് നടക്കാനോ ഓടാനോ കഴിയുകയില്ല. അത്‌കൊണ്ട് തന്നെ രണ്ട് കാലുകൾ ഒരുമിച്ച് വെച്ച് പെട്ടെന്ന് പെട്ടെന്ന് ചാടിയാണ് മുന്നോട്ട് പോകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment