ചീങ്കണ്ണിപ്പാലി തടയണ പൊളിക്കൽ: പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ ഹർജി തള്ളി




കൊച്ചി: വിവാദ തടയണ പൊളിച്ച് മാറ്റുന്നതിനെതിരെ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദുരന്ത നിവാരണ നിയമപ്രകാരം തടയണ പൊളിച്ചു നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.


കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് അബ്ദുൽ ലത്തീഫിന്‍റെ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടറായിരുന്ന അമിത് മീണ 2017 ഡിസംബര്‍ എട്ടിനാണ് ഉത്തരവിട്ടത്. 


2015ലാണ് മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2,600 അടി ഉയരത്തില്‍ മലയിടിച്ച് പി.വി അന്‍വര്‍ തടയണ കെട്ടിയത്. തടയണ നിയമവിരുദ്ധമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകി.


2016ല്‍ മെയ് 19ന് നിലമ്പൂരില്‍ നിന്ന് സി.പി.എം സ്വതന്ത്ര എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വര്‍, എട്ടേക്കര്‍ സ്ഥലം നവംബർ 26ന് ഭാര്യാ പിതാവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ആർ.ഡി.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി നിർമ്മിച്ച തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടറായിരുന്ന അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടു. തുടർന്ന് തന്‍റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്ന് കാണിച്ച് ഭാര്യാപിതാവ് നൽകിയ ഹർജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍കാലികമായി സ്റ്റേ ചെയ്തു.


കോഴിക്കോട് കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി വിനോദ് ഹൈക്കോടതിയിലെ ഹർജിയിൽ കക്ഷിചേര്‍ന്നു. തുടർന്ന് രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന 2018 ജൂലൈ 10ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു.


ഹൈക്കോടതി ബെഞ്ചിന്‍റെ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ കോടതിയെ അറിയിച്ചതോടെ തടയണയിലെ വെള്ളം അടിയന്തരമായി തുറന്നുവിടാൻ 2019 എപ്രില്‍ 10ന് ഉത്തരവിറക്കി. എന്നാൽ, തടയണയുടെ സമീപത്തെ മണ്ണുനീക്കം ചെയ്യുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്തത്. ഇതേതുടർന്ന് ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്‍റെ ഭാര്യാപിതാവ് വീഴ്ചവരുത്തിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി 15 ദിവസത്തിനകം തടയണ പൊളിക്കാന്‍ കലക്ടറോട് ഉത്തരവിട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment