കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം




കേരളത്തിൽ വൻ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയെന്ന് പഠനം. കൊടുംചൂടും അപ്രതീക്ഷിത മഴയുമാണ് കേരളത്തെ കാത്തിരിക്കുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡല്‍ഹി സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന ഗവേഷകനുമായ ഡോ. ജെ.സുന്ദരേശന്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിൽ  മണ്‍സൂണ്‍ കാലത്ത് മഴ കുറയുകയും മണ്‍സൂണിന് മുന്‍പോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിതെന്നും പഠനം പറയുന്നു.


ലണ്ടന്‍ സര്‍വകലാശാലയിലെ ഡോ. ആന്‍ഡ്രിയ ഡെറി, കൊച്ചിന്‍ സര്‍വകലാശാലയിലെ ഡോ. ബി.ചക്രപാണി, നെതര്‍ലന്‍ഡ്‌സ് ഹാന്‍സ് സര്‍വകലാശാലയിലെ ഡോ. റോബ് ആര്‍., യു.കെ. സസക്‌സ് സര്‍വകലാശാലയിലെ ഡോ. മാക്‌സ് മാര്‍ട്ടിന്‍, ജപ്പാന്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസിലെ ഡോ. അബ്ദുള്ള ബാവ എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.


ഭാവിയില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതുമൂലം ഇപ്പോള്‍ കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളില്‍ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി, അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്കയും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.


1990നുശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വേനല്‍മഴയും കൂടിയിട്ടുണ്ട്. ഇതുമൂലം മണ്‍സൂണ്‍ കാലത്ത് മഴ കുറയുകയും മണ്‍സൂണിന് മുന്‍പോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിത്. കേരളത്തിലുണ്ടായ പ്രളയത്തിലേക്കു നയിച്ച പെരുമഴ ഇത്തരത്തിലുള്ളതാവാനുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment